UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കഴിഞ്ഞ ബജറ്റില്‍ നടപ്പിലാക്കാതെ പോയ ഹിമാലയന്‍ വാഗ്ദാനങ്ങള്‍ ‘കിഫ്ബി’യിലൂന്നി ഇത്തവണയും ആവര്‍ത്തിക്കുകയാണ്: രമേശ് ചെന്നിത്തല

മലര്‍പ്പൊടിക്കാരന്റെ മഹത്തായ സ്വപ്നം എന്നല്ലാതെ 2019 ബജറ്റ് പ്രഖ്യാപനത്തെ വിശേഷിപ്പിക്കാനാവില്ലെന്നും ചെന്നിത്തല

എന്തിനുമേതിനും കിഫ്ബിയെ ആശ്രയിക്കുകയാണ് ഇന്നത്തെ ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി തോമസ് ഐസക് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ധനമാനേജ്‌മെന്റിന്റെ വിശ്വാസ്യത തന്നെ ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ചെന്നിത്തലയുടെ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം താഴെ:

ബജറ്റിന്റെ പ്രസക്തിയെയും പ്രാധാന്യത്തെയും ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ ബജറ്റിന് പുറത്ത് ഒരു സമാന്തര സാങ്കല്‍പിക സാമ്പത്തിക സ്രോതസ്സ് വഴി ധനസമാഹരണവും ധനവിനിയോഗവും നടത്തുന്ന അപഹാസ്യമായ അഭ്യാസമാണ് ഇന്ന് ബജറ്റ് എന്നപേരില്‍ സംസ്ഥാന നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക്ക് നടത്തിയത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ധനമാനേജ്‌മെന്റിന്റെ വിശ്വാസ്യത തന്നെ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു എന്തിനുമേതിനും ‘കിഫ്ബി’യെ ആശ്രയിക്കുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്. കടുത്ത പ്രതിസന്ധി നേരിടുന്ന സംസ്ഥാന സമ്പദ്ഘടനയുടെ യഥാര്‍ത്ഥചിത്രം ചെപ്പടിവിദ്യകള്‍ കൊണ്ട് മറച്ചു വയ്ക്കാം എന്ന വ്യാമോഹത്തിലാണ് ഐസക്.

‘കിഫ്ബി’ എന്നതിലൂന്നിയാണ് ബജറ്റ് ആകെ. എത്ര അയാഥാര്‍ത്ഥവും അപ്രായോഗികവുമാണിതെന്ന് സാമ്പത്തിക വിദഗ്ദ്ധന്‍ കൂടിയായ തോമസ് ഐസക്കിന് അറിയാഞ്ഞിട്ടല്ല. സാമ്പത്തിക യാഥാര്‍ഥ്യങ്ങളേക്കാള്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളാണ് ഇങ്ങനെയൊരു പ്രഹസനത്തിന് അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ നടപ്പിലാക്കാതെ പോയ ഹിമാലയന്‍ വാഗ്ദാനങ്ങള്‍ ‘കിഫ്ബി’യിലൂന്നി അദ്ദേഹം ആവര്‍ത്തിക്കുകയാണ് ഈ ബജറ്റിലും. ഇതിന്റെ കണക്കുകള്‍ അദ്ദേഹം മനഃപ്പൂര്‍വം ബജറ്റ് പ്രസംഗത്തില്‍ മറച്ചുവയ്ക്കുന്നു. നാമമാത്രമായ തുകയാണ് കിഫ്ബി മുഖേന കഴിഞ്ഞ വര്‍ഷം സ്വരൂപിക്കാനായത്. കഴിഞ്ഞ ദിവസം നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ ധനമന്ത്രി തന്നെ സമ്മതിച്ചത് പ്രവാസി ചിട്ടി വഴി 3.3 കോടി രൂപ മാത്രമേ സമാഹരിക്കാന്‍ കഴിഞ്ഞുള്ളു എന്നും അതിനായുള്ള പരസ്യത്തിന് 5 കോടി രൂപയിലേറെ ചെലവാക്കിയെന്നുമാണ്.

എന്തൊക്കെ പദ്ധതികള്‍ക്ക് എത്ര തുക ചെലവിട്ടു എന്നും അദ്ദേഹം പറയുന്നില്ല. കിഫ്ബി ഒരു മരീചികയാണ് എന്നത് വ്യക്തമായി കഴിഞ്ഞിട്ടും അതിന്റെ പേരില്‍ ജനങ്ങളുടെ കണ്ണില്‍ മണ്ണിടുകയാണ് ഐസക്ക്. നമ്മുടെ സമ്പദ്ഘടനയെ താങ്ങി നിര്‍ത്തിയിരുന്ന പ്രവാസി മലയാളി സ്രോതസ്സ് ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഭാരിച്ച ഉത്തരവാദിത്വവും സാമ്പത്തിക ബാധ്യതയുമാണ് അടുത്തകാലത്ത് സംസ്ഥാനം നേരിട്ട പ്രളയം സര്‍ക്കാരില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. അധിക വിഭവ സമാഹരണത്തിനുള്ള നിര്‍ദ്ദേശങ്ങളൊന്നും ബജറ്റില്‍ മുന്നോട്ടുവയ്ക്കുന്നില്ല. നികുതിയേതര വരുമാനത്തിലൂടെ വിഭവ സമാഹരണത്തിന് ശ്രമിക്കുന്നതിന് പകരം സാധാരണക്കാരന്റെ നടുവൊടിക്കുന്ന നികുതി വര്‍ധനവാണ് ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഉള്ളതിനൊക്കെ ധനമന്ത്രി ചുമത്തിയിരിക്കുന്നത്.

ധനകമ്മിയും റവന്യൂ കമ്മിയും കുറച്ചു കൊണ്ടുവരുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. മലര്‍പ്പൊടിക്കാരന്റെ മഹത്തായ സ്വപ്നം എന്നല്ലാതെ 2019 ബജറ്റ് പ്രഖ്യാപനത്തെ വിശേഷിപ്പിക്കാനാവില്ലെന്നും ചെന്നിത്തലയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍