UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെ ആക്രമണം: അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന്

ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോയ്‌ക്കെതിരെ ആക്രമണമുണ്ടായത്

ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിന് നേരെ ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണം ദൗര്‍ഭാഗ്യകരമാണെന്നും കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്ര. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും അദ്ദേഹം ഉത്തരവിട്ടു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോയ്‌ക്കെതിരെ ആക്രമണമുണ്ടായത്. ആക്രമത്തില്‍ ഓഫീസിന് മുന്നില്‍ കിടന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. ആക്രമം നടക്കുമ്പോള്‍ ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടി വി പ്രസാദ് ഓഫീസില്‍ ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിന് നേരെയുണ്ടായ ആക്രമണം ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും സംഭവം അപലപനീയമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ദൃശ്യമാധ്യമങ്ങളെ ജനങ്ങള്‍ കൂടുതല്‍ വിശ്വസിക്കുന്നതിന് കാരണം അവര്‍ തെളിവുകളടക്കം ജനമധ്യത്തില്‍ കൊണ്ടുവരുന്നത് കൊണ്ടാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ദൃശ്യമാധ്യമങ്ങളുടെ വായടപ്പിച്ച് കൊണ്ട് ജനാധിപത്യം കൊണ്ടുവരാന്‍ കഴിയില്ല. നിഷ്പക്ഷമായി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ പുറത്തുവിടുന്നു. അതില്‍ ആരും അസ്വസ്ഥരായിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും നേരെ നടക്കുന്ന കയ്യേറ്റം ആര്‍ക്കും പൊറുക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു. സത്യത്തിനും ധര്‍മ്മത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവര്‍ക്ക് നേരെയുണ്ടാകുന്ന ഇത്തരം അതിക്രമങ്ങള്‍ അപലപിക്കേണ്ടതാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിലുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗതാഗത വകുപ്പ് മന്ത്രിക്കെതിരെ തെളിവു സഹിതം പുറത്തുകൊണ്ടുവന്ന് മാധ്യമപ്രവര്‍ത്തനത്തിന്റെ ധര്‍മ്മം സത്യസന്ധമായി ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ ടി വി പ്രസാദ് ചെയ്തിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ പറഞ്ഞു. ഈ സമയത്താണ് ആക്രമണം ഉണ്ടാകുന്നത്. ഒരുകാരണവശാലും ഇത് അംഗീകരിക്കാനാകില്ല. സംഭവം പ്രതിഷേധാര്‍ഹമായ നടപടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമായ സംഭവമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ അറിയിച്ചു.

വളരെ രോഷത്തോടെയാണ് ഈ സംഭവത്തെ നോക്കി കാണുന്നതെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ അറിയിച്ചു. കേരളത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണിതെന്നും മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി ആവശ്യപ്പെട്ടു. പ്രസാദ് നടത്തിക്കൊണ്ടിരിക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസത്തില്‍ ആരാണ് അസ്വസ്ഥരാകുന്നതെന്ന് അന്വേഷിക്കണമെന്ന് കെ സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. മസില്‍ പവര്‍ കൊണ്ടും പണം കൊണ്ടും അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഏതോ ശക്തികളാണ് ഇതിന് പിന്നില്‍.

മാധ്യമങ്ങള്‍ക്കെതിരെയുള്ള കയ്യേറ്റങ്ങളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്നും ആലപ്പുഴയില്‍ നിന്നുള്ള മന്ത്രിക്കെതിരെ തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നതാണോ ആക്രമണത്തിന് കാരണമെന്ന സംശയമുണ്ടെന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ അറിയിച്ചു. ആക്രമണം നടത്തിയ സാമൂഹിക വിരുദ്ധരെ അന്വേഷിച്ച് കണ്ടെത്തണമെന്നും ചെയ്തത് ഗുരുതരമായ കുറ്റമാണെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍