ഓപ്പണ്‍ വോട്ടില്ല, ഉളളത് കംപാനിയന്‍ വോട്ട്; മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഇരുവരും വോട്ട് ചെയ്തിരിക്കുന്നതെന്നാണ് ആരോപണം
കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍പ്പെട്ട കല്യാശേരിയിലെ ചെറുതാഴം പഞ്ചായത്തില്‍ കളളവോട്ട് നടന്നുവെന്ന വാര്‍ത്തകള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ആരോപണ വിധേയര്‍. ആരോപണം ഉന്നയിച്ച മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി കഴിഞ്ഞു. ഇവര്‍ക്കെതിരെ പൊലീസിലും പരാതി നല്‍കുമെന്ന് ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് പ്രഭാവതി അഴിമുഖത്തോട് പറഞ്ഞു.
തങ്ങള്‍ ചെയ്ത ഓപ്പണ്‍ വോട്ടിനെ കള്ള വോട്ടായി ചിത്രീകരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇതിന് പ്രചാരണം കൊടുക്കുന്ന മാധ്യമങ്ങള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എന്‍.പി സലീനയും മുന്‍ അംഗം സുമയ്യയും നേരത്തെ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയിലായിരുന്നു ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ കളള വോട്ട് ആരോപണം സിപിഎം നിഷേധിച്ചിരുന്നു.
ചെയ്തത് ഓപ്പണ്‍ വോട്ട് മാത്രമാണെന്നും വ്യാജ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് ഇവര്‍ പറഞ്ഞത്. പിലാത്തറ യുപി സ്‌കൂളിലെ പതിനേഴാം നമ്പര്‍ ബൂത്തിലാണ് താന്‍ വോട്ട് ചെയ്തതെന്നും തന്റെ പരിചയക്കാരിയായ നഫീസയെന്ന ഉമ്മ സഹായം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താന്‍ അവര്‍ക്ക് വേണ്ടി 19-ാം നമ്പര്‍ ബൂത്തില്‍ ഓപ്പണ്‍ ചെയ്തതെന്നും സലീന പറയുന്നു. നിയമപ്രകാരം ഒപ്പിട്ട ശേഷമാണ് താന്‍ വോട്ട് ചെയ്തതെന്നും ഇവര്‍ പറയുന്നു. കൂടാതെ ഇതിനുള്ള അപേക്ഷ താന്‍ ബൂത്തില്‍ പൂരിപ്പിച്ച് നല്‍കിയിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഒരു ജനപ്രതിനിധിയെന്ന നിലയില്‍ തന്നെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന രീതിയിലാണ് ചാനലുകള്‍ ഈ വാര്‍ത്ത നല്‍കുന്നതെന്നും ഇതിനെതിരെ തീര്‍ച്ചയായും നിയമനടപടി സ്വീകരിക്കുമെന്നും ഇവര്‍ പറയുന്നു. കൂടാതെ പുറത്തുവന്ന വീഡിയോയില്‍ സമയം രേഖപ്പെടുത്തിയിട്ടില്ലെന്നതില്‍ നിന്നും ഇത് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സിസിടിവി ദൃശ്യങ്ങളില്‍ സാധാരണഗതിയില്‍ സമയം രേഖപ്പെടുത്താറുണ്ട്. ഈ സമയം വ്യക്തമായാല്‍ മാത്രമാണ് നടന്നത് ഓപ്പണ്‍ വോട്ടാണോ കള്ള വോട്ടാണോയെന്ന് വ്യക്തമാകൂ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇത്തരം വോട്ടുകളുടെ ദൃശ്യങ്ങള്‍ ശേഖരിച്ച് കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തനിക്ക് ഭയമില്ലെന്നും ഇവര്‍ പറയുന്നു.
മുന്‍ പഞ്ചായത്തംഗം സുമയ്യ 24-ാം നമ്പര്‍ ബൂത്തിലെ വോട്ടറാണ്. 19-ാം നമ്പര്‍ ബൂത്തിലെ ഏജന്റുമാണ് ഇവര്‍. ഈ ബുത്തിലെ ശാന്ത എന്ന വോട്ടറുടെ ഓപ്പണ്‍ വോട്ടാണ് ഇവര്‍ ചെയ്തത്. താനും ഓപ്പണ്‍ വോട്ട് ചെയ്യേണ്ട ഫോം പൂരിപ്പിച്ച് നല്‍കുകയും രേഖാപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തതായി ഇവര്‍ അറിയിച്ചു. തന്റെ വോട്ട് കള്ളവോട്ടല്ലെന്ന് തെളിയിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടല്ല താന്‍ ഓപ്പണ്‍ വോട്ട് ചെയ്തതെന്നും വോട്ടര്‍ ആവശ്യപ്പെട്ടാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ശാന്തയെന്ന വോട്ടര്‍ക്ക് കാഴ്ച ശേഷി കുറവായതിനാലാണ് താന്‍ പകരം വോട്ട് ചെയ്തത്.
അതേസമയം ഓപ്പണ്‍ വോട്ടിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഇരുവരും വോട്ട് ചെയ്തിരിക്കുന്നതെന്നാണ് ആരോപണം. ഇന്ത്യയില്‍ ഓപ്പണ്‍ വോട്ട് എന്ന സംവിധാനമില്ല. എന്നാല്‍ തനിയെ വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഒരു സഹായി മുഖേന (കമ്പാനിയന്‍ വോട്ട്) വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാറുണ്ട്. ഇതിനെയാണ് ഓപ്പണ്‍ വോട്ട് എന്ന് വിളിക്കുന്നത്.
കാഴ്ചയില്ലാത്തതിനാല്‍ ചിഹ്നം തിരിച്ചറിയാനാകാത്തവര്‍ക്കും വോട്ടിംഗ് യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്താന്‍ സാധിക്കാത്തവര്‍ക്കും വോട്ടിംഗ് യന്ത്രമുള്ളിടത്ത് എത്താന്‍ പ്രയാസമുള്ളവര്‍ക്കും പോളിംഗ് ബൂത്തില്‍ സഹായം തേടാം. പതിനെട്ട് വയസ് പൂര്‍ത്തിയായവരെയാണ് സഹായിയായി അനുവദിക്കുക. ബട്ടണ്‍ അര്‍ത്താന്‍ സാധിക്കുന്ന വോട്ടറാണെങ്കില്‍, സഹായിക്ക് വോട്ടിംഗ് യന്ത്രത്തിനടുത്ത് വരെ ചെല്ലാം. വോട്ട് ചെയ്യേണ്ടത് യഥാര്‍ത്ഥ വോട്ടര്‍ തന്നെയാണ്. അതേസമയം എത്രമാത്രം സഹായം വേണമെന്ന് തീരുമാനിക്കേണ്ടത് പ്രിസൈഡിംഗ് ഓഫീസര്‍ ആണ്. വോട്ടര്‍ക്ക് വേണ്ടി സഹായി വോട്ട് രേഖപ്പെടുത്തിയാല്‍ ഈ വോട്ട് സംബന്ധിച്ച വിവരം രഹസ്യമായി സൂക്ഷിക്കാമെന്ന് സഹായി നിശ്ചിത ഫോമില്‍ എഴുതി നല്‍കേണ്ടതുണ്ട്.
ഒരാള്‍ക്ക് ഒരു വോട്ടെടുപ്പില്‍ ഒരുതവണ മാത്രമേ വോട്ടറുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. സഹായിയാണ് വോട്ട് രേഖപ്പെടുത്തുന്നതെങ്കില്‍ ആ വ്യക്തിയുടെ വലത്തേ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടത്. എത്രപേര്‍ പരസഹായത്തോടെ വോട്ട് രേഖപ്പെടുത്തിയെന്നതിന്റെ വിവരങ്ങള്‍ പ്രിസൈഡിംഗ് ഓഫീസര്‍ സൂക്ഷിക്കണം. തെരഞ്ഞെടുപ്പ് ജോലിയിലുള്ളവര്‍ക്ക് സഹായിയാകാന്‍ അനുവാദമില്ല.
അതേസമയം സലീനയുടെ ഇടതുകയ്യില്‍ തന്നെയാണ് ഓപ്പണ്‍ വോട്ടിന്റെ മഷിയും രേഖപ്പെടുത്തിയതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്. സുമയ്യയുടെ രണ്ട് കൈകളിലെയും ചൂണ്ടുവിരലുകളില്‍ മഷി അടയാളപ്പെടുത്തിയതിന്റെ ചിത്രമാണ് ദേശാഭിമാനി പുറത്തുവിട്ടതും. അതേസമയം നിലവില്‍ പുറത്തുവിട്ടിരിക്കുന്ന വീഡിയോ ഫൂട്ടേജ് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളിലേതാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. കണ്ണൂര്‍ മേഖലകളില്‍ മുമ്പും കള്ളവോട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴെല്ലാം വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളിലാണ് നടന്നിട്ടുള്ളത്. ഇതും ഇരുവരുടെയും വോട്ടുകള്‍ കള്ളവോട്ടാണെന്ന ആരോപണം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരണത്തിനായി പഞ്ചായത്ത് അംഗമായ എന്‍ പി സലീനയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.