UPDATES

ട്രെന്‍ഡിങ്ങ്

പഠിച്ചിട്ടാണ് വിമര്‍ശിക്കുന്നത്; പാര്‍ലമെന്റിലെടുത്ത പണി വിശദീകരിച്ച് മുല്ലപ്പള്ളിക്ക് ശശി തരൂരിന്റെ മറുപടി

അമ്പതിലധികം പ്രാവശ്യം പാര്‍ലമെന്റ് ചര്‍ച്ചകളില്‍ ഇടപെടുകയും 17ലധികം ബില്ലുകള്‍ക്കെതിരെ ശക്തിക്തം പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്‍ പഠിച്ചിട്ടാണ് വിമര്‍ശിക്കുന്നതെന്നും പാര്‍ലമെന്റില്‍ താനെടുത്തതിന്റെ പത്ത് ശതമാനം പണിയെങ്കിലും എടുത്തവര്‍ ആരെങ്കിലുമുണ്ടോയെന്നും ശശി തരൂര്‍ എംപി. കെപിസിസിയ്ക്ക് എഴുതിയ വിശദീകരണ കത്തിലാണ് തരൂരിന്റെ പരാമര്‍ശം. മോദിയെ സ്തുതിച്ചെന്ന് ആരോപിച്ച് വിശദീകരണം ആവശ്യപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെയും നിശിത വിമര്‍ശനമാണ് തരൂര്‍ തന്റെ വിശദീകരണ കത്തില്‍ ഉന്നയിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടനയ്ക്കും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും മൂല്യങ്ങള്‍ക്ക് ചേരാത്ത ഓരോ ബില്ലുകള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവരുമ്പോഴും ആ ബില്ലുകളെക്കുറിച്ച് വ്യക്തമായി പഠിച്ചിട്ട് അവയെ രൂക്ഷമായി വിമര്‍ശിക്കുന്നയാളാണ് താന്‍. താനെടുക്കുന്ന പ്രയത്‌നത്തിന്റെ പത്ത് ശതമാനമെങ്കിലും കേരളത്തില്‍ നിന്നുള്ള മറ്റേതെങ്കിലും അംഗം എടുക്കുന്നതായി കാണിച്ച് തരാമോയെന്നും തരൂര്‍ കത്തില്‍ ചോദിക്കുന്നു. ഒരൊറ്റ ട്വീറ്റിലൂടെ മാത്രം എങ്ങനെയാണ് താന്‍ മോദിയെ സ്തുതിച്ചെന്ന് പറയാന്‍ സാധിക്കുന്നതെന്നും മുല്ലപ്പള്ളി തനിക്ക് അയച്ച കത്തിലെ പരാമര്‍ശം തന്നെ ആശ്ചര്യപ്പെടുത്തുന്നെന്നും തരൂര്‍ പ്രതികരിച്ചു.

ആദ്യ മോദി സര്‍ക്കാരിന്റെ കാലം മുതല്‍ മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ഒരാളാണ് ഞാന്‍. മോദി ഇപ്പോള്‍ നല്ലകാര്യം ചെയ്തപ്പോള്‍ നല്ലതാണെന്ന് പറഞ്ഞു. നല്ലത് ചെയ്യുമ്പോള്‍ അതിനെ അംഗീകരിച്ചില്ലെങ്കില്‍ വിമര്‍ശനങ്ങള്‍ക്ക് വിശ്വാസ്യതയുണ്ടാകില്ലെന്നും തരൂര്‍ പറഞ്ഞു. മോദി ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും മോശമാണെന്ന് പറയുമ്പോഴും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കുകയാണ് ചെയ്തത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ കൈവിട്ടവരുടെ വിശ്വാസ്യതയും വോട്ടും തിരിച്ചുപിടിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ എന്താണോ അവരെ മോദിയിലേക്ക് അടുപ്പിച്ചത് അത് മനസിലാക്കി വിമര്‍ശിക്കണമെന്നും തരൂര്‍ പറയുന്നു.

മുതിര്‍ന്ന നേതാക്കളായ ജയ്‌റാം രമേശും അഭിഷേക് സിങ്‌വിയുമടക്കം നടത്തിയ പ്രസ്താവനകള്‍ നമുക്ക് അറിയാവുന്നതാണ്. അമ്പതിലധികം പ്രാവശ്യം പാര്‍ലമെന്റ് ചര്‍ച്ചകളില്‍ ഇടപെടുകയും 17ലധികം ബില്ലുകള്‍ക്കെതിരെ ശക്തിക്തം പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. തന്നെ വിമര്‍ശിക്കുന്ന കേരളത്തില്‍ നിന്നുള്ള ഏതെങ്കിലും അംഗത്തിന് ഇത്തരത്തില്‍ പ്രയത്‌നിച്ചതായി പറയാന്‍ സാധിക്കുമോയെന്നും തരൂര്‍ ചോദിക്കുന്നു.

also read:സിസ്റ്റര്‍ ലൂസിക്കുവേണ്ടി ശബ്ദിക്കുന്നവര്‍ തീവ്രവാദികള്‍, ഫാ. വട്ടോളിയെ പുറത്താക്കുമെന്ന് വീണ്ടും ഭീഷണി, മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ ക്രൈസ്തവര്‍ക്കെതിരെ സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നെന്നും സീറോ മലബാര്‍സഭ സിനഡ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍