UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെവിന്റെ കൊലപാതകം: മുഖ്യപ്രതി ഷാനു തിരുവനന്തപുരം വഴി തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന

നീനുവിന്റെ മാതാപിതാക്കളായ ചാക്കോയെയും രഹ്നയെയും കേസില്‍ പ്രതി ചേര്‍ക്കും

കെവിന്‍ കൊലപാതക കേസില്‍ മുഖ്യപ്രതിയും കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോ ഇന്നലെ തിരുവനന്തപുരത്ത് എത്തിയതായി പോലീസിന് വിവരം ലഭിച്ചു. ഇയാള്‍ക്ക് വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

പുനലൂര്‍ ഡിവൈഎസ്പിയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കൃത്യം നടത്തിയ ശേഷം പത്തനാപുരം വഴി തിരുവനന്തപുരത്തേക്ക് വന്ന ഷാനു പേരൂര്‍ക്കട വഴയിലയിലെ ഭാര്യ വീട്ടിലെത്തി. ഇവിടെ നിന്നും തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് അറിയുന്നത്. ഇയാളിപ്പോള്‍ നാഗര്‍കോവില്‍ ഭാഗത്തുണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന. നെടുമങ്ങാട്, പോലീസ് ഷാനുവിന്റെ ഭാര്യ വീട്ടിലെത്തി പരിശോധിന നടത്തി.

ഇതിനിടെ നീനുവിന്റെ മാതാപിതാക്കളായ ചാക്കോയും രഹ്നയും ഒളിവിലാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ വരെയും പോലീസ് നിരീക്ഷണത്തിലുണ്ടായിരുന്ന ഇരുവരും പിന്നീടാണ് മുങ്ങിയത്. ഇവരെ ഇന്ന് തന്നെ കണ്ടെത്തി മൊഴിയെടുക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇവരെയും കേസില്‍ പ്രതിചേര്‍ക്കാനാണ് പോലീസിന്റെ തീരുമാനം.

പരീക്ഷയ്ക്ക് പോയ നീനുവിനെ കൂട്ടിക്കൊണ്ട് വരാന്‍ കാര്‍ വേണമെന്ന് പറഞ്ഞ് നീനുവിന്റെ മാതാപിതാക്കളും മകനായ ഷാനുവും നിയാസിന്റെ വീട്ടിലെത്തിയിരുന്നവെന്ന് നിയാസിന്റെ ഉമ്മ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ നിന്നും കെവിനെ തട്ടിക്കൊണ്ട് പോയത് നീനുവിന്റെ മാതാപിതാക്കളുടെ അറിവോടെയാണെന്ന നിഗമനത്തിലാണ് പോലീസ്. തുടര്‍ന്ന് നിയാസ് കാര്‍ വാടകയ്‌ക്കെടുത്ത് ഇരുവരെയും കൂട്ടി കോട്ടയത്തേക്ക് പോകുകയായിരുന്നു. മകനെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് പോയതാണെന്നാണ് നിയാസിന്റെ ഉമ്മ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍