കുറ്റകൃത്യം നടന്ന് 82-ാം ദിനം കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ തുടങ്ങി നാല് മാസം പൂര്‍ത്തിയാകുമ്പോഴാണ് വിധി വരുന്നത്
കൊല്ലം പേരൂര്‍ സ്വദേശി രഞ്ജിത്ത് ജോണ്‍സണിനെ കൊലപ്പെടുത്തിയ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. 25 വര്‍ഷത്തേക്ക് ജാമ്യമോ പരോളോ ഒന്നുമില്ലാതെയുള്ള തടവാണ് അനുഭവിക്കേണ്ടത്. കൊല്ലം അതിവേഗ സെഷന്‍സ് കോടതിയുടേതാണ് വിധി.
കുറ്റകൃത്യം നടന്ന് 82-ാം ദിനം കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ തുടങ്ങി നാല് മാസം പൂര്‍ത്തിയാകുമ്പോഴാണ് വിധി വരുന്നത്. പ്രതികളായ പാമ്പ് മനോജ്, കാട്ടുണ്ണി രഞ്ജിത്ത്, ബൈജു, പ്രണവ്, വിഷ്ണു, വിനീഷ്, റിയാസ് എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. എട്ടാം പ്രതി അജിം ഷായെ കോടതി വെറുതെ വിട്ടിരുന്നു. അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചു.
2018 ഓഗസ്റ്റ് 15നാണ് പേരൂര്‍ സ്വദേശി രഞ്ജിത് ജോണ്‍സനെ കാണാതായത്. മകനെ കാണാനില്ലെന്ന് കാണിച്ച് രഞ്ജിത്തിന്റെ അമ്മ ട്രീസ കിളികൊല്ലൂര്‍ സ്റ്റേഷനില്‍ പരാതി നല്കി. രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. കേസിലെ മുഖ്യ പ്രതിയായ മനോജ് എന്ന പാമ്പ് മനോജിന്റെ ഭാര്യ വര്‍ഷങ്ങളായി രഞ്ജിത്തിനൊപ്പമായിരുന്നു താമസം. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീട്ടില്‍ പ്രാവ് വാങ്ങാനെന്ന വ്യാജേന എത്തിയവര്‍ രഞ്ജിത്തിനെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു മൃതദേഹം തിരുനെല്‍വേലിയിലെ സമുന്ദാപുരത്തു നിന്നാണ് കണ്ടെത്തിയത്.