സി.ഒ.ടി നസീറിനടുത്തേയ്ക്ക് ആരേയും ബന്ധുക്കള്‍ പ്രവേശിപ്പിക്കാത്തതില്‍ അസ്വാഭാവികതയുണ്ടെന്നാണ് ആരോപണം
ആക്രമണത്തിനിരയായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിന്റെ ആരോഗ്യനില വളരെയധികം മെച്ചപ്പെട്ടതായി സുഹൃത്തുക്കള്‍. ശനിയാഴ്ച രാത്രി ഏഴരയോടെ തലശ്ശേരി കായ്യത്ത് റോഡില്‍ വച്ച് ആക്രമിക്കപ്പെട്ട നസീറിനെ, ശരീരമാസകലം വെട്ടേറ്റ പാടുകളുമായാണ് ആദ്യം മെഡിക്കല്‍ കോളേജിലും ശേഷം ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. കൈയ്ക്കും കാല്‍മുട്ടിനും അടിയന്തിര ശസ്ത്രക്രിയയും നടത്തിയിരുന്നു. ആക്രമണത്തിനു പിറകില്‍ ആരാണെന്ന് സൂചനകളൊന്നുമില്ലെങ്കിലും, മുന്‍ സി.പി.എം പ്രവര്‍ത്തകന്‍ കൂടിയായ സി.ഒ.ടി നസീറിനെ ആക്രമിച്ചത് സി.പി.എം പ്രവര്‍ത്തകരാണെന്ന ആരോപണം കോണ്‍ഗ്രസും ആര്‍.എം.പിയും ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ആരോപണം തെറ്റാണെന്നും സി.പി.എമ്മിന് വിഷയത്തില്‍ പങ്കില്ലെന്നും നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കണ്ട വടകര ലോക്സഭാ മണ്ഡലം സി.പി.എം സ്ഥാനാര്‍ത്ഥി പി.ജയരാജന്‍ പ്രതികരിച്ചിരുന്നു. ഇന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും നസീറിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു.
അതേസമയം, നസീറിനെ സന്ദര്‍ശിക്കാന്‍ മാധ്യമങ്ങളേയോ മറ്റുള്ളവരേയോ ബന്ധുക്കള്‍ അനുവദിക്കുന്നില്ല എന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അണുബാധ ഭയന്ന് സന്ദര്‍ശകരെ ആരെയും അനുവദിച്ചിരുന്നില്ലെങ്കിലും, നിലവില്‍ സി.ഒ.ടി നസീറിനടുത്തേയ്ക്ക് ആരേയും ബന്ധുക്കള്‍ പ്രവേശിപ്പിക്കാത്തതില്‍ അസ്വാഭാവികതയുണ്ടെന്നാണ് ആരോപണം. സി.പി.എം പ്രവര്‍ത്തകരാണ് നസീറിന്റെ കുടുംബാംഗങ്ങള്‍. സഹോദരന്‍ സി.ഒ.ടി ഷബീര്‍ ബ്രാഞ്ച് സെക്രട്ടറി കൂടെയാണ്. 2014 വരെ സി.പി.എം ലോക്കല്‍ കമ്മറ്റിയംഗവും 2015ല്‍ തലശ്ശേരി മുനിസിപ്പല്‍ കൗണ്‍സിലറുമായിരുന്ന സി.ഒ.ടി നസീര്‍, പിന്നീട് പല കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്നും അകന്നിരുന്നു. സി.പി.എം അംഗത്വം വിട്ടെങ്കിലും, മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന അഞ്ചുവര്‍ഷക്കാലം കൊണ്ട് വാര്‍ഡിലെ ആളുകള്‍ക്കിടയില്‍ ജനകീയനായി മാറിയിരുന്നു സി.ഒ.ടി നസീര്‍ എന്നാണ് സുഹൃത്തുക്കളുടെ ഭാഷ്യം. അഴിമതിയും മറ്റും ചോദ്യം ചെയ്യാന്‍ തുടങ്ങിയതില്‍പ്പിന്നെ നസീറിനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലടക്കം ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും, ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ ശേഷം പ്രചരണത്തിനിടെ രണ്ടു വട്ടമാണ് നസീറിന് നേരിട്ടുള്ള ആക്രമണം നേരിടേണ്ടി വന്നതെന്നും സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
സി.ഒ.ടി നസീറിന് തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ നേരിടേണ്ടിവന്ന ആക്രമണങ്ങളെക്കുറിച്ച് നസീറിന്റെ പ്രചരണ സംഘത്തിലെ അംഗവും, ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന ഭാരവാഹിയുമായിരുന്ന ഷൗക്കത്ത് അലി പറയുന്നതിങ്ങനെയാണ്. ‘മുന്‍ മുഖ്യമന്ത്രിക്കെതിരായ കല്ലേറു കേസില്‍ നസീറിനെ പ്രതിയാക്കിയതാണ്. കല്ലേറുണ്ടായ സംഭവം കഴിഞ്ഞ് കുറച്ചു സമയത്തിനു ശേഷമാണ് നസീര്‍ സ്ഥലത്തെത്തുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അന്ന് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് നസീറിന്റെ വീട്ടില്‍ രാത്രി കയറി റെയ്ഡ് നടത്തിയത്. സ്ട്രോക്ക് വന്ന് കിടപ്പിലായിരുന്ന നസീറിന്റെ അച്ഛന്‍ ഈ ആഘാതത്തിലൊക്കെയാണ് മരിക്കുന്നത്. അത്തരത്തിലുള്ള ഒരുപാടു വേട്ടയാടലുകളൊക്കെ സഹിക്കേണ്ടിവന്നിട്ടുണ്ട്. നസീര്‍ തന്നെ നടത്തിക്കൊണ്ടു പോന്നിരുന്ന കിവീസ് എന്ന ഗ്രൂപ്പിന്റെ നിര്‍ബന്ധത്തിലാണ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുന്നത്. പ്രചരണത്തിനിടെ പ്രസംഗിക്കാനും ആളുകളോട് സംസാരിക്കാനും എന്നോട് വരാമോ എന്നാവശ്യപ്പെടുകയായിരുന്നു. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ നിലകൊള്ളുന്നതിന് സി.ഒ.ടി നസീറിന് വടകരയില്‍ ധാര്‍മിക പിന്തുണ കൊടുത്ത ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെ അനുമതിയോടെയാണ് ഞാന്‍ പരസ്യപ്രചരണത്തില്‍ പങ്കാളിയാകുന്നത്.’
ടിപ്പര്‍ ലോറിയില്‍ സ്റ്റേജൊരുക്കി ഗായക സംഘത്തോടൊപ്പം വ്യത്യസ്തമായ തെരഞ്ഞെടുപ്പു പ്രചാരണരീതിയുമായി മണ്ഡലത്തിലങ്ങോളമിങ്ങോളം പരിപാടികള്‍ സംഘടിപ്പിച്ചിരുന്ന നസീറിനും സംഘത്തിനും മേപ്പയ്യൂരില്‍ വച്ച് രണ്ടു വട്ടമാണ് ആക്രമണം നേരിടേണ്ടിവന്നത്. പല വേദികളില്‍ നിന്നും പരിഹാസവും കളിയാക്കലുകളും നേരിടേണ്ടി വന്നെങ്കിലും കാര്യമാക്കിയില്ലെന്നും, മേപ്പയ്യൂരില്‍ വച്ച് പരിപാടി തടയാന്‍ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസുകാരുമുണ്ടായിരുന്നെന്ന് പ്രചരണസംഘത്തിലുണ്ടായിരുന്നവര്‍ ആരോപിക്കുന്നുണ്ട്. ടിപ്പര്‍ ഉപയോഗിക്കാന്‍ കലക്ടറുടെ അനുമതിയില്ലെന്നും മറ്റും ചൂണ്ടിക്കാട്ടി തങ്ങളെ തടഞ്ഞുവച്ചുവെന്നും പ്രസംഗങ്ങള്‍ അവസാനിപ്പിക്കേണ്ട അവസ്ഥയുണ്ടായെന്നും ഇവര്‍ പറയുന്നു. ‘പ്രസംഗം നിര്‍ത്തി അനൗണ്‍സ്മെന്റ് തുടങ്ങിയപ്പോള്‍, അതു പ്രകോപനപരമാണെന്നു പറഞ്ഞായി ബഹളം. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഒന്നു രണ്ടു ചെറുപ്പക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സി.ഒ.ടി ഓടിച്ചെല്ലുകയായിരുന്നു. അതിനിടെയാണ് മര്‍ദ്ദനമേറ്റത്. അതായിരുന്നു ആദ്യത്തെ ആക്രമണം. പ്രചരണത്തിനിടെ സ്ഥാനാര്‍ത്ഥിയടക്കമുള്ളവരെ പിടിച്ചുവച്ചു. അടുത്തതായി തലശ്ശേരിയില്‍ നടക്കേണ്ടിയിരുന്ന പരിപാടി പൊളിക്കുകയാണ് അവര്‍ ചെയ്തത്. പൊലീസും ഇവര്‍ക്ക് പിന്തുണയായിരുന്നു. അന്ന് രാത്രി മേപ്പയ്യൂരില്‍ നിന്നും ഞങ്ങളെത്തേടിയെത്തിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ നിര്‍ബന്ധം മൂലമാണ് അടുത്ത ദിവസം അവിടെത്തന്നെ വീണ്ടും പരിപാടി നടത്താന്‍ പോകുന്നത്. പ്രസംഗം തുടങ്ങിയപ്പോഴേക്കും രണ്ടു വശത്തും വണ്ടികള്‍ കൊണ്ടു നിര്‍ത്തി പാര്‍ട്ടിക്കാര്‍ അനൗണ്‍സ്മെന്റ് തുടങ്ങി. പ്രസംഗം ആര്‍ക്കും കേള്‍ക്കാനാകാത്ത അവസ്ഥ. ഞങ്ങളുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന പയ്യനെ ഫോട്ടോ എടുത്തു എന്നാരോപിച്ച് കയ്യേറ്റം ചെയ്തു. തലേന്നത്തെപ്പോലെ സി.ഒ.ടി ഓടിച്ചെന്നു. അന്ന് സി.ഒ.ടിയെ നെഞ്ചിനു താഴെയായി കൈകൊണ്ട് ഇടിച്ചു വീഴ്ത്തി. സി.ഒ.ടി അക്ഷരാര്‍ത്ഥത്തില്‍ വീണു പോയി. അന്നാണ് ഇത് വിചാരിച്ച വഴിയ്ക്കല്ല പോകുന്നത് എന്ന് ആദ്യമായി തോന്നിയത്. പിന്നീട് ബാലുശ്ശേരിയിലെ ചെങ്ങോട്ടുമല ക്വാറി വിഷയത്തില്‍ നടന്ന സമരവേദി സന്ദര്‍ശിക്കാന്‍ സി.ആര്‍ നീലകണ്ഠനൊപ്പം ഞാനും സി.ഒ.ടിയും കോട്ടൂര്‍ പഞ്ചായത്തില്‍ പോയിരുന്നു. അന്നും ചിലര്‍ എന്റെയടുത്തു വന്ന് സി.ഒ.ടി പ്രസംഗിക്കരുതെന്ന് ആവശ്യപ്പെട്ടു. സി.ഒ.ടി പ്രസംഗിച്ചാല്‍ രംഗം വഷളാകുമെന്നായിരുന്നു പറഞ്ഞത്. എല്ലായിടത്തും പാര്‍ട്ടിക്കാര്‍ സി.ഒ.ടി നസീറിനെ തിരിച്ചറിയുന്നുണ്ടെന്നും നോട്ടു ചെയ്യുന്നുണ്ടെന്നും മനസ്സിലായി. ചെങ്ങോട്ടുമല വിഷയത്തില്‍ ഇടപെടരുതെന്ന് തലശ്ശേരിയില്‍ നിന്നും സി.ഒ.ടിയ്ക്ക് വലിയ സമ്മര്‍ദ്ദവുമുണ്ടായിരുന്നു.’
ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലം നിലനില്‍ക്കുമ്പോഴാണ്, അണുബാധയുടെ ഭീഷണിയൊഴിഞ്ഞിട്ടും ബന്ധുക്കള്‍ സി.ഒ.ടി നസീറിനെ കാണാന്‍ മാധ്യമപ്രവര്‍ത്തകരെയും മറ്റു സന്ദര്‍ശകരേയും അനുവദിക്കുന്നില്ല എന്ന ആരോപണവുമുയരുന്നത്. ഒരു സ്ഥാനാര്‍ത്ഥിയ്ക്കെതിരെ പ്രചരണപരിപാടികള്‍ക്കിടെ ഇത്രയും അതിക്രമങ്ങളുണ്ടായിട്ടും, പരാതി സ്വീകരിക്കാനോ നടപടികളെടുക്കാനോ പൊലീസുദ്യോഗസ്ഥരും തയ്യാറായിട്ടില്ലെന്നതില്‍ നസീറിന്റെ സഹപ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ട്. സി.പി.എമ്മില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നുവെങ്കിലും പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകരുമായി നസീര്‍ നല്ല ബന്ധം സൂക്ഷിച്ചിരുന്നുവെന്ന് സുഹൃത്തുക്കളും പറയുന്നുണ്ട്. എസ്.എഫ്.ഐ പ്രവര്‍ത്തകനായി പൊതുജീവിതമാരംഭിച്ച നസീര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല ടീച്ചറുടെ ശിഷ്യനും ബിനീഷ് കോടിയേരിയുടെ സഹപാഠിയും കൂടിയാണ്. കിവീസ് എന്ന സംഘടന രൂപീകരിച്ച് നാട്ടില്‍ സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായി ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയുമായിരുന്നു.
read more:തിരുവനന്തപുരം നഗരമധ്യത്തില്‍ വന്‍ തീപിടിത്തം; വ്യാപാര സ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു