UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദര്‍ശ് കുംഭകോണം: അശോക് ചവാനെ വിചാരണ ചെയ്യാനുള്ള അനുമതി കോടതി റദ്ദാക്കി

രണ്ട് ദിവസത്തിനിടെ സിബിഐ നേരിടുന്ന രണ്ടാമത്തെ തിരിച്ചടിയാണ് ഇത്

ആദര്‍ശ് കുംഭകോണ കേസില്‍ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെ വിചാരണ ചെയ്യാന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. രണ്ട് ദിവസത്തിനിടെ സിബിഐ നേരിടുന്ന രണ്ടാമത്തെ തിരിച്ചടിയാണ് ഇത്. ഇന്നലെ 2 ജി സ്‌പെക്ട്രം അഴിമതിക്കേസ് തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടുവെന്ന് പ്രത്യേക കോടതി വിലയിരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കേസിലെ പ്രതികളെയെല്ലാം വെറുതെ വിടുകയും ചെയ്തു.

അപ്പാര്‍ട്ട്‌മെന്റുകള്‍ കൈമാറ്റം ചെയ്യാന്‍ ആദര്‍ശ് സൊസൈറ്റിയെ ചട്ടവിരുദ്ധമായി സഹായിച്ചുവെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 2010ല്‍ ചവാന്‍ മുഖ്യമന്ത്രി പദം രാജിവച്ചിരുന്നു. 1994നും 2004നും ഇടയില്‍ റവന്യു മന്ത്രിയായിരിക്കെ നടത്തിയ ക്രമക്കേടിന് പ്രത്യുപകാരമായി മൂന്ന് ഫ്‌ളാറ്റുകള്‍ ചവാന്റെ കുടുംബാഗങ്ങള്‍ നല്‍കിയെന്നും ആരോപണമുണ്ടായിരുന്നു. മുംബൈയിലെ ഏറ്റവും വിലയേറിയ പ്രദേശമായ കൊളാബയില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്കും സൈനികരുടെ വിധവകള്‍ക്കും നല്‍കാനാണ് ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി ആരംഭിച്ചത്.

മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവാണ് ചവാനെ വിചാരണ ചെയ്യാന്‍ സിബിഐയ്ക്ക് അനുമതി നല്‍കിയത്. ഇതിനെതിരെയാണ് ചവാന്‍ കോടതിയെ സമീപിച്ചത്. റാവുവിന്റെ മുന്‍ഗാമി ഈ ആവശ്യം നിരസിച്ചിരുന്നു. ഇതിന് മൂന്ന് വര്‍ഷത്തിന് ശേഷം 2015ലാണ് റാവു അനുമതി നല്‍കിയത്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് കോണ്‍ഗ്രസ് നിയമിച്ച ഗവര്‍ണര്‍ ചവാനെ സംരക്ഷിക്കുകയായിരുന്നുവെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആദര്‍ശ് കുംഭകോണത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രിമാരുടെ ഒരു കൗണ്‍സിലിന്റെ ഉപദേശ പ്രകാരമാണ് വിദ്യാസാഗര്‍ റാവു ചവാനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയത്.

നിലവില്‍ നന്ദേഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പ്രസിഡന്റുമാണ് ചവാന്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന അഴിമതിയുടെ ഉദാഹരണങ്ങളിലൊന്നായാണ് ആദര്‍ശ് കുംഭകോണം ശ്രദ്ധിക്കപ്പെട്ടത്. അടുത്തടുത്ത ദിവസങ്ങളില്‍ വന്‍കിട അഴിമതിക്കേസുകളില്‍ കോണ്‍ഗ്രസിന് കിട്ടുന്ന രണ്ടാമത്തെ ആശ്വാസമാണ് ഇത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍