UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷെറിന്‍ മാത്യൂസിന്റെ മരണം: മലയാളി വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍

കുട്ടിയെ അപായപ്പെടുത്തിയെന്ന കുറ്റത്തിനാണ് സിനിയുടെ അറസ്റ്റ്

അമേരിക്കയിലെ ടെക്‌സാസില്‍ ദുരൂഹസാഹചര്യത്തില്‍ ബാലിക മരിച്ച സംഭവത്തില്‍ വളര്‍ത്തമ്മയും മലയാളിയുമായ സിനി മാത്യൂസ് അറസ്റ്റില്‍. മൂന്നുവയസ്സുകാരിയുടെ മരണത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യു നേരത്തെ അറസ്റ്റിലായിരുന്നു. കുട്ടിയെ അപായപ്പെടുത്തിയെന്ന കുറ്റത്തിനാണ് സിനിയുടെ അറസ്റ്റ്.

വെസ്ലിയും സിനിയും നല്‍കിയ മൊഴികളില്‍ വ്യത്യാസമുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. സിനി കുട്ടിയെ ഉപേക്ഷിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പോലീസ് കണ്ടെത്തല്‍. കുട്ടിയെ വീട്ടില്‍ ഒറ്റയ്ക്കാക്കി സിനിയും വെസ്ലിയും സ്വന്തം മകള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ രാത്രി പുറത്തുപോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കുട്ടിയെ കാണാതാകുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നെന്നും ഭര്‍ത്താവും കുട്ടിയും തമ്മിലുള്ള പ്രശ്‌നം താനറിഞ്ഞില്ലെന്നുമാണ് സിനി പോലീസിന് മൊഴി നല്‍കിയത്.

ഒക്ടോബര്‍ ഏഴിനാണ് വടക്കന്‍ ടെക്‌സാസിലെ റിച്ചാര്‍ഡ്‌സണിലെ വീട്ടില്‍ നിന്നും ഷെറിനെ കാണാതായത്. ഒക്ടോബര്‍ 22ന് വീടിന് സമീപത്തെ കലുങ്കിനടിയില്‍ നിന്ന് ഷെറിന്റെ മൃതദേഹം കണ്ടെത്തി. നിര്‍ബന്ധിച്ച് പാല് കുടിപ്പിച്ചപ്പോള്‍ ഷെറിന്‍ മരിച്ചെന്നാണ് വെസ്ലി മൊഴിനല്‍കിയത്. പാല്‍ കുടിക്കുന്നതിനിടെ ചുമയും ശ്വാസതടസവുമുണ്ടായ കുട്ടി അബോധാവസ്ഥയിലായപ്പോള്‍ മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നു. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

എന്നാല്‍ പാല് കുടിക്കാത്തതിന് പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണ് വെസ്ലി ആദ്യം മൊഴിനല്‍കിയത്. പിന്നീട് കുട്ടിയുടെ മൃതദേഹം ലഭിച്ചതോടെയാണ് ഇയാള്‍ മൊഴി മാറ്റിയത്. വീട്ടില്‍ വച്ച് തന്നെ കൊലപാതകം നടന്നെന്നാണ് പോലീസ് സംശയിക്കുന്നത്. അന്ന് അറസ്റ്റ് ചെയ്ത വെസ്ലിയെ പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ ഇയാളുടെ കാറിനുള്ളില്‍ നിന്നും ലഭിച്ച ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ചതോടെ ഷെറിന്‍ കൊല്ലപ്പെട്ടതാണെന്ന സംശയം പോലീസിന് ശകതമായി.

മലയാളി ദമ്പതികളായ വെസ്ലിയും സിനിയും ബിഹാറിലെ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് ഷെറിനെ ദത്തെടുത്തത്. കുട്ടിയ്ക്ക് കാഴ്ചക്കുറവും സംസാര വൈകല്യവുമുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍