എഎംഎംഎ ഒറ്റക്കെട്ടായാലും പല തുണ്ടമായാലും പൊതു സമൂഹത്തിനൊന്നുമില്ല. പക്ഷേ അവള്‍ക്കൊപ്പമെന്നു പറഞ്ഞാല്‍ അവള്‍ക്കൊപ്പം, അവളെ പിന്തുണക്കുന്നവര്‍ക്കൊപ്പം എന്നാണര്‍ഥം
താരസംഘടനയായ എഎംഎംഎ വിഷയത്തില്‍ സിപിഎമ്മിന്റെ പ്രതികരണത്തിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക കുറിപ്പില്‍ സംഘടനയെ പിളര്‍ക്കരുതെന്നും ഇടതു സംഘടനയില്‍ അംഗങ്ങളായ ജനപ്രതിനിധികള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്നതിനെതിരെയുമാണ് കുറിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ തൊഴിലിടത്തില്‍ സഹപ്രവര്‍ത്തകയ്ക്കുണ്ടായ നീതി നിഷേധത്തില്‍ കൂടെ നില്‍ക്കേണ്ടത് ആ സംഘടനയിലെ തൊഴിലാളി പാര്‍ട്ടിയുടെ പ്രതിനിധികളാണെന്ന് പറയുന്നത് ഗൂഢാലോചനയാണോയെന്ന് ചോദിക്കുകയാണ് എഴുത്തുകാരി ഡോ. എസ് ശാരദക്കുട്ടി.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
A. M. M. Aയെ പിളര്‍ക്കാന്‍ ശ്രമിച്ചതാരാണ്?
പാര്‍ട്ടിയുടെ ഔദ്യോഗിക കുറിപ്പില്‍ അങ്ങനെയൊരു പരാമര്‍ശം കണ്ടു.
ആരാണ് ഗൂഢാലോചനക്കാര്‍? ആ സ്ത്രീകള്‍ക്കു പിന്തുണയുമായി വന്ന പൊളിറ്റ് ബ്യൂറോ മെമ്പര്‍? വനിതാ കമ്മീഷന്‍ അധ്യക്ഷ? സെന്‍ട്രല്‍ കമ്മിറ്റി അംഗം? സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍മാര്‍? മന്ത്രിമാര്‍? മറ്റുത്തരവാദപ്പെട്ട പാര്‍ട്ടി മെമ്പര്‍മാര്‍? സി പി ഐ യുടെ സംസ്ഥാന സെക്രട്ടറി? രാജ്യസഭാംഗം ? ഇവരുള്‍പ്പെടെ, പുറത്തിറങ്ങിയ നടിമാരെ പിന്തുണച്ചവര്‍? ഇവരാണോ ഗൂഢാലോചനക്കാര്‍? ജനപ്രതിനിധികള്‍ മറുപടി പറയണമെന്നു തന്നെയാണവരെല്ലാം ആവശ്യപ്പെട്ടത്. അതാണോ ഗൂഢാലോചന?
പാര്‍ട്ടി സ.ഗുരുദാസനെ ഒഴിവാക്കി പകരം സീറ്റു കൊടുത്തു ജയിപ്പിച്ച MLAയാണ് മുകേഷ് . ഇപ്പോള്‍ പെരുമാറുന്നതു പോലെ വെറും ഹാസ്യനടന്‍ മാത്രമല്ല. അതുപോലെ ഗണേഷും ഇന്നസെന്റും. സഭകളില്‍ ഗൗരവപ്പെട്ടതാണ് തങ്ങളുടെ സ്ഥാനമെന്നറിയാതെ അവര്‍ സംഘടനാ മീറ്റിങ്ങില്‍ , ഊര്‍മ്മിള ഉണ്ണിയുടെ നിലവാരം പോലും കാണിക്കാതിരുന്നാല്‍ പ്രതികരിച്ചു പോകുന്നതാണോ ഗൂഢാലോചന? ഊര്‍മ്മിളാ ഉണ്ണി വെറുമൊരു ബലിയാടു മാത്രമാണെന്നാര്‍ക്കാണ് അറിയാത്തത്?
തൊഴിലിടത്തില്‍ സഹപ്രവര്‍ത്തകക്കുണ്ടായ നീതി നിഷേധത്തില്‍ കൂടെ നില്‍ക്കേണ്ടത് ആ സംഘടനയിലെ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ പ്രതിനിധികളാണെന്നു പറയുന്നതാണോ ഗൂഢാലോചന?
A. M. M. A ഒറ്റക്കെട്ടായാലും പല തുണ്ടമായാലും പൊതു സമൂഹത്തിനൊന്നുമില്ല. പക്ഷേ അവള്‍ക്കൊപ്പമെന്നു പറഞ്ഞാല്‍ അവള്‍ക്കൊപ്പം, അവളെ പിന്തുണക്കുന്നവര്‍ക്കൊപ്പം എന്നാണര്‍ഥം.
അല്ലാതെ w c cയുടെ തോളില്‍ തട്ടി വെല്‍ഡണ്‍ എന്നു പറയുകയും ഗൂഢാലോചന നടത്തി A. M. M. A യെ പിളര്‍ക്കരുതെന്നൊരു താക്കീതും.. നന്നായിരിക്കുന്നു.
ബഹിഷ്കരണങ്ങള്‍ തുടരുന്നു; ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന ബഷീര്‍ പുരസ്കാര ചടങ്ങ് വിവാദത്തില്‍