UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രീയക്കാരുടെ പുറകെ നടന്ന് ജോലി നേടുന്നതിനേക്കാള്‍ മുറുക്കാന്‍ കട തുടങ്ങുന്നതാണ് നല്ലത്; ത്രിപുര മുഖ്യമന്ത്രി

എന്തിനാണ് സര്‍ക്കാര്‍ ജോലിക്ക് വേണ്ടി നേതാക്കളുടെ പിന്നാലെ പായുന്നത്? ബിരുദധാരികള്‍ക്ക് പശുക്കളെ ലഭിക്കും. പാല്‍ വിറ്റ് പത്ത് വര്‍ഷം കൊണ്ട് പത്ത് ലക്ഷം രൂപ സമ്പാദിക്കാം

ത്രിപുരയിലെ ചെറുപ്പക്കാര്‍ സര്‍ക്കാര്‍ ജോലിക്ക് വേണ്ടി രാഷ്ട്രീയക്കാരുടെ പിന്നാലെ നടന്ന് സമയം കളയാതെ മുറുക്കാന്‍ കട തുടങ്ങുകയോ പശുവിനെ വളര്‍ത്തുകയോ ചെയ്യുന്നതാണ് നല്ലതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്.

‘എന്തിനാണ് സര്‍ക്കാര്‍ ജോലിക്ക് വേണ്ടി നേതാക്കളുടെ പിന്നാലെ പായുന്നത്? ബിരുദധാരികള്‍ക്ക് പശുക്കളെ ലഭിക്കും. പാല്‍ വിറ്റ് പത്ത് വര്‍ഷം കൊണ്ട് പത്ത് ലക്ഷം രൂപ സമ്പാദിക്കാം. രാഷ്ട്രീയക്കാരുടെ പിന്നാലെ പായുന്നതിന് പകരം യുവാക്കള്‍ മുറുക്കാന്‍ കട തുടങ്ങണം. അഞ്ച് ലക്ഷം രൂപയെങ്കിലും ബാങ്ക് ബാലന്‍സ് ഉണ്ടാക്കാം’ എന്നായിരുന്നു ബിപ്ലബിന്റെ പരാമര്‍ശം. വിദ്യാഭ്യാസമുള്ളവര്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് പിന്നാലെ പായാതെ പ്രധാനമന്ത്രിയുടെ മുദ്ര യോജനയ്ക്ക് കീഴിലുള്ള സ്വയംതൊഴിലുകള്‍ ഏതെങ്കിലും തെരഞ്ഞെടുക്കണമെന്നും ബിപ്ലബ് ആവശ്യപ്പെട്ടു.

തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ നിറയുകയാണ് ത്രിപുര മുഖ്യമന്ത്രി. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നെന്നായിരുന്നു ബിപ്ലബ് കുമാറിന്റെ ആദ്യ വിവാദ പരാമര്‍ശം. സിവില്‍ എന്‍ജിനിയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരണമെന്ന് ഇന്നലെ പറഞ്ഞതും വിവാദമായി. അവര്‍ക്ക് ഒരു സമൂഹത്തെ കെട്ടിപ്പൊക്കാനുള്ള അനുഭവ പരിചയമുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

മൂന്ന് ദിവസം മുമ്പ് ഡയാന ഹെയ്ഡനെയും ഐശ്വര്യ റായിയെയും താരതമ്യം ചെയ്തും ബിപ്ലബ് കുമാര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഇന്റര്‍നെറ്റ് ഇന്ത്യയില്‍ പുതിയതല്ലെന്നും കുരുക്ഷേത്ര യുദ്ധത്തിന്റെ തത്സമയ വിവരണം ധൃതരാഷ്ട്രര്‍ക്ക് നല്‍കിയ സഞ്ജയന്‍ അതിന് തുല്യമായ സേവനമാണ് ഉപയോഗിച്ചതെന്നാണ് മുഖ്യമന്ത്രി ഇന്റര്‍നെറ്റിനെ കുറിച്ച് പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍