UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗാന്ധിവധത്തില്‍ പുനരന്വേഷണം; സുപ്രിം കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു

വി ഡി സവര്‍ക്കറുടെ അനുയായി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രിം കോടതി ഗാന്ധിവധത്തില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു. ഹര്‍ജിയിലെ വാദം കേട്ട ജസ്റ്റീസ് എസ് എ ബോഡ്‌ബെ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങുന്ന ബെഞ്ച് ഈ കാര്യത്തില്‍ കോടതിയെ സഹായിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറലുമായ അമരേന്ദര്‍ ശരണിനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു.

പതിനഞ്ചു മിനിട്ടോളം നീണ്ട വാദത്തിനൊടുവില്‍ കോടതി പ്രാഥമിക നിരീക്ഷമായി വ്യക്തമാക്കിയത് നിയമത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ്. കേസില്‍ വര്‍ഷങ്ങള്‍ക്കു മുന്നേ തീരുമാനം ആയതാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ 30 ലേക്ക് മാറ്റിയ കോടതി അമിക്കസ് ക്യൂറിയോട് വിഷയത്തില്‍ ഒരു വിലയിരുത്തല്‍ നടതത്തുന്നതിന്് തങ്ങളുടെ നിരീക്ഷണം ബാധകമല്ലെന്നു വ്യക്തമാക്കുകയും ചെയ്തു.

വി ഡി സവര്‍ക്കറുടെ ആശയങ്ങള്‍ പിന്തുടരുന്ന അഭിനവ് ഭാരത് എന്ന സംഘടനയുടെ നേതാവ് ഡോ. പങ്കജ് ഫഡ്‌നാസ് ആണ് ഗാന്ധി വധത്തില്‍ പുനരന്വേഷണം വേണമെന്ന് അവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

ഗാന്ധി വധത്തിനു പിന്നിലെ യഥാര്‍ത്ഥ ഗൂഢാലോചന ഇതുവരെയും പുറത്തുവന്നിട്ടില്ലെന്നാണ് ഫഡ്‌നിസ് പറയുന്നത്. 1966 ല്‍ രൂപീകരിച്ച ജ. ജെ എല്‍ കപൂര്‍ കമ്മിഷനോ കോടതികള്‍ക്കോ ഈ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്നും ഫഡനിസ് പറയുന്നു. ഗാന്ധി വധത്തിനു പിന്നിലെ ദുരൂഹതകളിലേക്ക് വിരല്‍ ചൂണ്ടാവുന്ന ഒരു രഹസ്യരേഖ തന്റെ കൈവശം കിട്ടിയിട്ടുണ്ടെന്നാണ് ഫഡ്‌നിസ് അവകാശപ്പെടുന്നത്. അമേരിക്കയില്‍ നിന്നും സംഘടിപ്പിച്ച പഴയൊരു ടെലിഗ്രാം സന്ദേശമാണത്. ഗാന്ധി വധിക്കപ്പെടുന്ന ദിവസം ഡല്‍ഹിയിലെ യു എസ് എംബസിയില്‍ നിന്നും വാഷിംഗ്ടണിലേക്ക് ഈ വിവരം പറഞ്ഞ് റിപ്പോര്‍ട്ടുകള്‍ പോയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളില്‍ ചിലത് ഇന്നും അമേരിക്ക രഹസ്യരേകളുടെ പട്ടികയിലാണ് വച്ചിരിക്കുന്നത്. ഗാന്ധിജി വെടിയേറ്റു വീഴുന്ന സ്ഥലത്ത് അധികം അകലെയല്ലാതെയായി ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ നില്‍പ്പുണ്ടായിരുന്നു. യു എസ് ഡിസ്‌ബേഴ്‌സിംഗ് ഓഫിസറായ ഹെര്‍ബര്‍ട്ട് ടോം റെയ്‌നറായിരുന്നു അത്. ഗാന്ധിയുടെ കൊലപാതകിയെ പിടികൂടാന്‍ താനും ഉണ്ടായിരുന്നുവെന്ന് റെയ്‌നര്‍ വാഷിംഗ്ടണിലേക്ക് അയച്ച ടെലിഗ്രാഫില്‍ പറയുന്നുണ്ട്. അന്നേ ദിവസം തന്നെ റെയനര്‍ അയച്ച മൂന്നാമത്തെ ടെലിഗ്രാഫില്‍ ഗാന്ധിവധവുമായി ബന്ധപ്പെട്ട ഏതോ രഹസ്യമുണ്ട്. ഈ ടെലിഗ്രാം സന്ദേശം അമേരിക്ക ഇപ്പോഴും രഹസ്യവിവരങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു കിട്ടിയാല്‍ ഗാന്ധിവധത്തിനു പിന്നിലെ യഥാര്‍ത്ഥ വസ്തുത പുറത്തു വരും എന്നാണ് ഫഡ്‌നിസ് പറയുന്നത്. ഈ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി ഗാന്ധി ജയന്തിദിനമായ ഒക്ടോബര്‍ രണ്ടിന് ഓണ്‍ലൈനായി യു എസ് അധികൃതര്‍ക്ക് ഫഡ്‌നിസ് അപേക്ഷ സമര്‍പ്പിക്കുമെന്നും പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍