UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടുമെന്ന് സുപ്രിംകോടതി

സ്വത്ത് വിട്ടുനല്‍കണമെന്ന ദാവൂദിന്റെ അമ്മയുടെയും സഹോദരിയുടെയും ഹര്‍ജി തള്ളി

അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടുമെന്ന് സുപ്രിംകോടതി അറിയിച്ചു. ദാവൂദിന്റെ സഹോദരി ഹസിന പര്‍ക്കറും അമ്മ അമിന ബി കസ്‌കറും നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതി ഇക്കാര്യം അറിയിച്ചത്.

കൊള്ളക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള പ്രത്യേക നിയമ പ്രകാരം 1988ലാണ് സര്‍ക്കാര്‍ ദാവൂദിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. 1993ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്ക് ശേഷം ദാവൂദ് രാജ്യം വിട്ടതോടെയാണ് അമ്മയും സഹോദരിയും സ്വത്തില്‍ അവകാശമുന്നയിച്ച് കോടതിയെ സമീപിച്ചത്. 1998ല്‍ ഡല്‍ഹി ഹൈക്കോടതി ഇവരുടെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ സുപ്രിംകോടതിയെ സമീപിച്ചത്. 2012 നവംബറില്‍ സുപ്രിംകോടതി ഈ ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു.

അമിനയ്ക്കും ഹസിനയ്ക്കും ഈ സ്വത്ത് സ്വന്തമാക്കാനുള്ള വരുമാന സ്രോതസ് കാണിക്കാന്‍ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും അവര്‍ രേഖകള്‍ ഹാജരാക്കിയില്ലെന്നാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. കോടികള്‍ വിലമതിക്കുന്ന ഏഴ് വീടുകളാണ് ഇരുവരുടെയും പേരിലുള്ളത്. ഇതില്‍ രണ്ടെണ്ണം അമിനയുടെ പേരിലും അഞ്ചെണ്ണം ഹസിനയുടെ പേരിലുമാണ്. ദാവൂദിന്റെ അനധികൃത സ്വത്തുക്കളാണ് ഇവയെന്നാണ് സംശയിക്കപ്പെടുന്നത്.

1993ലെ മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനാണ് ദാവൂദ്. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷ കൗണ്‍സില്‍ പുറത്തുവിട്ട ആഗോള ഭീകരരുടെ പട്ടികയില്‍ ഇയാളുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ദാവൂദിന് സംരക്ഷണം നല്‍കുന്നത് പാകിസ്ഥാനാണെന്ന ഇന്ത്യയുടെ വാദം ശരിയാണെന്ന് അടുത്തിടെ തെളിഞ്ഞിരുന്നു. യുഎന്‍ സുരക്ഷ കൗണ്‍സില്‍ പുറത്തുവിട്ട ലിസ്റ്റില്‍ ദാവൂദിന്റെ മേല്‍വിലാസം കാണിച്ചിരിക്കുന്നത് കറാച്ചിയിലേതാണ്. കഴിഞ്ഞ വര്‍ഷം തെക്കന്‍ മുംബൈയിലെ ഒരു ഹോട്ടലും ഗസ്റ്റ് ഹൗസും ഉള്‍പ്പെടെയുള്ള ദാവൂദിന്റെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ലേലം ചെയ്തിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍