UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശോഭാ സുരേന്ദ്രനെതിരെ പാളയത്തില്‍ പട: സീറ്റ് ബിഡിജെഎസിന് പോകുമോ?

പാര്‍ട്ടി പരിപാടികളില്‍ ശോഭാ സുരേന്ദ്രന്റെ പേര് പറയുമ്പോള്‍ ആ ഭാഗത്തു നിന്നും കൃഷ്ണകുമാറിന്റെ പേര് പറയുമ്പോള്‍ എതിര്‍ ഭാഗത്തു നിന്നും മത്സരിച്ച് കയ്യടിയാണ്

സീറ്റിനായുള്ള തര്‍ക്കം അതിര് കടന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ പാലക്കാട് മണ്ഡലം ബിഡിജെഎസിന് വിട്ടുകൊടുക്കാന്‍ സാധ്യത. ബിഡിജെഎസിന് സീറ്റ് നല്‍കി പൊതുസമ്മതനെ മത്സരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതേസമയം പാര്‍ട്ടിക്ക് കരുത്തുള്ള അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട പാലക്കാട് തര്‍ക്കംമൂലം വിട്ടുകൊടുക്കേണ്ടി വന്നാല്‍ കനത്ത തിരിച്ചടിയാകുമെന്നാണ് ബിജെപി അണികള്‍ കരുതുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ മത്സരിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അതേസമയം മലമ്പുഴയില്‍ സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറും രണ്ടാം സ്ഥാനത്തെത്തി. ഇവര്‍ തമ്മിലാണ് ഇപ്പോള്‍ സീറ്റിനായി മത്സരം നടക്കുന്നത്. പാര്‍ട്ടി പരിപാടികളില്‍ ശോഭാ സുരേന്ദ്രന്റെ പേര് പറയുമ്പോള്‍ ആ ഭാഗത്തു നിന്നും കൃഷ്ണകുമാറിന്റെ പേര് പറയുമ്പോള്‍ എതിര്‍ ഭാഗത്തു നിന്നും മത്സരിച്ച് കയ്യടിയാണ്.

ബിജെപി നേതൃത്വം നല്‍കിയ സര്‍വേയില്‍ സി കൃഷ്ണകുമാറിനാണ് മുന്‍തൂക്കമെന്ന് ആ വിഭാഗം പറയുന്നു. ആര്‍എസ്എസ് പിന്തുണയും ഇദ്ദേഹത്തിനുണ്ട്. എന്നാല്‍ ശോഭയെന്ന തീപ്പൊരി നേതാവ് മത്സരിക്കുന്നതാണ് നല്ലതെന്ന് അവരെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. ആര് മത്സരിച്ചാലും പരസ്പരം പാരയാകുമെന്ന ആശങ്ക കാരണമാണ് സീറ്റ് ബിഡിജെഎസിന് കൈമാറണമെന്ന രീതിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. അതിനാലാണ് തങ്ങളുടെ ശക്തികേന്ദ്രമായ അഞ്ച് മണ്ഡലങ്ങളില്‍ പെടുന്നതായിട്ടും പാലക്കാട് കൈമാറാന്‍ ഇവര്‍ തീരുമാനിച്ചത്.

ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പൊതുസമ്മതനായ ഒരാള്‍ വന്നാല്‍ എന്‍ഡിഎയ്ക്ക് നേട്ടമുണ്ടാക്കാമെന്നാണ് പറയപ്പെടുന്നതെങ്കിലും ബിജെപിയിലെ ഗ്രൂപ്പ് വഴക്കിനെ പ്രതിരോധിക്കാലാണ് സീറ്റ് കൈമാറ്റ ചര്‍ച്ചയുടെ പിന്നിലെ ലക്ഷ്യമെന്നാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍