UPDATES

യൂണിവേഴ്‌സിറ്റി കോളേജില്‍ പഠനം തുടരാനാകില്ല; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജ് മാറുന്നു

പഠന സാഹചര്യമാണ് ടി സിയ്ക്ക് അപേക്ഷ നല്‍കാന്‍ കാരണമെന്ന് പറയുന്നുണ്ടെങ്കിലും ഇവിടെ തന്നെ തുടര്‍ന്ന് പഠിച്ചാല്‍ കുട്ടിയ്ക്ക് എന്തെങ്കിലും സംഭവിക്കുമോയെന്ന ഭയമാണെന്നും വീട്ടുകാര്‍ പറയുന്നു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പഠനം തുടരാനാകില്ലെന്ന് വ്യക്തമാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജ് മാറാന്‍ അപേക്ഷ നല്‍കി. ആറ്റിങ്ങല്‍ സ്വദേശിയായ പെണ്‍കുട്ടി ഇന്നലെ മാതാപിതാക്കള്‍ക്കൊപ്പമെത്തിയാണ് അപേക്ഷ നല്‍കിയത്. അതേസമയം തുടര്‍ പഠനത്തിനുള്ള കോളേജ് തീരുമാനമാകാത്തതിനാല്‍ ടി സി ലഭിച്ചില്ല.

വര്‍ക്കല എസ് എന്‍ കോളേജില്‍ തുടര്‍ പഠനം നടത്താനാണ് വിദ്യാര്‍ത്ഥിനിയുടെ ലക്ഷ്യമെന്നാണ് അറിയുന്നത്. അടുത്ത ദിവസം വര്‍ക്കല കോളേജില്‍ പോയി അന്വേഷിച്ച ശേഷം ടി സി വാങ്ങാന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ തിരിച്ചെത്തിയേക്കും. ഇന്നലെ ഇവര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി വൈസ് ചാന്‍സലര്‍ മഹാദേവന്‍ പിള്ളയെ കണ്ടിരുന്നു. വിദ്യാര്‍ത്ഥിനിക്ക് താല്‍പര്യമുള്ള ഏത് കോളേജില്‍ വേണമെങ്കിലും തുടര്‍ പഠനം നടത്താമെന്ന് അദ്ദേഹം അറിയിച്ചു.

ഒന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോളേജില്‍ കൃത്യമായി ക്ലാസുകള്‍ നടക്കാത്തതും വിവിധ പരിപാടികള്‍ക്കായി വിദ്യാര്‍ത്ഥികളെ എസ് എഫ് ഐ നേതാക്കള്‍ ക്ലാസില്‍ നിന്നും വിളിച്ചുകൊണ്ട് പോകുന്നതും പഠനത്തെ ബാധിക്കുന്നുവെന്ന് കുറിപ്പെഴുതി വച്ചാണ് വിദ്യാര്‍ത്ഥിനി കോളേജിനുള്ളില്‍ വച്ച് തന്നെ കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് പരാതിയില്ലെന്ന് വിദ്യാര്‍ത്ഥിനിയും രക്ഷിതാക്കളും പോലീസിന് മൊഴി നല്‍കി. ആത്മഹത്യാ ശ്രമത്തിന് ആറ്റിങ്ങല്‍ പോലീസ് വിദ്യാര്‍ത്ഥിനിക്കെതിരെ കേസെടുക്കുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും മനുഷ്യാവകാശ കമ്മിഷനും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളും മറ്റ് സംഘടനകളും യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തന രീതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എസ്എഫ്‌ഐയുടെ ഭീഷണിയെ തുടര്‍ന്നാണ് പരാതി പിന്‍വലിച്ചതെന്നാണ് മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഉയര്‍ത്തുന്ന ആരോപണം. ആത്മഹത്യാക്കുറിപ്പില്‍ എസ്എഫ്‌ഐ നേതാക്കളുടെ പേരെടുത്ത് പറഞ്ഞ പെണ്‍കുട്ടി പിന്നീട് പിന്മാറിയത് ഭയം മൂലമാണെന്ന് ബന്ധുവും ആരോപിച്ചിരുന്നു. പഠന സാഹചര്യമാണ് ടി സിയ്ക്ക് അപേക്ഷ നല്‍കാന്‍ കാരണമെന്ന് പറയുന്നുണ്ടെങ്കിലും ഇവിടെ തന്നെ തുടര്‍ന്ന് പഠിച്ചാല്‍ കുട്ടിയ്ക്ക് എന്തെങ്കിലും സംഭവിക്കുമോയെന്ന ഭയമാണെന്നും വീട്ടുകാര്‍ പറയുന്നു. കേസുമായി മുന്നോട്ട് പോകാന്‍ ഭയമാണെന്നും ഇവര്‍ പറഞ്ഞിരുന്നു.

മെയ് മൂന്നിന് രാവിലെയാണ് പെണ്‍കുട്ടിയെ കൈഞെരമ്പ് മുറിച്ച നിലയില്‍ പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ കണ്ടെത്തിയത്. നന്നായി പഠിക്കുന്ന പെണ്‍കുട്ടി കോളേജിലെ ക്ലാസുകള്‍ നഷ്ടപ്പെടുന്നതിനെ കുറിച്ച് നേരത്തെയും പരാതി ഉന്നയിച്ചിരുന്നു. വാട്‌സ്ആപ്പ് സ്റ്റാറ്റസായും ഫേസ്ബുക്ക് പോസ്റ്റായും ഈ വിഷയം ഉന്നയിച്ചു. കോളേജ് യൂണിയന്‍ പരിപാടികളും സമരങ്ങളും കാരണം പഠന ദിവസങ്ങള്‍ നഷ്ടപ്പെടുന്നതായായിരുന്നു രണ്ട് പേജ് വരുന്ന ആത്മഹത്യാക്കുറിപ്പിലെയും പ്രധാന പരാതി. ക്ലാസുകള്‍ ഉള്ള അപൂര്‍വം ദിവസങ്ങളില്‍ അധ്യാപകര്‍ പലപ്പോഴും എത്താറില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയും പരാതിപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞെങ്കിലും അദ്ദേഹവും ഇതിനെ അവഗണിക്കുകയാണ് ചെയ്തത്.
READ MORE: മരം മുറിക്കാന്‍ കെഎസ്ഇബി; ശാന്തിവനത്തിന് സംരക്ഷണ വലയമൊരുങ്ങുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍