UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയ്ക്ക്: കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്കില്‍

കുടുംബശ്രീ ജീവനക്കാരുടെ പരിശീലനം നിര്‍ത്തി വച്ചതോടെ തിരുവനന്തപുരത്തെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു

കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ സംയുക്ത യൂണിയന്‍ ഇന്ന് രാവിലെ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളുടെ ചുമതല ഇന്ന് രാവിലെ ആറ് മണി മുതല്‍ കുടുംബശ്രീ പ്രവര്‍ത്തകരായ വനിതകള്‍ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് മിന്നല്‍ പണിമുടക്ക്.

ആദ്യം തിരുവനന്തപുരത്ത് പ്രഖ്യാപിച്ച പണിമുടക്ക് മറ്റ് ജില്ലകളിലേക്കും വ്യാപിച്ചു. സംസ്ഥാനത്തെ ഒരു ഡിപ്പോകളില്‍ നിന്നും ബസുകള്‍ പുറപ്പെടുന്നില്ല. സമരം പ്രഖ്യാപിക്കുന്നതിന് മുമ്പ് സര്‍വീസ് തുടങ്ങിയ ബസുകള്‍ മാത്രമാണ് റൂട്ടിലുള്ളത്. എംഡി ടോമിന്‍ തച്ചങ്കരിയുടെ തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ക്കെതിരെയാണ് തങ്ങളുടെ സമരമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ഇതിനിടെ ഒമ്പതരയോടെ തിരുവനന്തപുരത്ത് സമരം അവസാനിപ്പിച്ചു. കുടുംബശ്രീ ജീവനക്കാരെ പ്രവേശിപ്പിക്കില്ലെന്ന് അറിയിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തിരുവനന്തപുരത്ത് ഉപരോധം തുടങ്ങിയത്.

സെന്‍ട്രല്‍ ഡിപ്പോയില്‍ രാവിലെ മുതല്‍ സമരം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. അതേസമയം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചതോടെയാണ് തിരുവനന്തപുരത്തെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചത്. എല്ലാ തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തകരും ഉപരോധത്തില്‍ പങ്കെടുത്തിരുന്നു. പരിശീലനം നിര്‍ത്തിവച്ചതില്‍ പ്രതിഷേധിച്ച് കുടുംബശ്രീ പ്രവര്‍ത്തകരും ഉപരോധം ആരംഭിച്ചിട്ടുണ്ട്.

കുടുംബശ്രീ വനിതകളെ കൗണ്ടറുകളെ ചുമതല ഏല്‍പ്പിക്കുന്ന ഉത്തരവ് ഇന്നലെയാണ് എംഡി പുറത്തിറക്കിയത്. കോര്‍പ്പറേഷനിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരാണ് ഇപ്പോള്‍ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ജോലി ചെയ്യുന്നത്. ഇവരെ ക്യാഷ് കൗണ്ടറിലേക്ക് മാറ്റിയാണ് റിസര്‍വേഷന്‍ ചുമതല കുടുംബശ്രീയെ ഏല്‍പ്പിക്കുന്നത്. ഇന്ന് രാവിലെ ആറ് മണി മുതലാണ് കുടുംബശ്രീ വനിതകള്‍ ജോലിയില്‍ കയറേണ്ടിയിരുന്നത്.

ചുമതലയേല്‍ക്കാന്‍ വന്നവരെ തൊഴിലാളി സംഘടനകള്‍ തടയുകയായിരുന്നു. ആദ്യഘട്ടമായി 24 റിസര്‍വേഷന്‍ കൗണ്ടറുകളുടെ പ്രവര്‍ത്തനമാണ് കുടുംബശ്രീ ഏറ്റെടുക്കുന്നത്. നൂറോളം വനിതകളാണ് ഇന്ന് ചുമതലയേല്‍ക്കാനിരുന്നത്. ടോപ്പ് അപ്പ് റീച്ചാര്‍ജ്ജ് മാതൃകയില്‍ നേരത്തെ പണമടച്ച് ടിക്കറ്റ് വാങ്ങിയാണ് കുടുംബശ്രീ വില്‍പ്പന നടത്തുക. ഓരോ ടിക്കറ്റിലും 4.5 ശതമാനം കമ്മിഷന്‍ ലഭിക്കും. എല്ലാ ഡിപ്പോകളിലും കുടുംബശ്രീയുമായി ചേര്‍ന്ന് റിസര്‍വേഷന്‍ ആരംഭിക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. ഘട്ടംഘട്ടമായി മറ്റ് ജോലികളും കുടുംബശ്രീയെ ഏല്‍പ്പിക്കുമെന്നും ഇത് കോര്‍പ്പറേഷനെ സ്വകാര്യവല്‍ക്കാരിക്കാനുള്ള നീക്കമാണെന്നുമാണ് തൊഴിലാളി യൂണിയനുകളുടെ ആശങ്ക.

കെഎസ്ആര്‍ടിസിയിലെ ജോലികള്‍ കുടുംബശ്രീ ജീവനക്കാരെ ഏല്‍പ്പിക്കുന്നതിനെതിരെ സംയുക്ത തൊഴിലാളി യൂണിയന്‍ കെഎസ്ആര്‍ടിസി മന്ത്രിക്കും തൊഴില്‍ മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നാളെ ചര്‍ച്ച നടക്കാനിരിക്കെയാണ് ഇന്ന് മുതല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ടിക്കറ്റ് കൗണ്ടറിന്റെ ചുമതല ഏറ്റെടുക്കുന്നതായി എംഡിയുടെ ഉത്തരവ് വന്നത്. ഇതോടെയാണ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കിലേക്ക് നീങ്ങിയത്.

തച്ചങ്കരിയുമായി പ്രശ്നങ്ങളില്ല; എല്ലാ കുറ്റങ്ങളും തൊഴിലാളിയുടെ തലയില്‍ വയ്ക്കാന്‍ പറ്റില്ല; ആനത്തലവട്ടം ആനന്ദന്‍/അഭിമുഖം

തച്ചങ്കരിയെ വിടില്ല; സിഐടിയു മുന്നോട്ട് തന്നെ; കെഎസ്ആര്‍ടിസിയില്‍ കൂട്ടക്കുഴപ്പം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍