UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഏത് പ്രമാണിയാണെങ്കിലും സ്ത്രീകളുടെ മേല്‍ കൈവയ്ക്കാന്‍ അധികാരമില്ല’; അമ്പലവയല്‍ സംഭവത്തില്‍ പോലീസിനെതിരെ കടുത്ത വിമര്‍ശനവുമായി വനിതാ കമ്മിഷന്‍

സംഭവത്തില്‍ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തിരിക്കുകയാണ്

അമ്പലവയലില്‍ തമിഴ് ദമ്പതികള്‍ക്ക് നേരെയുണ്ടായ ക്രൂരമായ സദാചാര ആക്രമണത്തില്‍ പോലീസിനെ വിമര്‍ശിച്ച് വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. സ്റ്റേഷന്റെ രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുണ്ടായ സംഭവത്തില്‍ പോലീസ് തണുപ്പന്‍ മട്ടിലാണ് പ്രതികരിച്ചതെന്നും അതിനാലാണ് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും തപ്പി ഇപ്പോള്‍ നടക്കേണ്ടി വരുന്നതെന്നുമായിരുന്നു അവരുടെ പ്രതികരണം.

‘ദമ്പതികളെ ആക്രമിച്ച സജീവാനന്ദ് സ്ഥലത്തെ പ്രമാണിയായതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഏത് പ്രമാണിയാണെങ്കിലും സ്ത്രീകളുടെ മേല്‍ കൈവയ്ക്കാന്‍ ആര്‍ക്കും അധികാരമില്ല’- ജോസഫൈന്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തിരിക്കുകയാണ്. ഇതിനിടെ സംഭവത്തില്‍ നാട്ടുകാര്‍ അമ്പലവയല്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പോലീസ് സ്റ്റേഷന്‍ ഉപരോധം.

മര്‍ദനമേറ്റവരുടെ പരാതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി വൈകിയതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. മര്‍ദനമേറ്റത് തമിഴ്നാട് സ്വദേശികള്‍ക്കാണെന്ന് വ്യക്തമായിട്ടുണ്ട്. ഇന്നലെയാണ് ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത്. അതേസമയം ഇവര്‍ രണ്ട് പേരും അപ്രത്യക്ഷരായിരിക്കുകയാണ്. ഇന്നലെ തന്നെ ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് പരാതി കൊടുപ്പിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും പരാതിയില്ലെന്ന് പറഞ്ഞ് ഇവര്‍ ഒഴിഞ്ഞുമാറി. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ ഇവര്‍ എവിടെയെങ്കിലും ചികിത്സ തേടിയോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സജീവാനന്ദിനെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ദൃശ്യങ്ങളുടെയും മറ്റ് പരാതികളുടെയും അടിസ്ഥാനത്തില്‍ ഇവരെ മര്‍ദ്ദിച്ച സജീവാനന്ദ് എന്നയാളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇയാളെ വീണ്ടും വിളിച്ച് വരുത്തുമെന്നും പോലീസ് വ്യക്തമാക്കുന്നു. വിഷയത്തില്‍ ജില്ലാ പോലീസ് മേധാവിയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നാണ് വിവരം.

ഇവന്‍ നിന്റെ ആരാണ് എന്ന് ചോദിച്ചായിരുന്നു സ്ത്രീയെയും യുവാവിനെയും നടുറോഡില്‍ ആള്‍ക്കുട്ടത്തിന് മുന്നില്‍ വച്ച് യുവാവ് ആക്രമിക്കുന്നത്. തന്റെ ഭര്‍ത്താവാണെന്ന് യുവതി പറയുന്നതിന്റെയും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവാവ് അവശനായി റോഡില്‍ ഇരിക്കുന്നതും കാണാം. വാക്കുതര്‍ക്കത്തില്‍ ആരംഭിച്ച സംഭവം പിന്നീട് മര്‍ദനത്തിലേക്ക് വഴിമാറുകയായിരുന്നെന്നാണ് വിവരം. ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിക്കുന്നതിനെ ചോദ്യം ചെയ്ത യുവതിക്ക് നേരെയായിരുന്നു പിന്നീട് കയ്യേറ്റം. നിനക്കും വേണോയെന്ന് ചോദിച്ചായിരുന്നു സ്ത്രീയുടെ മുഖത്ത് ഇയാള്‍ ആഞ്ഞടിച്ചത്. നാട്ടുകാരുടെ വലിയ കൂട്ടത്തിന് മുന്നില്‍ വച്ചായിരുന്നു മര്‍ദനം. ജനങ്ങള്‍ ആരും അക്രമിയെ തടയാന്‍ മുതിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

read more:അമ്പലവയലിൽ നടുറോഡിൽ തമിഴ് ദമ്പതികളെ മർദ്ദിച്ചത് പ്രാദേശിക കോൺഗ്രസ് പ്രവർത്തകനെന്ന് ആരോപണം, നാട്ടുകാരുടെ പരാതിയിൽ കേസെടുക്കുമെന്ന് പോലീസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍