UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ന്യൂനപക്ഷ വോട്ടുകള്‍ വിട്ടേക്കൂ, ഭൂരിപക്ഷ വോട്ടുകള്‍ ഏകീകരിക്കണം; ബിജെപിക്ക് നിര്‍ദ്ദേശവുമായി ആര്‍എസ്എസ് നേതൃയോഗം

ഹൈന്ദവ സമുദായ സംഘടനകളുടെ ഏകീകരണം നടക്കുമ്പോള്‍ അതൊരിക്കലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി മാറരുതെന്നും നിര്‍ദ്ദേശം

പ്രബല ഹൈന്ദവ സംഘടനകളായ എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും സഹകരിച്ച് മാത്രമേ ബിജെപിക്ക് മുന്നേറാനാകൂവെന്ന് ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം. കേരളത്തില്‍ ബിജെപി വളര്‍ച്ചയ്ക്ക് വേഗം കൂട്ടാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ആര്‍എസ്എസ് ദേശീയ നേതൃത്വം. കേരളത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ ബിജെപിക്ക് നേട്ടമുണ്ടാകൂവെന്നത് ശരിയല്ലെന്നും ഭൂരിപക്ഷങ്ങളിലെ എല്ലാ സമുദായ സംഘടനകളുടെയും വോട്ടുകള്‍ ഏകീകരിക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭഗവത് നിര്‍ദ്ദേശിച്ചു.

ആര്‍എസ്എസിന്റെ ദക്ഷിണേന്ത്യയിലെ പ്രധാന ഭാരവാഹികളും കേരളത്തിലെ ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആര്‍എസ്എസ് വിട്ടുകൊടുത്ത നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് മോഹന്‍ ഭഗവത് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. അതേസമയം ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാനും പാടില്ലെന്ന് നിര്‍ദ്ദേശമുണ്ട്. ഹൈന്ദവ സമുദായ സംഘടനകളുടെ ഏകീകരണം നടക്കുമ്പോള്‍ അതൊരിക്കലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി മാറരുത്. ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും മോഹന്‍ ഭഗവത് നിര്‍ദ്ദേശിച്ചതായാണ് വിവരം.

സമൂഹത്തില്‍ നയരൂപീകരണം നടത്താന്‍ കഴിയുന്ന പൗരപ്രമുഖരെ അവരുടെ വീടുകളില്‍ സന്ദര്‍ശിക്കാന്‍ ഭഗവത് കോഴിക്കോട്ടും പദ്ധതിയിട്ടിരുന്നെങ്കിലും അത് നടന്നില്ല. ഒരു പകല്‍ ഇതിനായാണ് മാറ്റിവച്ചിരുന്നതെങ്കിലും അത്തരം സന്ദര്‍ശനങ്ങളൊന്നുമുണ്ടായില്ല. അതേസമയം കോട്ടയത്ത് മോഹന്‍ ഭഗവത് ജസ്റ്റിസ് കെ ടി തോമസ്, പ്രൊഫ. ഒഎം മാത്യു എന്നിവരെ വീടുകളിലെത്തി സന്ദര്‍ശിച്ചിരുന്നു.

also read:സിസ്റ്റര്‍ ലൂസിക്കുവേണ്ടി ശബ്ദിക്കുന്നവര്‍ തീവ്രവാദികള്‍, ഫാ. വട്ടോളിയെ പുറത്താക്കുമെന്ന് വീണ്ടും ഭീഷണി, മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ ക്രൈസ്തവര്‍ക്കെതിരെ സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നെന്നും സീറോ മലബാര്‍സഭ സിനഡ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍