UPDATES

ബിജെപിയില്‍ അഴിച്ചുപണി? ഫലപ്രഖ്യാപനത്തിന് ശേഷം പിള്ളയെ മാറ്റിയേക്കും

ആര്‍എസ്എസ് വിശേഷ സമ്പര്‍ക്ക പ്രമുഖും വിജ്ഞാന്‍ ഭാരതി പ്രത്യേക ഉപദേഷ്ടാവുമായ എ ജയകുമാറിനെ എം ഗണേഷിന് പകരം സംഘടനാ സെക്രട്ടറിയാക്കാനാണ് നീക്കം

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കേരള ബിജെപിയില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത. കേന്ദ്രനേതൃത്വം ഇടപെട്ടാണ് ബിജെപിയിലെ അഴിച്ച് പണിക്ക് ഒരുങ്ങുന്നത്. സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും പി എസ് ശ്രീധരന്‍ പിള്ളയെയും സംഘടനാ സെക്രട്ടറി സ്ഥാനത്ത് നിന്നും എം ഗണേഷനെയുമാണ് നീക്കം ചെയ്യാന്‍ ഒരുങ്ങുന്നത്.

കേരള കൗമുദിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആര്‍എസ്എസ് വിശേഷ സമ്പര്‍ക്ക പ്രമുഖും വിജ്ഞാന്‍ ഭാരതി പ്രത്യേക ഉപദേഷ്ടാവുമായ എ ജയകുമാറിനെ എം ഗണേഷിന് പകരം സംഘടനാ സെക്രട്ടറിയാക്കാനാണ് നീക്കം. പ്രവര്‍ത്തനത്തിലെ പോരായ്മ കാരണമാണ് ഗണേഷനെ മാറ്റുന്നതെന്നും കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. പാലക്കാട് ചേര്‍ന്ന ആര്‍എസ്എസ് ക്യാമ്പിനിടെ ഉന്നതതല യോഗം ഇക്കാര്യെ തീരുമാനിച്ചെന്നാണ് സൂചന. ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രതിസന്ധിയുണ്ടായി. സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ ആര്‍എസ്എസിനും കടുത്ത അതൃപ്തിയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നാലും നേതൃമാറ്റം ഉറപ്പാണെന്നാണ് അറിയുന്നത്. ഫലപ്രഖ്യാപനം വന്ന് ഒരുമാസത്തിനുള്ളില്‍ തന്നെ പുതിയ നേതൃത്വം വരും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അടിമുടി മാറ്റമാണ് ലക്ഷ്യമിടുന്നത്.

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി പോയപ്പോള്‍ 2018 ജൂലൈയിലാണ് പി എസ് ശ്രീധരന്‍ പിള്ള രണ്ടാമതും സംസ്ഥാന അധ്യക്ഷനായത്. പുതിയ അധ്യക്ഷസ്ഥാനത്തേക്ക് നേതാക്കള്‍ക്കിടയില്‍ തന്നെ അവകാശവാദം ഉയര്‍ന്നപ്പോള്‍ സമവായം എന്ന നിലയിലാണ് പിള്ള രണ്ടാം തവണയും അധ്യക്ഷനായത്. ആര്‍എസ്എസ് പ്രാന്ത പ്രചാരകനായ ഗണേഷന്‍ 2016ലാണ് സംഘടനാ സെക്രട്ടറിയായത്.

read more:ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിനെങ്ങനെയാണ് തിരുവനന്തപുരത്തെ കരിമഠം കോളനിയുടെ പേരു കിട്ടിയത്? അതൊരുകൂട്ടം സ്ത്രീകളുടെ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍