UPDATES

ട്രെന്‍ഡിങ്ങ്

പ്രൊഫസര്‍ക്ക് തൃണമൂല്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം, മാപ്പ് അപേക്ഷിച്ച് മമത ബാനര്‍ജി

സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് മമത മാപ്പഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്.

പശ്ചിമബംഗാളിലെ ഹൂഗ്ലി ജില്ലയിലെ കൊന്നഗറില്‍ കോളേജ് പ്രൊഫസര്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കോളേജ് ക്യാമ്പസില്‍ വച്ച് മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രകീര്‍ത്തിക്കാന്‍ വിസമ്മതിച്ച തന്റെ വിദ്യാര്‍ത്ഥികളും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെട്ടപ്പോഴാണ് പ്രൊഫസര്‍ സുബ്രത ചാറ്റര്‍ജിക്ക് മര്‍ദ്ദനമേറ്റത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ തൃണമൂല്‍ കോണ്‍ഗ്രസ് ഛത്ര പരിഷദ് (ടിഎംസിപി) അംഗങ്ങളാണ് അക്രമികളെന്ന് പറയപ്പെടുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ടിഎംസിപി നേതൃത്വം അറിയിച്ചെങ്കിലും മമത പ്രൊഫസറെ നേരിട്ട് വിളിച്ച് മാപ്പ് അപേക്ഷിക്കുകയായിരുന്നു. അക്രമികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ടിഎംസിപിയുടെ പ്രാദേശിക നേതാക്കളും സ്ഥലം എംഎല്‍എയും പ്രൊഫസറെ നേരില്‍ക്കണ്ട് മാപ്പ് അപേക്ഷിച്ചിട്ടുണ്ട്. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് മമത മാപ്പഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്.

സംഭവത്തില്‍ കോളേജിലെ രണ്ട് മുന്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. പ്രൊഫസറെ ആക്രമിച്ചവര്‍ ക്യാമ്പസിലെത്തി അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളോട് മമത ബാനര്‍ജി സിന്ദാബാദ്, ജയ് മമത, തൃണമൂല്‍ സിന്ദാബാദ് എന്നിങ്ങനെ മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പാര്‍ട്ടിയെ ബാധിച്ചിരിക്കുന്ന ഗുണ്ടായിസം, അഴിമതി തുടങ്ങിയവയെക്കുറിച്ച് മമതയ്ക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് അവരുടെ പെട്ടെന്നുള്ള പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്.

കോളേജ് അഡ്മിഷന്‍ റാക്കറ്റുകളുടെ പേരിലും പ്രൊഫസര്‍മാരെയും അധ്യാപകരെയും മര്‍ദ്ദിക്കുന്നതിന്റെ പേരിലും ടിഎംസിപി സമീപകാലങ്ങളായി വാര്‍ത്തകളില്‍ നിറയുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഉയരുന്ന ജനവികാരം ആളിക്കത്തിക്കാന്‍ പശ്ചിമബംഗാളിലെ ബിജെപി നേതാക്കള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. തന്റെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയെ പോലും നിയന്ത്രിക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ മമത. ബിജെപി രാഷ്ട്രീയ നേട്ടത്തിനുള്ള സാഹചര്യം തേടുന്നതിനാല്‍ കൂടുതല്‍ കേടുകള്‍ നിയന്ത്രിക്കേണ്ടത് പാര്‍ട്ടി നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും മമതയുടെ ഉത്തരവാദിത്വമായിരിക്കുകയാണ്.

മന്ത്രിമാരെയും എംഎല്‍എമാരെയും മാത്രമല്ല, ബുദ്ധദേബ് ഭട്ടാചാര്യ, മമത ബാനര്‍ജി തുടങ്ങിയ മുഖ്യമന്ത്രിമാരെയും സൃഷ്ടിച്ച ചരിത്രമാണ് ബംഗാളിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനുള്ളത്. പ്രവര്‍ത്തകരുടെ അമിതാവേശമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മമത വിശദീകരിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍