UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യോഗി ആദിത്യനാഥിനെ ചെരുപ്പിനടിയ്ക്കണമെന്ന് ഉദ്ദവ് താക്കറെ; മറുപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യന്‍

കാലിലെ ചെരുപ്പ് ഊരിമാറ്റാതെ യോഗി ഛത്രപതി ശിവജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തിയത് അപമാനകരമാണെന്നാണ് ഉദ്ദവ് താക്കറെ പറയുന്നത്‌

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെരുപ്പിനടിയ്ക്കണമെന്ന് ശിവ സേനാ തലവന്‍ ഉദ്ദവ് താക്കറെ. അതേസമയം സമചിത്തതയോടെ മറുപടി പറഞ്ഞ് യോഗിയും താരമായി. ഛത്രപതി ശിവജി മഹാരാജിനെ അപമാനിച്ച യോഗിയെ ചെരുപ്പിന് അടിയ്ക്കണമെന്നാണ് താക്കറെ ആഹ്വാനം ചെയ്തത്. തനിക്ക് ഉദ്ദവ് താക്കറയില്‍ നിന്നും പെരുമാറാന്‍ പഠിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹത്തെക്കാള്‍ മര്യാദ തനിക്കുണ്ടെന്നുമാണ് യോഗി പറഞ്ഞത്.

ഛത്രപതി ശിവജിയുടെ പ്രതിമയില്‍ യോഗി മാലയിട്ടതുമായി ബന്ധപ്പെട്ടാണ് വിവാദം ആരംഭിച്ചത്. കാലിലെ ചെരുപ്പ് ഊരിമാറ്റാതെയാണ് യോഗി മാലയിട്ടത്. ഇത് ശിവജിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും യോഗിയ്ക്ക് പെരുമാറാന്‍ അറിയില്ലെന്നുമാണ് ഉദ്ദവ് താക്കറെ ആരോപിക്കുന്നത്. വെള്ളിയാഴ്ച പുറത്തിറങ്ങിയ ശിവസേനയുടെ മുഖപത്രം സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് ഉദ്ദവ് താക്കറെ യോഗിയ്ക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പാല്‍ഗാറില്‍ എത്തിയപ്പോഴാണ് യോഗി ഛത്രപതിയുടെ പ്രതിമയില്‍ മാല ചാര്‍ത്തിയത്.

യോഗി ഛത്രപതിയെ അപമാനിച്ചതിനെക്കുറിച്ച് ബിജെപിയ്ക്ക് എന്താണ് പറയാനുള്ളതെന്നും ഉദ്ദവ് താക്കറെ ചോദിക്കുന്നു. അതേസമയം കുടുംബ പേരിന്റെ ബലത്തില്‍ വളര്‍ന്ന ഒരാളില്‍ നിന്നും തനിക്ക് ഒന്നും പഠിക്കാനില്ലെന്ന് യോഗി വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയ്ക്ക് ശേഷം യാതൊരു കഴിവുമില്ലാതെ കുടുംബ പേരിന്റെ മാത്രം അടിസ്ഥാനത്തില്‍ വളര്‍ന്നു വന്ന രണ്ടാമത്തെ നേതാവാണ് ഉദ്ദവ് താക്കറെ. ബാലാസാഹേബ്(ബാല്‍ താക്കറെ) ആണ് ശിവസേനയുടെ അവസാനം. അദ്ദേഹത്തിന്റെ മരണത്തിന് ശേഷമുള്ളത് യഥാര്‍ത്ഥ ശിവസേനയല്ലെന്നായിരുന്നു യോഗിയുടെ മറുപടി.

2014ലെ തെരഞ്ഞെടുപ്പിന് ശേഷം കുടുംബ പാര്‍ട്ടികളുടെ വരുമാന സ്രോതസ് അടഞ്ഞതിനാലാണ് അവരെല്ലാം ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റ പാര്‍ട്ടിയായ ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും യോഗി ആരോപിച്ചു. ഭാരത മാതാവിനെ സംരക്ഷിക്കണമെന്നുള്ള ലക്ഷ്യത്തില്‍ നിന്നും അകന്നു നിന്ന് പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് വേണ്ടി മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടുകളെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും യോഗി ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍