UPDATES

പഞ്ചാലിമേട്ടില്‍ കുരിശിനൊപ്പം ശൂലം സ്ഥാപിച്ചവര്‍ക്കെതിരെയും കേസ്

കുരിശുകളെ സംബന്ധിച്ചുള്ള വിവാദം പ്രദേശത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമമാണെന്നാണ് പഞ്ചാലിമേട് ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും പറഞ്ഞത്

ഇടുക്കി പഞ്ചാലിമേട്ടില്‍ കുരിശിന് സമീപം ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ ശൂലം സ്ഥാപിച്ച സംഭവത്തില്‍ പെരുവന്താനം പോലീസ് കേസെടുത്തു. മതസ്പര്‍ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് കേസെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. പഞ്ചാലിമേട്ടിലെ കുരിശുകള്‍ തിടുക്കപ്പെട്ട് പൊളിച്ച് നീക്കേണ്ടതില്ലെന്ന് നേരത്തെ ജില്ലാ കളക്ടര്‍ എച്ച് ദിനേശ് അറിയിച്ചിരുന്നു. കുരിശുകളും അമ്പലവുമുള്ളത് റവന്യൂഭൂമിയിലാണെങ്കിലും വിശ്വാസത്തിന്റെ വിഷയമായതിനാല്‍ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കൂയെന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം കുരിശുകളെ സംബന്ധിച്ചുള്ള വിവാദം പ്രദേശത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമമാണെന്നാണ് പഞ്ചാലിമേട് ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും പറഞ്ഞത്. ഇവിടെയുള്ളവര്‍ പരസ്പരം സ്‌നേഹത്തോടെയാണ് കഴിയുന്നത് പുറത്തുനിന്നും വരുന്നവരാണ് ഇത്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് സുനു അറിയിക്കുന്നു. കളക്ടറുടെ അന്തിമതീരുമാനം വന്ന ശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നാണ് കണയങ്കവയല്‍ പള്ളി വികാരി പറഞ്ഞത്.

ഭൂപരിഷ്‌കരണത്തിന് ശേഷം സര്‍ക്കാര്‍ മിച്ചഭൂമിയായി കണ്ടെത്തിയ സ്ഥലത്താണ് കുരിശുകളും അമ്പലവുമുള്ളത്. അതിനും മുമ്പ് 1956ലാണ് കുരിശ് സ്ഥാപിച്ചതെന്ന് കണയങ്കവയല്‍ സെന്റ് മേരീസ് പള്ളി ഭാരവാഹികള്‍ പറയുന്നു. അമ്പലത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. റവന്യൂ ഭൂമിയാണെങ്കിലും രണ്ടിടത്തേക്കും സര്‍ക്കാര്‍ തീര്‍ത്ഥാടനം അനുവദിച്ചിരുന്നു. പിന്നീട് ടൂറിസത്തിനായി ഡിടിപിസി സ്ഥലമേറ്റെടുത്തപ്പോഴും ഇത് തുടര്‍ന്നു.

ഇപ്പോഴത്തെ വിവാദത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കാനാകില്ലെന്നാണ് ജില്ലാ കളക്ടര്‍ ദിനേശ് പറഞ്ഞത്. അടുത്തിടെ സ്ഥാപിച്ച മരകുരിശുകള്‍ നീക്കാന്‍ പള്ളി ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാലങ്ങളായുള്ള അമ്പലത്തിന്റെയും കുരിശിന്റെയും കാര്യത്തില്‍ കൂടിയാലോചന വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

read more:‘ഇരയ്‌ക്കൊപ്പം നില്‍ക്കാതെ പി കെ ശശി എന്താണോ പറയുന്നത് അത് നടപ്പാക്കുന്നു’; എം എല്‍ എയില്‍ നിന്നും ലൈംഗികാതിക്രം നേരിട്ട ഡിവൈഎഫ്ഐ നേതാവ് സൗമ്യ രാജ് തുറന്നു പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍