UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തുന്നതിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്കൊപ്പം അഭയാര്‍ത്ഥികള്‍ക്കും കൂടി നല്‍കുന്ന മൗലികാവകാശങ്ങള്‍ തങ്ങള്‍ക്കും അനുവദിക്കണമെന്നാണ് റോഹിങ്ക്യകളുടെ ആവശ്യം

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരായ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ നിലപാട് മൗലികാവകാശങ്ങളുടെ ലംഘനമാണോയെന്നും നയതന്ത്ര വിഷയങ്ങളില്‍ കോടതിയ്ക്ക് എത്രമാത്രം ഇടപെടാനാകുമെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിശോധിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്കൊപ്പം അഭയാര്‍ത്ഥികള്‍ക്കും കൂടി നല്‍കുന്ന മൗലികാവകാശങ്ങള്‍ തങ്ങള്‍ക്കും അനുവദിക്കണമെന്നാണ് റോഹിങ്ക്യകളുടെ ആവശ്യം. ജീവിതത്തിനുള്ള സംരക്ഷണവും വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശവും ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. തങ്ങളെ അഭയാര്‍ത്ഥികളായി കാണാന്‍ പോലും തയ്യാറാകാത്ത കേന്ദ്രസര്‍ക്കാര്‍ നയത്തെയാണ് റോഹിങ്ക്യകള്‍ ചോദ്യം ചെയ്യുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ഭരണഘടനാ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തരകലാപം രൂക്ഷമായ മ്യാന്‍മാറിലേക്ക് തിരികെ അയയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും റോഹിങ്ക്യകള്‍ ആരോപിക്കുന്നു.

അതേസമയം റോഹിങ്ക്യകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഭീകര സംഘടനകളുമായി അവര്‍ക്ക് ബന്ധമുണ്ടെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ഇതുസംബന്ധിച്ച രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിയ്ക്ക് കൈമാറിയിരുന്നു. അഭയാര്‍ത്ഥി വിഷയവുമായി ബന്ധപ്പെട്ട 1951ലെ ഐക്യരാഷ്ട്രസഭയുടെ ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവച്ചിട്ടില്ല. അതിനാല്‍ ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയ്ക്ക് ബാധകമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍