പുരോഹിതര്‍ക്ക് യോജിക്കാത്ത ഇടപെടലുകള്‍ വൈദികരുടെ ഭാഗത്തുനിന്നുണ്ടായെന്നും വിശ്വാസികളായ കുടുംബങ്ങളോടും സ്ത്രീകളോടും പുലര്‍ത്തേണ്ട മര്യാദകള്‍ പാലിച്ചില്ലെന്നും സഭാ കമ്മിഷന് തെളിവുകള്‍ ലഭിച്ചു
ഓര്‍ത്തഡോക്‌സ് സഭയില്‍ ലൈംഗിക ചൂഷണ ആരോപണം നേരിടുന്ന വൈദികര്‍ക്കെതിരെ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ആരോപണം അന്വേഷിക്കുന്ന സഭാ കമ്മിഷനുകള്‍ക്കാണ് തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. ഭദ്രാസന അടിസ്ഥാനത്തില്‍ മൂന്ന് സഭാ കമ്മിഷനുകളാണ് ആരോപണം അന്വേഷിക്കുന്നത്. ആരോപണ വിധേയരായ വൈദികര്‍ മൂന്ന് ഭദ്രാസനങ്ങളില്‍ ജോലി ചെയ്യുന്നവരായതിനാലാണ് ഇത്.
വൈദികരും അഭിഭാഷകരും ഉള്‍പ്പെടുന്നവരാണ് കമ്മിഷന്‍ അംഗങ്ങള്‍. ഇതില്‍ തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ കമ്മിഷനുകളുടെ അന്വേഷണം പൂര്‍ത്തിയായി. നിരണം ഭദ്രാസനത്തിലെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുകൂടി പൂര്‍ത്തിയായാല്‍ മൂന്ന് കമ്മിഷനുകളുടെയും റിപ്പോര്‍ട്ട് ഭദ്രാസന മെത്രാപൊലീത്തമാര്‍ക്ക് സമര്‍പ്പിക്കും. ഈ പരാതികള്‍ പിന്നീട് കാതോലിക്ക ബാവ അധ്യക്ഷനായ സന്നഹദോസ് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും. പുരോഹിതര്‍ക്ക് യോജിക്കാത്ത ഇടപെടലുകള്‍ വൈദികരുടെ ഭാഗത്തുനിന്നുണ്ടായെന്നും വിശ്വാസികളായ കുടുംബങ്ങളോടും സ്ത്രീകളോടും പുലര്‍ത്തേണ്ട മര്യാദകള്‍ പാലിച്ചില്ലെന്നുമാണ് സഭാ കമ്മിഷനുകള്‍ക്ക് തെളിവു ലഭിച്ചിരിക്കുന്നത്.
തിരുവല്ല സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് അഞ്ച് വൈദികര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. വൈദികര്‍ തന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് സഭാധ്യക്ഷനും ഇടവക മെത്രാപൊലീത്തമാര്‍ക്കും ഇയാള്‍ പരാതി നല്‍കിയത്. ഇരയായ യുവതിയുടെ സത്യപ്രസ്താവനയും പരാതിയോടൊപ്പമുണ്ടായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സഭാ ചുമതലകളില്‍ ഈ വൈദികരെ ഒഴിവാക്കിയ സഭാ നേതൃത്വം അന്വേഷണത്തിന് കമ്മിഷനുകളെ നിയമിക്കുകയായിരുന്നു.
സ്ത്രീകളേ, കുമ്പസാരക്കൂട്ടിലുള്ളത് ളോഹയിട്ട പുരുഷനാണ്, ക്രിസ്തുവല്ല; ജാഗ്രത പാലിക്കുക
അഞ്ച് ഓര്‍ത്തഡോക്‌സ് സഭ പുരോഹിതര്‍ വിവാഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി