UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെങ്ങന്നൂരില്‍ ഇന്ന് നിശബ്ദ പ്രചരണം

അവസാന മണിക്കൂറുകളിലും വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ഇന്ന് നിശബ്ദ പ്രചരണം. രണ്ടരമാസം നീണ്ടുനിന്ന പ്രചരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ ഏറെ ആത്മവിശ്വാസത്തിലും ആവേശത്തിലുമാണ് മൂന്ന് മുന്നണികളും. അവസാന മണിക്കൂറുകളിലും വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.

വീടുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ചാണ് ഇന്നത്തെ പ്രചരണം. അതേസമയം പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. കനത്ത സുരക്ഷയില്‍ വിപുലമായ സൗകര്യങ്ങളാണ് യന്ത്രവിതരണത്തിനായി ഒരുക്കിയിരിക്കുന്നത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക സ്റ്റോര്‍ റൂമില്‍ നിന്നാണ് പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്. പത്ത് പോളിംഗ് സ്‌റ്റേഷനുകള്‍ക്ക് ഒരു കൗണ്ടര്‍ വീതം പതിനെട്ട് കൗണ്ടറുകളാണ് ഒരുക്കിയിരിക്കുന്നത്. വോട്ടിംഗ് യന്ത്രവും വിവിപാറ്റും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കൈപ്പറ്റുന്ന മുറയ്ക്ക് ഉദ്യോഗസ്ഥരെ അതാത് പോളിംഗ് സ്‌റ്റേഷനുകളിലേക്ക് എത്തിക്കും. ഉച്ചയോടെ ഉപകരണ വിതരണം പൂര്‍ത്തിയാകും.

ആകെ നൂറ്റിയെണ്‍പത്തിയൊന്ന് ബൂത്തുകളാണ് വോട്ടെടുപ്പിനായി തയ്യാറാക്കിയിരിക്കുന്നത്. ഇതിന് പുറമേ അറുപത് മെഷീനുകളും അനുബന്ധ സംവിധാനങ്ങളും കരുതല്‍ എന്ന നിലയില്‍ ഒരുക്കിയിട്ടുണ്ട്. പതിമൂന്ന് ബൂത്തുകള്‍ക്ക് ഒരു സെക്ടറര്‍ ഓഫീസര്‍ വീതം 15 സെക്ടറല്‍ ഓഫീസര്‍മാരാണ് ഉണ്ടായിരിക്കുക. ഓരോരുത്തര്‍ക്കും മൂന്ന് കരുതല്‍ മെഷീനുകള്‍ വീതം നല്‍കും.

അതാത് മേഖലകളിലെ യന്ത്രങ്ങള്‍ക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ സെക്ടറല്‍ ഓഫീസര്‍ക്ക് പകരം മെഷീന്‍ എത്തിക്കാനുള്ള സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഉപയോഗിക്കുന്നതിനാല്‍ 11 വിവിപാറ്റ് ടെക്‌നീഷ്യന്മാരെയും എത്തിച്ചിട്ടുണ്ട്. നാളെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ വ്യാഴാഴ്ച.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍