UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹര്‍ത്താല്‍: വി സുരേന്ദ്രന്‍ പിള്ളയ്ക്ക് പരിക്കേറ്റു

പോലീസ് നോക്കിനില്‍ക്കെ കൊല്ലത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. പൊതുവെ സമാധാനപരമായിരുന്ന ആദ്യ മണിക്കൂറുകള്‍ക്ക് ശേഷം പലയിടത്തും ഗുരുതരമായ അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെ മുന്‍ മന്ത്രിയും യുഡിഎഫ് ഘടകകക്ഷിയായ ജെഡിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വി സുരേന്ദ്രന്‍ പിള്ളയ്ക്ക് പരിക്കേറ്റു.

തിരുവനന്തപുരത്ത് വച്ച് ഹര്‍ത്താലിനിടെ യുഡിഎഫ് പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് സുരേന്ദ്രന്‍ പിള്ളയ്ക്ക് പരിക്കേറ്റത്. മൂക്കിനാണ് പരിക്കേറ്റത്. പരിക്കേറ്റതിനെ തുടര്‍ന്ന് മൂക്കില്‍ നിന്നും രക്തമൊലിക്കുന്നുണ്ടായിരുന്നു. കൊല്ലത്തും കല്ലേറുണ്ടായിട്ടുണ്ട്. പലയിടങ്ങളിലും തുറന്ന കടകള്‍ ബലപ്രയോഗത്തിലൂടെ അടപ്പിച്ചു. പോലീസ് നോക്കിനില്‍ക്കെയാണ് കൊല്ലത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്. കൊട്ടാരക്കരയിലും ചവറയിലും വാഹനം തടഞ്ഞ് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചു. കടകളും സ്ഥാപനങ്ങളും അടപ്പിച്ചു.

മധ്യകേരളത്തിലും ഹര്‍ത്താലിനിടെ നേരിയ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. കൊച്ചി പാലാരിവട്ടത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ആലപ്പുഴ പട്ടണക്കാട് ദേശീയ പാതയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ആലുവ ദേശത്ത് വാഹനങ്ങള്‍ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ഉപരോധിച്ചു. തൃശൂര്‍ സ്വരാജ് റൗണ്ടിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. വാഹനങ്ങള്‍ തടഞ്ഞ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു.

സമാധാനം വാക്കില്‍ മാത്രം; യുഡിഎഫ് ഹര്‍ത്താലില്‍ പരക്കെ ആക്രമണം

കോഴിക്കോട് മുക്കത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. പ്രവര്‍ത്തകരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മലപ്പുറം കൊണ്ടോട്ടിയില്‍ വാഹനങ്ങള്‍ തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഹര്‍ത്താല്‍ അനുകൂലികള്‍ ജി മാളിലെ കടകളും കണ്ണൂര്‍ എസ്ബിഐ ബ്രാഞ്ചും അടപ്പിച്ചു. ജീവനക്കാരെ നിര്‍ബന്ധിച്ച് പുറത്തിറക്കി. തളിപ്പറമ്പ് താലൂക്ക് ഓഫീസിലേക്കും ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ എന്നിവ സര്‍വീസ് നടത്തിയില്ല. പാലക്കാട് എലപ്പുള്ളിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍