UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോമസ് രാജിവയ്ക്കും, അത് അദ്ദേഹം തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്: എന്‍സിപി

അനധികൃത ഭൂമികയ്യേറ്റക്കേസിന്റെയും കായല്‍ നികത്തല്‍ കേസിന്റെയും പേരിലായിരിക്കില്ല തോമസ് ചാണ്ടിയുടെ രാജിയെന്നും എന്‍സിപി

ഹണി ട്രാപ്പ് വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന എന്‍സിപി എംഎല്‍എ എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനായി പ്രഖ്യാപിക്കപ്പെട്ടാല്‍ മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന് എന്‍സിപി. ഇക്കാര്യം അദ്ദേഹം തന്നെ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ വ്യക്തമാക്കി.

അതേസമയം ഹണിട്രാപ്പ് വിവാദത്തില്‍ ശശീന്ദ്രനെതിരായ കേസ് ഒത്തുതീര്‍പ്പായതായി ഇന്നലെ പരാതിക്കാരി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അറിയിച്ചിരുന്നു. ശശീന്ദ്രനുമായുണ്ടായത് വ്യക്തിപരമായ തര്‍ക്കമാണെന്നും അത് കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയെന്നുമാണ് യുവതി അറിയിച്ചത്. പരാതിക്കാരി കേസ് പിന്‍വലിക്കുന്നതോടെ കുറ്റവിമുക്തനാക്കപ്പെടുന്ന ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്തുമോയെന്ന ചോദ്യം ശക്തമായിരിക്കുന്നതിനിടെയാണ് പാര്‍ട്ടി നേതൃത്വം തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.

അതേസമയം അനധികൃത ഭൂമികയ്യേറ്റക്കേസിലും കായല്‍ നികത്തല്‍ കേസിലും വിവാദത്തിലായിരിക്കുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജിയ്ക്കായുള്ള ആവശ്യം ശക്തമായിരിക്കുകയാണ്. എന്നാല്‍ ഈ വിഷയത്തില്‍ തോമസ് ചാണ്ടി രാജിവയ്ക്കില്ലെന്നും ശശീന്ദ്രന് തിരിച്ചുവരാനായി രാജിവയ്ക്കുമെന്നുമാണ് പീതാംബരന്‍ പറയുന്നത്. മറ്റൊരു പേരിലാണെങ്കിലും തോമസ് ചാണ്ടി രാജിവയ്ക്കുന്നതോടെ ഇപ്പോഴത്തെ വിവാദങ്ങള്‍ കെട്ടടങ്ങുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് നേതൃത്വം. ശശീന്ദ്രന്റെ പേരില്‍ തോമസ് ചാണ്ടിയെ രാജിവപ്പിച്ച് ഭൂമി കയ്യേറ്റ ആരോപണങ്ങളില്‍ നിന്നും മുഖംരക്ഷിക്കാനും ഇതോടെ എല്‍ഡിഎഫിന് സാധിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍