UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭര്‍ത്താവ് മരിച്ച് മാസങ്ങള്‍ക്കകം ഏതെങ്കിലും ഹിന്ദു സ്ത്രീ രാഷ്ട്രീയത്തിലിറങ്ങുമോ? നടി സുമലതയ്‌ക്കെതിരെ മന്ത്രി രേവണ്ണയുടെ പരാമര്‍ശം വിവാദത്തില്‍

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ തനിക്കെതിരെ ഇത്തരമൊരു പരാമര്‍ശമുണ്ടായതില്‍ ഏറെ വിഷമമുണ്ടെന്ന് സുമലത അറിയിച്ചു

നടിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയുമായ സുമലതയ്‌ക്കെതിരെ കര്‍ണാടക പിഡബ്ല്യൂഡി മന്ത്രി എച്ച് ഡി രേവണ്ണയുടെ വിവാദ പരാമര്‍ശം. ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയുടെ മകനും കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ സഹോദരനുമാണ് രേവണ്ണ. കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ മത്സരിക്കുമെന്ന സുമലത വ്യക്തമാക്കിയതിന് പിന്നാലെയാണ് രേവണ്ണ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.

ഭര്‍ത്താവ് മരിച്ച് മാസങ്ങള്‍ക്കകം ഭാര്യ രാഷ്ട്രീയത്തിലിറങ്ങുന്നത് ശരിയല്ലെന്നും സാധാരണ ഹിന്ദു സ്ത്രീകള്‍ കുറച്ചുകാലം വീട്ടില്‍ തന്നെ കഴിച്ചു കൂട്ടുകയാണ് പതിവെന്നുമാണ് രേവണ്ണ പറഞ്ഞത്. അതേസമയം അവര്‍ മത്സരിക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും പിന്നീട് രേവണ്ണ പറഞ്ഞു. 1980ന് ശേഷം മാണ്ഡ്യയില്‍ ഏറ്റവുമധിക കാലം എംപിയായിരുന്നത് അംബരീഷ് ആണ്. മാണ്ഡ്യയുടെ മകന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് തന്നെ. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് ഈ സീറ്റ് ജെഡിഎസിന് വിട്ടുനല്‍കി. ഇത്തവണയും അങ്ങനെ തന്നെ തുടരാനായിരുന്നു ധാരണ. എന്നാല്‍ സുമലതയുടെ വരവോടെ മാണ്ഡ്യയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുകയാണ്.

കോണ്‍ഗ്രസിലെ ജെഡിഎസ് വിരുദ്ധചേരി സുമലതയ്ക്ക് വേണ്ടി രംഗത്തെത്തി. സീറ്റ് പിടിച്ചെടുക്കാനുളള കോണ്‍ഗ്രസ് നീക്കങ്ങളെ എതിര്‍ക്കാനാണ് ജെഡിഎസ് തീരുമാനം. വിട്ടുവീഴ്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും വ്യക്തമാക്കിയിട്ടുണ്ട്.

സഖ്യത്തില്‍ ഭിന്നിപ്പുണ്ടാക്കാനുളള സാധ്യത മുന്നില്‍ കണ്ട് ബി ജെ പിയും അവസരം മുതലെടുക്കാനായി രംഗത്തുണ്ട്. സുമലത മത്സരിച്ചാല്‍ പിന്തുണക്കുമെന്ന് ബി ജെ പി നേതാവ് ആര്‍ അശോക് പറഞ്ഞു. ഇതോടെ മാണ്ഡ്യയും സുമലതയും ശ്രദ്ധാകേന്ദ്രമാവുകയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് സുമലതയുടെ തീരുമാനമെങ്കില്‍ മൈസൂരു മേഖലയില്‍ ദള്‍-കോണ്‍ഗ്രസ് പോര് കടുക്കുമെന്ന് ഉറപ്പാണ്. അംബരീഷിനൊപ്പം വര്‍ഷങ്ങളോളം നിന്ന മാണ്ഡ്യ തനിക്കൊപ്പം നില്‍ക്കുമെന്നും സുമലതയ്ക്ക് ഉറപ്പാണ്.

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ തനിക്കെതിരെ ഇത്തരമൊരു പരാമര്‍ശത്തില്‍ ഏറെ വിഷമമുണ്ടെന്ന് സുമലത അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍