സന്യാസിമാര്‍ ഹിന്ദുക്കളോ മുസ്ലീങ്ങളോ സിഖുകാരോ അല്ല, അവര്‍ക്ക് അതിലും വിശാലമായൊരു മാനമാണുള്ളത്
വാരണാസിയില്‍ മത്സരിക്കാന്‍ മോദി തയ്യാറാണെങ്കില്‍ എതിര്‍ത്തു മത്സരിക്കാന്‍ താനും തയ്യാറാണെന്നും, അദ്ദേഹത്തെ തോല്‍പ്പിക്കാനാകുമെന്ന കാര്യത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും സ്വാമി അഗ്‌നിവേശ്. മോദി വാരണാസിയില്‍ നിന്നും മത്സരിക്കുന്നില്ലെന്നാണ് കേട്ടത്. അദ്ദേഹത്തിന്റെ തോല്‍വിയുറപ്പാണ്. തോല്‍പ്പിക്കാനാകുമെന്ന് ആത്മവിശ്വാസവും തനിക്കുണ്ട്. മഹാഗതബന്ധനിലുള്ളവര്‍ ക്ഷണിച്ചാല്‍ വാരണാസിയില്‍ അദ്ദേഹത്തെ എതിര്‍ക്കാന്‍ തയ്യാറാണെന്നുമാണ് തന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള് ചോദ്യത്തിന് പാതി കളിയായും പാതി കാര്യമായും സ്വാമി അഗ്‌നിവേശിന്റെ ഉത്തരം. കോഴിക്കോട്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ ‘എന്തു കൊണ്ട് ഞാന്‍ ഹിന്ദുവല്ല’ എന്ന ചര്‍ച്ചയില്‍ പത്മപ്രിയയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ പ്രകോപനപരമായ ഒരു കാര്യം ചെയ്യാന്‍ പോകുന്നു എന്ന മുഖവുരയോടെ ‘ഓം’ എന്നും ‘ബിസ്മില്ലാഹി റഹ്മാനിറഹീം’ എന്നും ‘വൈഗുരു സത്നാം ഏകോംകാര്‍’ എന്നും ഒരുമിച്ച് ഉച്ചരിച്ചാണ് സ്വാമി അഗ്‌നിവേശ് ആരംഭിച്ചത്. മതപരമായ ചട്ടക്കൂടുകള്‍ക്ക് പുറത്തു നില്‍ക്കുന്നു എന്ന അര്‍ത്ഥത്തില്‍ താന്‍ ഹിന്ദുവല്ല എന്നും സന്യാസിമാര്‍ക്ക് ഹിന്ദുവാകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. സന്യാസിമാര്‍ ഹിന്ദുക്കളോ മുസ്ലീങ്ങളോ സിഖുകാരോ അല്ല, അവര്‍ക്ക് അതിലും വിശാലമായൊരു മാനമാണുള്ളത്. തന്റെ ചെറുപ്പകാലത്ത് കീഴാള വിഭാഗക്കാരോടും സ്ത്രീകളോടുമുണ്ടായിരുന്ന തൊട്ടുകൂടായ്മ കണ്ടാണ് വളര്‍ന്നതെന്നും അത്തരം ഉച്ചനീചത്വങ്ങളാണ് സന്യാസത്തിലേക്ക് നയിച്ചതെന്നും സ്വാമി അഗ്‌നിവേശ് പറയുന്നു.
പതിനൊന്നു തവണ താന്‍ അറസ്റ്റു ചെയ്യപ്പെട്ടു. എട്ടു തവണ തനിക്കു നേരെ വധശ്രമമുണ്ടായി. എന്നാല്‍ ഒരു ബി.ജെ.പി നേതാവു പോലും അതിനെ അപലപിച്ച് സംസാരിച്ചില്ല. തന്റെ നിലപാടുകളുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെങ്കില്‍ അത് തന്നോടു നേരിട്ടു പറയാമായിരുന്നുവെന്നും ആക്രമണത്തിലൂടെ എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നതെന്നും സ്വാമി അഗ്‌നിവേശ് വിശദീകരിക്കുന്നു.
‘എല്ലാ മതങ്ങളും പുരുഷകേന്ദ്രീകൃതമാണ്. അവ എല്ലാവരെയും അവയുടേതായ ചട്ടക്കൂടില്‍ നിര്‍ത്താനാണ് ശ്രമിക്കുക. അയ്യപ്പനേക്കുറിച്ചു പറയുന്നതുപോലെ ഞാനും നൈഷ്ഠിക ബ്രഹ്മചാരിയാണ്. പക്ഷേ, പത്തുവയസ്സിനും അമ്പതു വയസ്സിനും ഇടയിലുള്ള സ്ത്രീകളെ നോക്കാന്‍ എനിക്കു ഭയമില്ല.’ ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിക്കൊണ്ട് സ്വാമി അഗ്‌നിവേശ് പറയുന്നു. കേരളത്തിലെ സ്ത്രീകള്‍ അണിചേര്‍ന്ന വനിതാ മതില്‍ കണ്ടുവെന്നു സൂചിപ്പിച്ച അദ്ദേഹം, വനിതാ മതിലിന്റെ ഉദ്ദേശത്തെ അഭിനന്ദിക്കുകയും ചെയ്തു.
ഭക്ഷണത്തിനായി മൃഗങ്ങളെ കൊന്നൊടുക്കുന്നതിനോട് തനിക്ക് യോജിക്കാനാവില്ലെങ്കിലും, ഗോവധത്തിന്റെ പേരു പറഞ്ഞ് ജനങ്ങളെ കൊന്നുതള്ളുന്ന സംഘപരിവാര്‍ നീക്കത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ധാന്യത്തിന്റെ നല്ലൊരു ശതമാനം മാറ്റിവയ്ക്കപ്പെടുന്നത് ഫാമുകളിലെ കന്നുകാലികള്‍ക്ക് തീറ്റയ്ക്കായാണെന്നും, പുല്ലും മറ്റും ഭക്ഷിച്ചു ജീവിക്കുന്ന മൃഗങ്ങളെ ഇറച്ചിക്കായി ഫാമുകളിലടയ്ക്കുമ്പോള്‍ ധാരാളം ഭക്ഷ്യധാന്യം വകമാറ്റി ഉപയോഗിക്കേണ്ടിവരുമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മാംസഭക്ഷണം ശരീരത്തിനു നല്ലതല്ലെന്നു വാദിച്ച സ്വാമി അഗ്‌നിവേശ്, താന്‍ ജേക്കബ് വടക്കാഞ്ചേരിയുടെ ഉപദേശങ്ങള്‍ പിന്‍പറ്റുന്നയാളാണെന്നും, അദ്ദേഹത്തെപ്പോലുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ വലിയ അറിവുണ്ടെന്നും സംസാരത്തിനിടെ സൂചിപ്പിച്ചു.