ദക്ഷിണേന്ത്യയിലെ സാമൂഹിക, സാംസ്കാരിക ജീവിതത്തെ സാഹിത്യവുമായി സമന്വയിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചയാളാണ് തോപ്പില്‍ മുഹമ്മദ് മീരാന്‍
പ്രമുഖ തമിഴ് സാഹിത്യകാരന് തോപ്പില്‍ മുഹമ്മദ് മീരാന്‍(75) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ പേട്ടയിലെ വീരബാഹു നഗറിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് അഞ്ചുമണിക്ക് പേട്ടയില്‍. ദക്ഷിണേന്ത്യയിലെ സാമൂഹിക, സാംസ്കാരിക ജീവിതത്തെ സാഹിത്യവുമായി സമന്വയിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചയാളാണ് തോപ്പില്‍ മുഹമ്മദ് മീരാന്‍.
1944 സെപ്തംബര്‍ 26 -ന് മുഹമ്മദ് അബ്ദുല്‍ ഖാദറിന്റേയും ഫാത്തിമയുടേയും മകനായി കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്താണ് മീരാന്‍ ജനിച്ചത്. തേങ്ങാപ്പട്ടണം അംശി ഹൈസ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും നാഗര്‍കോവില്‍ എസ്.ടി.ഹിന്ദു കോളേജില്‍ നിന്ന് ബിരുദവും പൂര്‍ത്തിയാക്കി. തമിഴിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യമുണ്ടായിരുന്നു.
ഒരു കടലോരഗ്രാമത്തിന്റെ കഥ, തുറമുഖം, കൂനന്‍തോപ്പ്, ചായ്വു നാര്‍ക്കാലി എന്നീ നോവലുകളും അന്‍പുക്കു മുത്തുമൈ ഇല്ലൈ, തങ്കരശു, അനന്തശയനം കോളനി എന്നീ കഥാ സമാഹാരങ്ങളും രചിച്ചു. അദ്ദേഹത്തിന്റെ കൃതികള്‍ മലയാളം, ഹിന്ദി, കന്നട, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ‘ഒരു കടലോരഗ്രാമത്തിന്റെ കഥ’ തമിഴില്‍ 20,000 കോപ്പികള്‍ വിറ്റഴിഞ്ഞു. ഇത് റെക്കോര്‍ഡാണ്. ഈ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ‘ദ സ്റ്റോറി ഓഫ് എ സീസൈഡ് വില്ലേജ്’ ക്രോസ് വേഡ് അവാര്‍ഡ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടു.
തമിഴ്നാട് കലൈ ഇലക്കിയ പെരുമണ്‍റം അവാര്‍ഡ് (1989), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1997) എന്നിവ ഉള്‍പ്പെടെ എട്ടോളം പുസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വിമര്‍ശനങ്ങളും ശകാരങ്ങളും നേരിടുകയും ചെയ്ത എഴുത്തുകാരനാണ് മീരാന്‍. ‘ചായ്വു നാര്‍ക്കാലി’യാണ് അദ്ദേഹത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുസ്കാരത്തിന് അര്‍ഹനാക്കിയത്. ഭാര്യ ജലീല. മക്കള്‍: ഷമീര്‍ അഹമ്മദ്, മിര്‍സാദ് അഹമ്മദ്.