UPDATES

തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് 2.73 കോടി രൂപ പിഴ

റിസോര്‍ട്ടിലെ 32 കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് സമ്മതിച്ച് ലേക് പാലസ് റിസോര്‍ട്ട്

മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് ആലപ്പുഴ നഗരസഭ 2.73 കോടി രൂപ പിഴയിട്ടു. പിഴ അടച്ചില്ലെങ്കില്‍ റിസോര്‍ട്ട് കെട്ടിടങ്ങള്‍ പൊളിച്ച് കളയാനാണ് നിര്‍ദ്ദേശം. നഗരസഭാ സെക്രട്ടറിയാണ് താക്കീത് നല്‍കിയത്. റിസോര്‍ട്ടിലെ 32 കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് സമ്മതിച്ച് ലേക് പാലസ് റിസോര്‍ട്ട്.

ഭൂമി ക്രമവല്‍ക്കരിച്ച് കിട്ടാന്‍ റിസോര്‍ട്ട് കമ്പനി അപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്രയും നാളത്തെ നികുതിയുടെ ഇരട്ടി തുക പിഴയായി അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടപടിക്ക് ആലപ്പുഴ നഗരസഭാ കൗണ്‍സിലിന്റെ അനുമതിയുണ്ട്. പിഴയ്‌ക്കൊപ്പം ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിസോര്‍ട്ടിലെ ചില കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് പാട ഭൂമിയിലാണെന്നാണ് റിസോര്‍ട്ട് മാനേജ്‌മെന്റ് സമ്മതിച്ചത്. കായല്‍ കയ്യേറിയും പാടം കയ്യേറിയും റിസോര്‍ട്ട് നിര്‍മ്മിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനം നഷ്ടമായത്.

നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണ് ലേക്പാലസ് റിസോര്‍ട്ട് നിര്‍മ്മിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ അനുഭാവിയായ തൃശൂര്‍ സ്വദേശി ടിഎന്‍ മുകുന്ദന്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയതോടെയാണ് തോമസ് ചാണ്ടിയുടെ ക്രമക്കേടുകള്‍ പുറംലോകം അറിഞ്ഞത്. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തിയതിനെതിരെ കേസെടുക്കണമെന്ന് കൈനകരി പഞ്ചായത്ത് അംഗം ബി കെ വിനോദ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പാടം നികത്തി ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡും പാര്‍ക്കിംഗ് ഏരിയയും നിര്‍മ്മിച്ചതിനെ ചോദ്യം ചെയ്ത് പാടശേഖരസമിതി അംഗമായ ജയപ്രസാദും ഹര്‍ജി നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍