UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രണ്ടാം ക്ലാസുകാരന്റെ തൊണ്ടയില്‍ അധ്യാപകന്‍ ചൂരല്‍ കുത്തിയിറക്കി

ശ്വാസനാളത്തിനും അന്നനാളത്തിനും ഗുരുതരമായി ക്ഷതമേറ്റ് സംസാരശേഷി നഷ്ടപ്പെട്ട നിലയിലാണ് ഇപ്പോള്‍ കുട്ടി

ഗണിതശാസ്ത്രത്തിലെ ചോദ്യത്തിന് ഉത്തരം അറിയാതിരുന്ന രണ്ടാം ക്ലാസുകാരന്റെ തൊണ്ടയില്‍ അധ്യാപകന്‍ ചൂരല്‍ കുത്തിയിറക്കി. കുട്ടി ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ കര്‍ജത് ഉപജില്ലയില്‍പ്പെട്ട പിമ്പാല്‍ഗോന്‍ ഗ്രാമത്തിലെ ജില്ല പരിഷദ് സ്‌കൂളിലാണ് ക്രൂരമായ ഈ സംഭവം.

രോഹന്‍ ഡി ജാന്‍ജിറെ എന്ന എട്ടുവയസുകാരന്റെ തൊണ്ടയിലാണ്, താന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാത്തതില്‍ പ്രകോപിതനായി ചന്ദ്രകാന്ത് സോപന്‍ ഷിന്‍ഡെ എന്ന അധ്യാപകന്‍ കൈവശം ഉണ്ടായിരുന്ന ചൂരല്‍ കുത്തിയിറക്കിയത്. കുട്ടിയുടെ ശ്വാസനാളത്തിനും അന്നനാളത്തിനും ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ട്. സംസാരശേഷി നഷ്ടപ്പെട്ട നിലയിലാണ് രോഹന്‍ ഇപ്പോള്‍.

കഴുത്തില്‍ കുത്തേറ്റ കുട്ടി ചോരയില്‍ കുളിച്ച് ക്ലാസ് മുറിയില്‍ വീഴുകയായിരുന്നു. ഈ ഭയാനകമായ കാഴ്ച കണ്ട് ക്ലാസിലെ മറ്റു കുട്ടികള്‍ സ്‌കൂളിനു വെളിയിലേക്ക് ഭയന്നോടി കളഞ്ഞെന്നും ഇന്തോ-ഏഷ്യന്‍ ന്യൂസ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ എത്തി കുട്ടിയെ റാഷിനിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ പൂനെയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഈ ആശുപത്രിയിലെ ഐസിയൂവില്‍ കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

കുട്ടിയോട് ക്രൂരത ചെയ്ത അധ്യാപകനെ പുറത്താക്കിയെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. രോഹന്റെ മാതാവ് നല്‍കിയ പരാതിയില്‍ അധ്യാപകനെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍