UPDATES

പൗരനെ തടയാനുള്ള അധികാരം ഭരണകൂടത്തിനില്ല; തരിഗാമിയെ സന്ദര്‍ശിക്കാന്‍ യെച്ചൂരിക്ക് അനുമതി

താരിഗാമിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മാത്രമാണ് യെച്ചൂരിക്ക് അനുമതിയുള്ളത്.

കാശ്മീരില്‍ അറസ്റ്റിലായ സിപിഎം നേതാവും പിരിച്ചുവിടപ്പെട്ട നിയമസഭയിലെ എംഎല്‍എയുമായിരുന്ന മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് അനുമതി. സുപ്രിംകോടതിയാണ് യെച്ചൂരിക്ക് ഇതിനുള്ള അനുമതി നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് സുപ്രിം കോടതി അനുമതി നല്‍കിയത്. തരിഗാമിയെ കാശ്മീരിലെത്തി സന്ദര്‍ശിക്കാനാണ് അനുമതി. അതേസമയം ഇതൊരു രാഷ്ട്രീയ സന്ദര്‍ശനമാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തരിഗാമിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മാത്രമാണ് യെച്ചൂരിക്ക് അനുമതിയുള്ളത്. നേരത്തെ തരിഗാമിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. യൂസഫ് തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സുപ്രീം കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ഇന്നത്തെ വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ് എ ബോബ്ദെ, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എല്ലാ പൗരന്മാര്‍ക്കും ജമ്മു കാശ്മീരില്‍ പ്രവേശനം അനുവദിക്കണമെന്നും ബഞ്ച് പറഞ്ഞു.

ഒരു പൗരന് എവിടെ വേണമെങ്കിലും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അത് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. എന്തിനാണ് യെച്ചൂരിയെ തടഞ്ഞതെന്നും കോടതി ചോദിച്ചു. ഒരു സഹപ്രവര്‍ത്തകനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് അധികാരമുണ്ട്. അതേസമയം യെച്ചൂരിക്ക് സന്ദര്‍ശനം അനുവദിക്കുന്നത് രാഷ്ട്രീയ അസ്വസ്ഥതകള്‍ക്ക് കാരണമാകുമെന്നാണ് സോളിസിറ്റര്‍ ജനറല്‍ വാദിച്ചത്. ഇതിനെ തുടര്‍ന്നാണ് സന്ദര്‍ശനം യാതൊരു വിധത്തിലും രാഷ്ട്രീയപരമാകരുതെന്ന് കോടതി ആവശ്യപ്പെട്ടത്. താരിഗാമി തന്നെ നാലിന് ഫോണില്‍ വിളിച്ചെന്നും അതിന് ശേഷം യാതൊരു വിധത്തിലും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നുമാണ് യെച്ചൂരിയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. തരിഗാമിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് യാതൊരു വിശദീകരണവും കാശ്മീര്‍ ഭരണകൂടമോ പോലീസോ നല്‍കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നാല് വട്ടം കുല്‍ഗാമില്‍ നിന്നും സിപിഎമ്മിനെ പ്രതിനിധീകരിച്ച് എംഎല്‍എയായ വ്യക്തിയാണ് കേന്ദ്രകമ്മിറ്റി അംഗം കൂടിയായ താരിഗാമി. കാശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്നാലെ ഓഗസ്റ്റ് അഞ്ചിനാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. യെച്ചൂരിയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനാണ് ഹാജരായത്. 72കാരനായ തരിഗാമിയുടെ ആരോഗ്യസ്ഥിതിയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ഓഗസ്റ്റ് ഒമ്പതിന് തരിഗാമിയെ കാണാന്‍ യെച്ചൂരി ശ്രീനഗറിലെത്തിയെങ്കിലും വിമാനത്താവളത്തില്‍ വച്ച് തടയപ്പെട്ടിരുന്നു. തരിഗാമിയെ സന്ദര്‍ശിക്കാനുള്ള തീരുമാനം ജമ്മു കാശ്മീര്‍ ഗവര്‍ണറെ മുന്‍കൂട്ടി അറിയിച്ചാണ് എത്തിയതെങ്കിലും ക്രമസമാധാന പ്രശ്‌നം പറഞ്ഞ് യെച്ചൂരിയെ തടയുകയായിരുന്നു. തരിഗാമിയുടെ അറസ്റ്റ് ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യനുമുള്ള മൗലിക അവകാശം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണെന്ന് യെച്ചൂരിയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ ജമ്മു സര്‍വകലാശാലയിലെ നിയമവിദ്യാര്‍ത്ഥിയായിരുന്ന മുഹമ്മദ് അലീം സയിദിന് തന്റെ മാതാപിതാക്കളെ കാണാന്‍ ആനന്ദ്‌നാഗിലേക്ക് യാത്രചെയ്യാനുള്ള അനുമതിയും കോടതി നല്‍കി. ഡല്‍ഹിയില്‍ ഒരു അഭിഭാഷകന്റെ കീഴില്‍ പ്രാക്ടീസ് ചെയ്യുകയാണ് സയിദ്. ഓഗസ്റ്റ് അഞ്ചിന് ശേഷം മാതാപിതാക്കളെക്കുറിച്ചും സഹോദരനെക്കുറിച്ചും യാതൊരു വിവരവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ ഹര്‍ജി നല്‍കിയത്. ആനന്ദ്‌നാഗ് ഡെപ്യൂട്ടി കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടും പ്രയോജനമൊന്നുമുണ്ടായില്ലെന്ന് ഇയാളുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മാതാപിതാക്കള്‍ അറസ്റ്റിലായതായി സംശയിക്കുന്നുണ്ടെന്നും ഇയാള്‍ പറയുന്നു.

also read:കാശ്മീരിൽ ആർട്ടിക്കിൾ 370 നീക്കം ചെയ്ത നടപടി ഭരണഘടനാ ബഞ്ചിന്; ഒക്ടോബറിൽ വാദം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍