UPDATES

ട്രെന്‍ഡിങ്ങ്

ഓണം ബംബര്‍ അടിച്ചത് ആറ് പേര്‍ക്ക്; ഭാഗ്യശാലികള്‍ ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാര്‍

മുമ്പും പലപ്പോഴും കൂട്ടമായും ഒറ്റയ്ക്കും ടിക്കറ്റുകളെടുത്തിട്ടുണ്ടെങ്കിലും അയ്യായിരം രൂപയില്‍ കൂടുതലൊന്നും ഭാഗ്യം ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു

ഈവര്‍ഷത്തെ ഓണം ബംബര്‍ അടിച്ചത് ആറ് പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന്. കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറി ജീവനക്കാരാണ് ഇത്തവണത്തെ ഭാഗ്യശാലികള്‍. റോണി, വിവേക്, രതീഷ്, സുബിന്‍, രംജിം, രാജീവന്‍ എന്നിവരാണ് ഓണം ബംബര്‍ പങ്കിട്ടെടുക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപയാണ് ഇത്തവണത്തെ ഓണം ബംബര്‍. കായംകുളം ശ്രീമുരുഗാ ലോട്ടറി ഏജന്റ് ശിവന്‍കുട്ടി വിറ്റ ടിക്കറ്റിനെയാണ് ഭാഗ്യം തേടിയെത്തിയത്. TM 160869 നമ്പറിലുള്ള ടിക്കറ്റാണ് ഇവര്‍ എടുത്തത്.

മുമ്പും പലപ്പോഴും കൂട്ടമായും ഒറ്റയ്ക്കും ടിക്കറ്റുകളെടുത്തിട്ടുണ്ടെങ്കിലും അയ്യായിരം രൂപയില്‍ കൂടുതലൊന്നും ഭാഗ്യം ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഭാവി പരിപാടികളെക്കുറിച്ച് നിലവില്‍ യാതൊന്നും തീരുമാനിച്ചിട്ടില്ലെങ്കിലും ജീവകാരുണ്യത്തിനായി ഇതില്‍ ഒരു പങ്ക് മാറ്റിവയ്ക്കുമെന്ന് ഇവര്‍ ഉറപ്പുപറയുന്നു. ഭാഗ്യശാലികളില്‍ ഒരാള്‍ തൃശൂര്‍ സ്വദേശിയും മറ്റുള്ളവര്‍ കൊല്ലം സ്വദേശികളുമാണ്. നികുതി കിഴിച്ച് 7.56 കോടി രൂപ ആറ് പേര്‍ക്കുമായി കിട്ടും.

രണ്ടാം സമ്മാനമായ 50 ലക്ഷം വീതം പത്ത് പേര്‍ക്ക് ലഭിക്കും. 46 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. അവ മുഴുവന്‍ ഏജന്റുമാര്‍ക്ക് വിറ്റുപോയി. ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 10 ശതമാനം കമ്മിഷനായ 1.20 കോടി രൂപയും ലഭിക്കും. 30 ശതമാനമാണ് ആദായനികുതി. ഒന്നാം സമ്മാനം കിട്ടാത്ത അതേ നമ്പറുള്ള മറ്റ് സീരീസുകളിലെ ടിക്കറ്റെടുത്ത 10 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം രൂപ ഇരുപത് പേര്‍ക്കുണ്ട. ഓരോ സീരീസിലെയും രണ്ട് പേര്‍ക്ക് വീതമാണ് ഈ സമ്മാനം ലഭിക്കുക. അവസാന അഞ്ചക്കത്തിനാണ് നാലാം സമ്മാനം ലഭിക്കുന്നത്. 180 പേര്‍ക്ക് ഒരു ലക്ഷം വീതം. അഞ്ചാം സമ്മാനം അയ്യായിരം രൂപ വീതം 1600 പേര്‍ക്ക് ലഭിക്കും.

ഇന്നലെ ഉച്ചവരെ 45,57,470 ടിക്കറ്റുകള്‍ വിറ്റിരുന്നു. വൈകിട്ടോടെ ബാക്കി ടിക്കറ്റുകളും ഏജന്റുമാര്‍ വാങ്ങി. രേഖകള്‍ കൃത്യമാണെങ്കില്‍ ഒരു മാസത്തിനുള്ളില്‍ ഭാഗ്യസമ്മാനം ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. രേഖകളുടെ കൃത്യതയില്ലായ്മയാണ് മൂന്ന് മാസം വരെ സമ്മാനം കിട്ടാന്‍ വൈകുന്നത്. ബംബര്‍ ഭാഗ്യക്കുറിയിലൂടെ കച്ചവടക്കാര്‍ക്കും വന്‍ കമ്മിഷനാണ് ലഭിക്കുന്നത്. 300 രൂപയാണ് വില്‍പ്പന വിലയെങ്കിലും 267.86 രൂപയാണ് മുഖവിലയായി നിശ്ചിച്ചിട്ടുള്ളത്. ഇതനുസരിച്ച് ഒരു ബംബര്‍ ടിക്കറ്റ് വില്‍ക്കുമ്പോള്‍ 50 രൂപ മുതല്‍ 60 രൂപ വരെ കമ്മിഷന്‍ ലഭിക്കും.

also read:ആരാണ് ആ ഭാഗ്യശാലി? TM 160869 ന് തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം 12 കോടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍