UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിറിയയില്‍ രാസായുധം: അന്വേഷണ സംഘത്തിന് പ്രവേശനാനുമതി നിഷേധിച്ചതായി ആരോപണം

സിറിയയുടെ രാസായുധ പദ്ധതിയെ സഹായിക്കുന്നുവെന്ന് ആരോപിച്ച് റഷ്യയെ ഉപരോധിക്കുമെന്ന തീരുമാനത്തില്‍ നിന്നും ട്രംപ് ഭരണകൂടം പിന്മാറി

സിറിയയില്‍ രാസായുധം പ്രയോഗിച്ചുവെന്ന ആരോപണത്തെ പറ്റി അന്വേഷിക്കാനെത്തിയ അന്താരാഷ്ട്ര പരിശോധനാ സംഘത്തിന് സിറിയയും റഷ്യയും പ്രവേശനാനുമതി നിഷേധിക്കുന്നതായി പാശ്ചാത്യ നയതന്ത്രജ്ഞര്‍.

അതേസമയം, സിറിയയുടെ രാസായുധ പദ്ധതിയെ സഹായിക്കുന്നുവെന്ന് ആരോപിച്ച് റഷ്യയെ ഉപരോധിക്കുമെന്ന തീരുമാനത്തില്‍ നിന്നും ട്രംപ് ഭരണകൂടം പിന്മാറി. നേരത്തെ ഐക്യരാഷ്ട്രസഭയിലെ യുഎസ് പ്രതിനിധി നിക്കി ഹാലെയാണ് റഷ്യയെ ഉപരോധിക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് സമീപഭാവിയില്‍ തന്നെ തീരുമാനമെടുക്കുമെന്നും അപ്പോള്‍ നിങ്ങളെ അറിയാക്കമെന്നും വൈറ്റ്ഹൗസ് വക്താവ് സാറ സാന്റേഴ്‌സ് മാധ്യമങ്ങളോടു പറഞ്ഞു.

എന്നാല്‍, ട്രംപ് നേരിട്ട് ഇടപെട്ടുകൊണ്ടാണ് റഷ്യയെ ഉപരോധിക്കുമെന്ന തീരുമാനത്തില്‍ നിന്നും അമേരിക്ക പിന്മാറിയതെന്ന് പേരു വെളിപ്പെടുത്താത്ത സ്രോതസുകളെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ഭാഗത്ത് നിന്നും ഒരു പുതിയ സൈബര്‍ ആക്രമണമോ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രകോപനമോ ഉണ്ടായേക്കാം എന്ന് ഭയന്നാണ് ട്രംപിന്റെ ഈ പിന്മാറ്റമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു.

സിറിയയും റഷ്യയും ആക്രമണം മറച്ചുവെയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ദൂമ സന്ദര്‍ശിച്ച് കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേയ് പാര്‍ലമെന്റില്‍ പറഞ്ഞു. ‘ദൂമയില്‍ രാസായുധപ്രയോഗം നടന്നിട്ടില്ലെന്ന് ആവര്‍ത്തിക്കാന്‍ തെളിവുകള്‍ റഷ്യന്‍ പിന്തുണയോടെ മറച്ചുവക്കാനുള്ള ശ്രമത്തിലാണ് സിറിയ. എന്നാല്‍, ആക്രമണത്തിന്റെ വസ്തുതകള്‍ പുറത്ത് കൊണ്ടുവരുവാനുള്ള വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും’ അവര്‍ പറഞ്ഞു.

പക്ഷെ, അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ പാശ്ചാത്യ ബോംബാക്രമണമാണ് എല്ലാ തടസ്സങ്ങള്‍ക്കും കാരണമെന്ന് ഐക്യരാഷ്ട്രസഭയിലെ റഷ്യന്‍ ഡെപ്യൂട്ടി സ്ഥാനപതി ഡിമിട്രി പോളിന്‍സ്സ്‌കി പറയുന്നത്. സുരക്ഷാ കാരണങ്ങളാലാണ് പരിശോധനാ സംഘത്തെ പ്രദേശത്തേക്ക് കടത്തിവിടാത്തതെന്നും യു.എന്‍ സുരക്ഷാ വിഭാഗത്തിന്റെ അനുമതിയില്ലാതെ ഒരു സംഘത്തേയും പ്രദേശത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ഗിയെ റയാബ്‌കൊവ് വ്യക്തമാക്കി. എന്നാല്‍, വസ്തുതാ പരിശോധനാ സംഘത്തിന് ആവശ്യമായ എല്ലാ ക്ലിയറന്‍സും നല്‍കിയതായി യു.എന്‍ അറിയിച്ചു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍