UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്ത അതിവേഗ ട്രെയിന്‍ ആദ്യ യാത്രയില്‍ പശുക്കളെ ഇടിച്ചു ബ്രേക്ക് ഡൗണായി; വഴിയില്‍ കിടന്നത് മണിക്കൂറുകളോളം

വരാണസിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയിലാണ് ട്രെയിന്‍ വഴിയില്‍ കുടുങ്ങിയത്

ഇന്ത്യന്‍ റെയില്‍വേ നിര്‍മിച്ച ആദ്യ സെമിഹൈസ്പീഡ് ട്രെയിന്‍ ‘വന്ദേ ഭാരത്എക്‌സ്പ്രസ്’ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. കാണ്‍പൂര്‍ – അലഹബാദ് – വാരാണസി റൂട്ടിലുള്ള ട്രെയിനിന്റെ കന്നിയാത്ര ന്യൂഡല്‍ഹിയിലാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ സര്‍വീസ് എന്ന വിശേഷണവുമായി യാത്ര ആരംഭിച്ച ട്രെയിന്‍ ആദ്യ യാത്രയില്‍ തന്നെ മണിക്കൂറുകളോളം വഴിയില്‍ കിടക്കുകയും ചെയ്തു. ട്രാക്കിൽ നിന്നിരുന്ന പശുക്കളെ ഇടിച്ചതോടെ ട്രെയിനിന്റെ ബ്രേക്കിങ് സംവിധാനത്തിനു തകരാർ സംഭവിക്കുകയായിരുന്നു.

വരാണസിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയിലാണ് ട്രെയിന്‍ വഴിയില്‍ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ തുണ്ട്‌ല ജംഗ്ഷന്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ വച്ചാണ് ട്രെയിനിന്റെ പ്രവര്‍ത്തനം നിലച്ചത്. വന്ദേഭാരതിന്റെ അവസാന കോച്ചുകളിലെ ബ്രേക്ക് ജാമായതാണ് ട്രെയിന്‍ സര്‍വീസ് നിലയ്ക്കാന്‍ കാരണം. ഇതോടൊപ്പം നാല് കോച്ചുകളിലെ വൈദ്യുതി നിലയ്ക്കുകയും ചെയ്തതോടെ യാത്രക്കാര്‍ ദുരിതത്തിലായി. എന്‍ജിനിയര്‍മാര്‍ പരിശോധന നടത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ല. ഇതിനെ തുടര്‍ന്ന് യാത്രക്കാരെ മറ്റ് രണ്ട് ട്രെയിനുകളിലായാണ് ഡല്‍ഹിയിലേക്ക് അയച്ചത്. 8.30ഓടെ തകരാര്‍ പരിഹരിച്ച് യാത്ര തുടരുകയും ചെയ്തു. നാളെ മുതല്‍ ട്രെയിന്‍ പ്രതിദിന സര്‍വീസ് ആരംഭിക്കാനിരിക്കുകയായിരുന്നു. ഇതിനിടെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ഇന്ത്യന്‍ റെയില്‍വേയുടെ ദീര്‍ഘകാലത്തെ പരിശ്രമത്തിന്റെ ഫലമാണ് വന്ദേഭാരത് എക്‌സ്പ്രസ്. അധികാരത്തിലേറിയ നാള്‍ മുതല്‍ ഇന്ത്യന്‍ റെയില്‍വേയെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പറയുന്ന മോദി കഴിഞ്ഞ ദിവസം ഫ്‌ളാഗ് ഓഫിനിടെ ട്രെയിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിച്ചിരുന്നു. ഏകദേശം 100 കോടി രൂപ ചെലവില്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് നിര്‍മ്മിച്ചത്. പതിനെട്ട് മാസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയായത്. ശതാബ്ദി എക്സ്പ്രസിന്റെ പുതു തലമുറക്കാരനായി കണക്കാക്കുന്ന വന്ദേ ഭാരത്എക്‌സ്പ്രസിന് നിരവധി പ്രത്യേകതകളാണ് ഉള്ളത്. ഇന്ത്യയുടെ ആദ്യ എന്‍ജിന്‍ രഹിത തീവണ്ടിയാണ് ഇത്. പൂര്‍ണ്ണമായും ശീതീകരിച്ച 16 കോച്ചുകളുള്ള വന്ദേ ഭാരത്എക്‌സ്പ്രസ് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലാണ് ഓടുന്നത്.

യാത്രക്കാരുടെ സുരക്ഷ നല്‍കുന്നതിന് വേണ്ടി സിടിവികള്‍ ക്യാമറയും വൈഫൈ, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവും ട്രെയിനില്‍ ഘടിപ്പിച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള ലൈറ്റിംഗ് സംവിധാനങ്ങള്‍, ഓട്ടോമാറ്റിക് വാതിലുകള്‍, സ്ലൈഡിങ് ചവിട്ടുപടികള്‍, ജിപിഎസ് സംവിധാനങ്ങള്‍ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ഒമ്പത് മണിക്കൂര്‍ 48 മിനിറ്റ് കൊണ്ടാണ് ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും വരാണസിയില്‍ എത്തിച്ചേരേണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍