UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെഎഎസിന്റെ മൂന്ന് രീതിയിലുള്ള നിയമനത്തിനും സംവരണം: ചട്ടങ്ങള്‍ ഭേദഗതി ചെയ്യും

മുന്നാക്കക്കാരുടെ സംവരണം എത്ര ശതമാനമാണെന്ന് ഇടതുമുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ(കെഎഎസ്) മൂന്ന് രീതിയിലുള്ള നിയമനത്തിനും സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് മന്ത്രി എകെ ബാലന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

നേരത്തെ നേരിട്ടുള്ള നിയമനത്തില്‍(ഒന്നാം ധാര) മാത്രമായിരുന്നു സംവരണം ഏര്‍പ്പെടുത്തിയിരുന്നത്. സര്‍ക്കാര്‍ സര്‍വീസിലുള്ളവരില്‍ തസ്തിക മാറ്റം വഴിയുള്ള നിയമനത്തിലും(രണ്ടാം ധാര) ഒന്നാം ഗസറ്റഡ് റാങ്കിലുള്ളവരുടെ തസ്തികമാറ്റം വഴിയുള്ള നിയമനത്തിലും(മൂന്നാം ധാര) സംവരണം ഏര്‍പ്പെടുത്തും. കെഎഎസില്‍ സംവരണത്തിന് അര്‍ഹതയുള്ളവരുടെ ക്വാട്ടയ്ക്ക് കുറവുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. രണ്ട്, മൂന്ന് ധാരകളില്‍ സംവരണം ഏര്‍പ്പെടുത്താന്‍ നിലവിലുള്ള ചട്ടത്തില്‍ അവ്യക്തതയുണ്ടെങ്കില്‍ അത് പരിഹരിക്കാനാണ് ഭേദഗതി നടപ്പാക്കുന്നത്. ഒന്നാം ധാരയിലെ സംവരണത്തിന് നിലവില്‍ ചട്ടം തയ്യാറാക്കിയിട്ടുണ്ട്. എന്തുവില കൊടുത്തും സംവരണം ഉറപ്പാക്കുമെന്നാണ് മന്ത്രി പറയുന്നത്.

അതേസമയം മുന്നാക്കക്കാരുടെ സംവരണം എത്ര ശതമാനമാണെന്ന് ഇടതുമുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. വരുമാന പരിധി എത്രയായിരിക്കണമെന്നും ഈ ചര്‍ച്ചയിലൂടെ തീരുമാനിക്കും. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് മാത്രമേ സംവരണം ലഭിക്കൂവെന്ന് ഉറപ്പാക്കും. പത്ത് ശതമാനം സംവരണമാണ് കേന്ദ്രത്തിന്റെ തീരുമാനം. മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്കായാണ് സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തുന്നത്. അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കില്ല. വരുമാന പരിധിയെക്കുറിച്ച് കേന്ദ്രനിയമത്തില്‍ വ്യക്തതയില്ലെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു. ഇതിനായി സര്‍വീസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാല്‍ മതിയാകും.

അതേസമയം നിലവില്‍ സംവരണത്തിന് അര്‍ഹതയുള്ള ഒഇസി വിഭാഗത്തില്‍ നിന്നുള്ളവരുടെ പട്ടികയില്‍ നിന്നും ആരെയും മാറ്റില്ല. ഇവര്‍ക്കുള്ള വിദ്യാഭ്യാസാനുകൂല്യവും റദ്ദാക്കില്ല. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഒബിസിയിലെ 30 സമുദായങ്ങളെ ഒഇസിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവര്‍ക്കുള്ള ആനുകൂല്യത്തില്‍ 159 രോടി രൂപ കുടിശ്ശികയായതായും മന്ത്രി അറിയിച്ചു. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ നിലവിലുള്ള 200 കോടി രൂപ കൂടി ചേര്‍ത്ത് 359 കോടിയായി. സാമ്പത്തിക ഞെരുക്കം കാരണമാണ് കുടിശിക വൈകിയതെന്നും മന്ത്രി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍