UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപ്രിംകോടതി പ്രതിസന്ധി; ഇന്ന് പരിഹാരമുണ്ടായേക്കും

ഫുള്‍ കോര്‍ട്ട് ചേര്‍ന്നു സമവായമുണ്ടാക്കാനാണു ശ്രമം

അസാധാരണ നടപടിയിലൂടെ സുപ്രിം കോടതിയിലെ നാലു ജസ്റ്റീസുമാര്‍ വാര്‍ത്തസമ്മേളനം വിളിക്കുകയും പരമോന്നത കോടതിയുടെ നടപടികളില്‍ വീഴ്ച്ചകളുണ്ടെന്ന ചൂണ്ടിക്കാട്ടുകയും ചെയ്തതിലൂടെ ഉണ്ടായ പ്രതിസന്ധി ഇന്നു പരിഹരിക്കപ്പെട്ടേക്കും. പ്രശ്‌നങ്ങള്‍ നീതിന്യായവ്യവസ്ഥയ്ക്ക് അകത്തു പരിഹരിക്കണമെന്നു കേന്ദ്രസര്‍ക്കാരും നിലപാട് അറിയിച്ചിരുന്നു. ഫുള്‍ കോര്‍ട്ട് ചേര്‍ന്നു സമവായമുണ്ടാക്കാനാണു ശ്രമം.

പരമോന്നത നീതിപീഠത്തിലുണ്ടായ സമാനതകളില്ലാത്ത സംഭവവികാസങ്ങള്‍ക്ക് ഇന്നു പരിഹാരം കാണാന്‍ കഴിയുമെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞത്. ജഡ്ജിമാരുടെ വാര്‍ത്തസമ്മേളനത്തിനു പിന്നാലെ ഇന്നലെ ചീഫ് ജസ്റ്റിസുമായി എജി ചര്‍ച്ച നടത്തിയിരുന്നു. നാല് ജഡ്ജിമാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു കൂടുതല്‍ ജഡ്ജിമാര്‍ രംഗത്തെത്തിയതോടെ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണാനാണു നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോടു സംഭവത്തെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴുണ്ടായിട്ടുള്ളതു നീതിന്യായ വ്യവസ്ഥയിലെ ആഭ്യന്തര പ്രശ്‌നമാണെന്നാണു സര്‍ക്കാര്‍ നിലപാട്. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് സ്വീകരിച്ച നിലപാടാണു പ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയിലെത്താന്‍ കാരണമായത് എന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ കരുതലോടെയാണ് ഇടപെടുന്നത്.

ജഡ്ജിമാരുമായി പ്രതിനിധികള്‍ മുഖേന ചീഫ് ജസ്റ്റിസ് ആശയവിനിമയത്തിനു ശ്രമിച്ചുവരികയാണ്. ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടതിലെ നിയമപ്രശ്‌നങ്ങള്‍ ഉയര്‍ത്തി നേരിടാനുള്ള ശ്രമം ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. മുഴുവന്‍ സുപ്രീംകോടതി ജഡ്ജിമാരുടെ പങ്കാളിത്തമുള്ള ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് അനുരഞ്ജന ഫോര്‍മുല കണ്ടെത്താനാണു നീക്കം.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടുകൊണ്ടിരുന്ന ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട അവ്യക്തത പരിഹരിക്കുന്നതില്‍ സുപ്രീംകോടതി പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാര്‍ കഴിഞ്ഞ ദിവസം പത്ര സമ്മേളനം വിളിച്ചത്. രണ്ട് മാസം മുമ്പ് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നുവെന്നും എന്നാല്‍ വിഷയം പരിഹരിക്കപ്പെട്ടില്ല എന്നും ജഡ്ജിമാര്‍ ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍