UPDATES

സംസ്ഥാനത്ത് ഇനിയും പാറ പൊട്ടിക്കാം; താല്‍ക്കാലിക ഖനന നിരോധനം പിന്‍വലിച്ച് ഉത്തരവിറങ്ങി

കവളപ്പാറയിലും പുത്തുമലയിലും കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുന്നതിനിടെയാണ് പാറഖനനത്തിനുള്ള നിരോധനം സര്‍ക്കാര്‍ പിന്‍വലിക്കുന്നത്

സംസ്ഥാനത്ത് പാറഖനനത്തിന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം പിന്‍വലിച്ചതോടെ വീണ്ടും യഥേഷ്ടം പാറപൊട്ടിക്കാനുള്ള അനുമതിയായി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനമാണ് പിന്‍വലിക്കുന്നത്. നിലവില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പുകളില്ലെന്നാണ് വിശദീകരണം. അതേസമയം പ്രാദേശികമായി കളക്ടര്‍മാര്‍ നിരോധനം ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ നിരോധനം തുടരും. ശാസ്ത്രീയമായ ഒരു പഠനവും നടത്താതെയാണ് നിരോധനം പിന്‍വലിച്ചിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

കവളപ്പാറയിലെയും പുത്തുമലയിലെയും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചലിനും പിന്നാലെയായിരുന്നു സംസ്ഥാനത്ത് പാറഖനനവും മണ്ണ് നീക്കലും നിരോധിച്ചത്. പശ്ചിമഘട്ടത്തിലെ പാറക്വാറികള്‍ ഉയര്‍ത്തുന്ന ഭീഷണി മാധവ് ഗാഡ്ഗിലടക്കമുള്ള വിദഗ്ധര്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തവണത്തെ ദുരന്തങ്ങളുടേയും കാരണങ്ങളിലൊന്നായി പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ഉന്നയിക്കുന്നത് ഖനനം തന്നെ. കവളപ്പാറയിലും പുത്തുമലയിലും കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുന്നതിനിടെയാണ് പാറഖനനത്തിനുള്ള നിരോധനം സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.

പലയിടത്തും അനധികൃതമായും നിയമവിധേയമായും പ്രവര്‍ത്തിക്കുന്ന പാറമടകള്‍ മണ്ണിന്റെ സ്വഭാവത്തെ ബാധിക്കുന്നതായി ശക്തമായ ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് ഒമ്പതിന് സംസ്ഥാന മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയത്. എന്നാല്‍ ഖനനം നിരോധിച്ച് 11 ദിവസത്തിനുള്ളില്‍ തന്നെ പിന്‍വലിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകള്‍ നിലവില്ലാത്ത സാഹചര്യത്തിലാണിതെന്നാണ് വിശദീകരണം. അതേസമയം പ്രാദേശികമായി കലക്ടര്‍മാര്‍ ഏര്‍പ്പെടുത്തുന്ന നിരോധനം തുടരുമെന്ന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് 750 ക്വാറികളാണ് അനുമതിയോടെ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കേരള ഫോറസ്റ്റ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ 5924 ക്വാറികള്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 129 ക്വാറികള്‍ക്കാണ് സംസ്ഥാനത്ത് അനുമതി കിട്ടിയത്. ഒരു വര്‍ഷം കൊണ്ട് മാത്രം സംസ്ഥാനത്ത് പൊട്ടിച്ചത് മൂന്ന് കോടി 53 ലക്ഷം ടണ്‍ പാറക്കല്ലുകളാണെന്നാണ് കണക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനം കൂടിയാണിത്.

ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങളെ കുറിച്ച് പഠിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി വിവിധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയും ശാസ്ത്രീയ ഇതുസംബന്ധിച്ച് പഠനത്തിനൊരുങ്ങുകയാണ്. ഇത്തരം പഠനങ്ങള്‍ ആരംഭിക്കുക പോലും ചെയ്യുന്നതിന് മുമ്പാണ് ഖനനത്തിനുള്ള പച്ചക്കൊടി.

also read:ഇനി വൈകിയാല്‍ കേരളം തകരും; സോയില്‍ പൈപ്പിങ് മണ്ണിടിച്ചില്‍ മാത്രമല്ല, കടുത്ത വരള്‍ച്ചയും സൃഷ്ടിക്കും; ഭീഷണി കൂടുതല്‍ വടക്കന്‍ ജില്ലകളിലെന്ന് ഭൌമ ശാസ്ത്രജ്ഞര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍