UPDATES

ന്യൂസ് അപ്ഡേറ്റ്സ്

താജ്മഹല്‍ ശിവക്ഷേത്രമല്ല, ഷാജഹാന്റെയും മുംതാസിന്റെയും ശവകുടീരം

ആഗ്ര കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പുരാവസ്തു വകുപ്പാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്

ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ശിവക്ഷേത്രമല്ലെന്നും മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്റെയും മുംതാസിന്റെയും ശവകുടീരമാണെന്നും സത്യവാങമൂലം. ആഗ്ര കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പുരാവസ്തു വകുപ്പാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അഭിഭാഷകനായ രാജീവ് കുല്‍ശ്രേഷ്ത ഫയല്‍ ചെയ്ത കേസിലാണ് പുരാവസ്തു വകുപ്പിന്റെ അഭിഭാഷകനായ അഞ്ജനി ശര്‍മ്മ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ തന്റെ ഭാര്യ മുംതാസിന്റെ ഓര്‍മ്മയ്ക്കായാണ് താജ്മഹല്‍ നിര്‍മ്മിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്നും ഹിന്ദുക്കള്‍ക്ക് താജ്മഹലില്‍ ആരാധന നടത്താന്‍ അവകാശമുണ്ടെന്നുമായിരുന്നു കേസ്. ഇതിന് മറുപടിയായാണ് താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സത്യവാങ്മൂലം സമര്‍പ്പിച്ചത്. താജ്മഹല്‍ തേജോ മഹാലയ എന്ന ശിവക്ഷേത്രമായിരുന്നു എന്ന് സ്ഥാപിക്കത്തക്ക തെളിവുകളൊന്നും ലഭിച്ചില്ലെന്നും അതൊരു കെട്ടുകഥയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്ന കേന്ദ്രസര്‍ക്കാരും മുമ്പ് വ്യക്തമാക്കിയിരുന്നു.

ആഗ്രയിലെ താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ ശിവക്ഷേത്രമായ തേജോ മബഹാലയ ആണെന്നും ഷാജഹാനല്ല രജപുത്ര രാജാവായ രാജാമാന്‍ സിംഗ് ആണിത് പണികഴിപ്പിച്ചതെന്നുമാണ് ചില ഹൈന്ദവ സംഘടനകള്‍ പ്രചരിപ്പിക്കുന്നത്. താജ്മഹലിന്റെ ഏത് ഭാഗമാണ് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കേണ്ടതെന്നും ഏത് ഭാഗമാണ് അടച്ചിടേണ്ടതെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അക്കാര്യത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും സത്യവാങ്മൂലത്തില്‍ പുരാവസ്തു വകുപ്പ് പറയുന്നു.

പി എന്‍ ഓക്ക് എന്ന എഴുത്തുകാരന്റെ ‘താജ്മഹല്‍ ദി ട്രൂ സ്‌റ്റോറി’ എന്ന പുസ്തകത്തിലാണ് താജ്മഹല്‍ തേജോ മഹാലായ എന്ന ശിവക്ഷേത്രമാണെന്ന പരാമര്‍ശമുള്ളത്. പുസ്തകം രചിക്കുക മാത്രമല്ല, താജ്മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓക്ക് 2000ത്തില്‍ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ സുപ്രിംകോടതി ഈ വാദം തള്ളി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍