UPDATES

ന്യൂസ് അപ്ഡേറ്റ്സ്

21 കാരിയെ പീഡിപ്പിച്ചു; 70കാരന്‍ ആള്‍ദൈവം ഫലാഹാരി ബാബയ്‌ക്കെതിരേ കേസ്

അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയതോടെ സ്വാമി ആശുപത്രിയില്‍ ‘അഭയം’ തേടി

പുതിയൊരു ഉത്തരേന്ത്യന്‍ ആള്‍ദൈവ പീഡന കേസ് കൂടി. രാജസ്ഥാനിലെ ആള്‍വാറിലുള്ള ഫലാഹാരി ബാബ എന്ന സ്വാമി കൗശലേന്ദ്ര പ്രപന്നാചാര്യ ഫാഹാരി മഹാരാജ് എന്ന എഴുപതുകാരന്‍ ആള്‍ദൈവത്തിനെതിരേയാണ് പീഡന പരാതി. ചത്തീസ്ഗഡ് സ്വദേശിയായ 21 കാരിയാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. ഫലാഹാരി ബാബയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയതോടെ കടുത്ത രക്തസമ്മര്‍ദ്ദത്തിന്റെ കഥപറഞ്ഞ് ബാബ ആശുപത്രിയില്‍ പ്രവേശിച്ചു. എന്നാല്‍ ഫലാഹാരിയെ അറസ്റ്റ് ചെയ്യാന്‍ തന്നെയാണ് പൊലീസിന്റെ നീക്കം.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും ഫലാഹാരിക്കെതിരേ കേസ് കൊടുക്കാന്‍ പ്രേരണയായത് ബാബാ റാം റഹീം സിംഗ് ആണ്. റാം റഹീമിനെതിരേ സമാനരീതിയിലുള്ള പരാതി രണ്ടുപെണ്‍കുട്ടികള്‍ നല്‍കുകയും ദേര സച്ച സൗദ തലവന്‍ ജയിലില്‍ ആവുകയും ചെയ്തതോടെയാണ് തന്നെ പീഡിപ്പിച്ച ഫലാഹാരിക്കുമെതിരേ കേസ് നല്‍കാന്‍ പെണ്‍കുട്ടിക്ക് ധൈര്യം കിട്ടിയത്.

ഓഗസ്റ്റ് ഏഴിന് ഫലാഹാരിയുടെ ആള്‍വാറിലെ ആരവല്ലി വിഹാര്‍ സ്റ്റേഷനിലെ ദിവ്യധാം ആശ്രമത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കഴിഞ്ഞ 15 വര്‍ഷത്തോളമായി ഫലാഹാരിയുടെ അനുയായികളാണ്. നിയമവിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിക്ക് ഡല്‍ഹിയില്‍ ഇന്റേണ്‍ഷിപ്പ് സൗകര്യം ലഭിക്കുകയും ഇതില്‍ നിന്നുള്ള ആദ്യ പ്രതിഫലമായി മൂവായിരം രൂപ കിട്ടുകയും ചെയ്തു. ഈ പ്രതിഫല തുക സ്വാമിക്ക് ദക്ഷിണയായി നല്‍കാന്‍ പെണ്‍കുട്ടിയുടെ കുടുംബം തീരുമാനിക്കുകയും അതനുസരിച്ച് ഇവര്‍ ആശ്രമത്തില്‍ എത്തി. എന്നാല്‍ ഇവര്‍ വന്നദിവസം ഗ്രഹണമായതിനാല്‍ ഫലാഹാരി ആര്‍ക്കും ദര്‍ശനം നല്‍കില്ലായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തോട് അന്നേദിവസം ആശ്രമത്തില്‍ തങ്ങാന്‍ നിര്‍ദേശം നല്‍കി. അന്നേ ദിവസം രാത്രിയാണ് പെണ്‍കുട്ടിയെ സ്വാമി മുറിയിലേക്ക് വിളിച്ചു വരുത്തുകയും പീഡിപ്പിക്കുകയും ചെയ്ത്; പൊലീസ് പറയുന്ന കാര്യങ്ങളാണിത്.

പീഡിപ്പിച്ച കാര്യം പുറത്തു പറയരുതെന്നും താന്‍ മൂലമാണ് പെണ്‍കുട്ടിക്ക് ഇന്റേണ്‍ഷിപ്പ് ശരിയായതെന്നുമായിരുന്നു ഫലാഹാരി ഭീഷണിപ്പെടുത്തിയത്. ആദ്യമൊക്കെ വിവരം പുറത്തു പറയാന്‍ പെണ്‍കുട്ടിയുടെ കുടുംബം ഭയപ്പെട്ടെങ്കിലും റാം റഹീമിന്റെ ശിക്ഷവിധിയറിഞ്ഞതോടെ ധൈര്യം വന്നു. തുടര്‍ന്നു പെണ്‍കുട്ടിയും മാതാപിതാക്കളും ഛത്തീസ്ഗഡ് ഡിജിപിയെ കണ്ട് പരാതി നല്‍കി. ഡിജിപിയുടെ നിര്‍ദേശപ്രകാരം ബിലാസ്പൂര്‍ പൊലീസ് ഫലാഹാരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ പീഡനകേസ് വ്യാജമാണെന്നും സ്വാമിയേയും ആശ്രമത്തേയും ഇകഴ്ത്തിക്കാണിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ആശ്രമവക്താക്കള്‍ ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍