UPDATES

ട്രെന്‍ഡിങ്ങ്

ഫാഷിസത്തെ തടയാന്‍ ഒരു മണിക് സര്‍ക്കാര്‍ മാത്രം പോര; ത്രിപുര ഇന്ത്യന്‍ ഇടതുപക്ഷത്തിന് മുന്നില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഒന്നുകില്‍ ഈ യുദ്ധത്തില്‍ ബിജെപി – സംഘപരിവാര്‍ ഫാഷിസ്റ്റ് രാഷ്ട്രീയം ജയിക്കും. അല്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം അതിജീവിക്കും. രക്ഷപ്പെടാനുള്ള വഴി കണ്ടെത്തേണ്ടത് നമ്മള്‍ ഓരോരുത്തരുമാണ്. എല്ലാവരും ചേര്‍ന്നുമാണ്.

നാട്ടുരാജ്യമായിരുന്ന ത്രിപുര 1949ലാണ് ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചത്. 1951 ഒക്ടോബര്‍ മുതല്‍ 1952 മാര്‍ച്ച് വരെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ത്രിപുര കേന്ദ്ര ഭരണ പ്രദേശമായിരുന്നു. 1948 ഫെബ്രുവരിയില്‍ കല്‍ക്കട്ടയില്‍ ചേര്‍ന്ന സിപിഐയുടെ (അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി) രണ്ടാം കോണ്‍ഗ്രസ് സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് പാര്‍ട്ടി നിരോധിക്കപ്പെടുകയും നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുകയോ ഒളിവില്‍ പോവുകയോ ചെയ്യുകയുമുണ്ടായി. ഈ സാഹചര്യത്തില്‍ 1952ലെ തിരഞ്ഞെടുപ്പിന് ശേഷം ലോക്‌സഭ ആദ്യമായി ചേര്‍ന്നപ്പോള്‍ സ്പീക്കര്‍ അംഗങ്ങളുടെ പേരുകള്‍ വിളിക്കുകയാണ്. അതില്‍ രണ്ട് പേരെ ക്ഷണിച്ചപ്പോള്‍ സഭയില്‍ സമാനതകളില്ലാത്ത ഊര്‍ജ്ജവും ആവേശവും പ്രസരിച്ചു. ഒളിവില്‍ കഴിഞ്ഞും അറസ്റ്റ് ഭീഷണികളേയും വേട്ടയാടലുകളേയും അതിജീവിച്ചും മികച്ച ഭൂരിപക്ഷത്തിന് ജയിച്ചുവന്ന രണ്ട് പേര്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു അടക്കമുള്ള കോണ്‍ഗ്രസ് എംപിമാരുടെ മുന്നിലൂടെ തല ഉയര്‍ത്തിപ്പിടിച്ച് മുദ്രാവാക്യം വിളികളുമായി നടന്നുവന്നു. ലോക്‌സഭയെ ഇളക്കിമറിച്ച് കടന്നുവന്ന ആ രണ്ട് പേര്‍ ദശരഥ് ദേബും ബീരേന്ദ്ര ദത്തയും ആയിരുന്നു (1993 മുതല്‍ 98 വരെ ത്രിപുര മുഖ്യമന്ത്രിയായിരുന്ന ദശരഥ് ദേബ് ഇന്ത്യയിലെ ആദ്യ ഗോത്രവര്‍ഗക്കാരനായ മുഖ്യമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാനത്തെ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു).

ഇന്ത്യന്‍ പാര്‍ലമെന്റിലേയ്ക്ക് ത്രിപുരയിലെ ജനങ്ങള്‍ ആദ്യമായി തിരഞ്ഞെടുത്ത് അയച്ച അവരുടെ പ്രതിനിധികള്‍. കക്ഷി നേതാവ് എകെ ഗോപാലന്‍ അടക്കമുള്ള ലോക്‌സഭയിലെ കമ്മ്യൂണിസ്റ്റ് എംപിമാര്‍ നിറഞ്ഞ കയ്യടികളോടെ അവരെ സ്വാഗതം ചെയ്തു. അന്ന് ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നിട്ടില്ല. ലോക്‌സഭ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ 67ലെ ചെറിയ ഇടവേള ഒഴിച്ചാല്‍ ഇന്നേവരെ കമ്മ്യൂണിസ്റ്റ് എംപിമാരെ മാത്രം ജയിപ്പിച്ച ചരിത്രമാണ് ത്രിപുരയിലെ രണ്ട് മണ്ഡലങ്ങള്‍ക്കും – ഈസ്റ്റ് ത്രിപുരയ്ക്കും വെസ്റ്റ് ത്രിപുരയ്ക്കുമുള്ളത്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഈ ചരിത്രം ചോദ്യചിഹ്നമാവുകയാണ്.

ഇന്ന് പുറത്തുവന്നിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ഫലം ത്രിപുരയുടേയോ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടേയോ ചരിത്രം എന്നതിനേക്കാള്‍ ഇന്ത്യന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പാര്‍ലമെന്ററി രാഷ്ട്രീയ, തിരഞ്ഞെടുപ്പ് രാഷ്ട്രീയ, അധികാര രാഷ്ട്രീയ ചരിത്രത്തെ സംബന്ധിച്ചാണ് നിര്‍ണായകമാകുന്നത്. ചരിത്രം ചരിത്രം തന്നെയാണ്. അത് നിലയ്ക്കുകയോ ഇല്ലാതാവുകയോ ചെയ്യുന്നില്ല. അതിന്റെ തുടര്‍പേജുകള്‍ തുന്നിച്ചേര്‍ക്കപ്പെടുക മാത്രം ചെയ്യുന്നു. മനുഷ്യന്റെ ജീവിത പ്രശ്‌നങ്ങളോ വര്‍ഗവൈരുദ്ധ്യങ്ങളോ ഇല്ലാതായിട്ടില്ല. ഈ പറഞ്ഞതിനെയെല്ലാം അഭിസംബോധന ചെയ്യുന്നു എന്ന് അവകാശപ്പെടുന്നവര്‍ ജനവിധി തേടി പോകുമ്പോള്‍ തോല്‍ക്കുന്നത് ഇതെല്ലാം അവസാനിച്ചത് കൊണ്ടല്ല. എന്നാല്‍ ചരിത്രത്തിന്റെ തുടര്‍ച്ചകളെ കാലഘട്ടത്തിന്റെ ആവശ്യങ്ങളെ ചരിത്രപരമായി പരിശോധിക്കാനും അഭിസംബോധന ചെയ്യാനും ബദല്‍ വഴികള്‍ കണ്ടെത്താനും കഴിഞ്ഞില്ലെങ്കില്‍ അത് മറിച്ചുനോക്കാവുന്ന ആല്‍ബം മാത്രമാകും. ചിലപ്പോള്‍ ചിതലരിക്കുകയും ചെയ്യും.

ചരിത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ച് വലിയ ബാധ്യതയാണ്. അല്ല ഉത്തരവാദിത്തമാണ്. മറ്റ് ബൂര്‍ഷ്വാ പാര്‍ട്ടികളെ സംബന്ധിച്ച് അത്തരമൊരു ഉത്തരവാദിത്തമോ ബാധ്യതയോ ഇല്ല. അവര്‍ക്ക് നമ്പറുകളും നമ്പറുകളിലൂടെ സാധ്യമാകുന്ന അധികാരവും മാത്രമാണ് പ്രശ്‌നം. പാര്‍ലമെന്ററി രാഷ്ട്രീയം അംഗീകരിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ച് വിവിധ ജനവിഭാഗങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ശക്തമായ ഒരു സംഘടനാസംവിധാനം പുനസ്ഥാപിക്കുക എന്നതും ഒപ്പം പൊതുതിരഞ്ഞെടുപ്പ് ആവശ്യപ്പെടുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്തുള്ള ധാരണകളും അതിനാവശ്യമായ അടവുനയങ്ങളും രൂപീകരിക്കുക എന്നതും അനിവാര്യമാണ്.

രാജസ്ഥാനിലെയും മധ്യപ്രദേശിലെയും കര്‍ഷകരുടെ പ്രശ്‌നങ്ങളും ബംഗളരൂവിലെ ഐടി തൊഴിലാളികളുടെ പ്രശ്‌നങ്ങളും തമിഴ്‌നാട്ടിലേയും കര്‍ണാടകയിലേയും മഹാരാഷ്ട്രയിലേയും കാര്‍ഷിക, ജാതി പ്രശ്‌നങ്ങളും ഏറ്റെടുക്കുന്ന സിപിഎമ്മിന് ഇതൊന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഗുണം ചെയ്യുന്നേയില്ല എന്നതാണ് വിഷയം. ഇന്ത്യന്‍ സമൂഹത്തിന്റെ അതിസങ്കീര്‍ണമായ ഘടന തന്നെയാണ് പ്രശ്‌നം. ജാതിയേയും വര്‍ഗത്തേയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതും അതേ വേറിട്ടതുമായ രണ്ട് പ്രശ്നങ്ങളായി തന്നെ അഭിസംബോധന ചെയ്ത് മുന്നോട്ടുപോയാലേ ഇന്ത്യയില്‍ നിര്‍ണായക ശക്തിയാകാന്‍ ഇടതുപക്ഷത്തിന് കഴിയൂ. അധികാരത്തിലിരിക്കുന്ന പ്രദേശങ്ങളില്‍ പല ഘട്ടങ്ങളിലും എതിര്‍വര്‍ഗ പാര്‍ട്ടികളുടെ അതേ നയങ്ങളും വര്‍ഗസമീപനവും ജനവിരുദ്ധതയും സ്വീകരിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അപ്രസക്തമാകുന്നു.

മറ്റേത് ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി താരതമ്യപ്പെടുത്തിയാലും ആന്തരിക ജനാധിപത്യമുള്ള സംഘടനയാണ് സിപിഎം. എന്നാല്‍ സംഘടനാപരമായ കാര്യങ്ങളില്‍ സ്റ്റാലിനിസ്റ്റ് പിടിവാശികളും, ജനജീവിതത്തെ ബാധിക്കുന്ന നയങ്ങളില്‍ വിപണി അനുകൂല നിലപാടും – ഇത്തരത്തില്‍ ഇന്ത്യയില്‍ ഒരു ഇടതുപക്ഷ പാര്‍ട്ടിക്കും മുന്നോട്ട് പോകാനാവില്ല. ഐടി മേഖലകളിലെ തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളേയും ഇടതുപക്ഷ ട്രേഡ് യൂണിയനുകളേയും ഇന്ത്യക്ക് ആവശ്യമുണ്ട്. എന്നാല്‍ ചുമട്ടുതൊഴിലാളികളുടെ അവകാശങ്ങള്‍ മുതലാളിമാരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അടിയറ വയ്ക്കാനും വ്യവസായ പദ്ധതികള്‍ പരിസ്ഥിതി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് തുടങ്ങാനും തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്ന് വികേന്ദ്രീകരണമെന്ന മുഖംമൂടി വച്ച് കേന്ദ്രീകരണം നടത്താനും തുനിയുന്ന ഇടതുപക്ഷ സര്‍ക്കാരുകളെ ഇന്ത്യക്ക് ആവശ്യമില്ല. അത് ചെയ്യാന്‍ ഈ നാട്ടില്‍ ബിജെപിയേയും കോണ്‍ഗ്രസിനേയും പോലുള്ള പാര്‍ട്ടികളുണ്ട്.

ത്രിപുരയില്‍ ഇതാണ് സംഭവിച്ചത് എന്ന് പറയാനാവില്ല. എന്നിട്ടും ത്രിപുരയില്‍ എന്തുകൊണ്ട് ഇത്ര വലിയൊരു പരാജയം ഇടതുപക്ഷം നേരിട്ടു എന്ന പ്രശ്‌നത്തില്‍ ഗൗരവമുള്ള പരിശോധന തന്നെയാണ് ആവശ്യം. കനത്ത പരാജയം തുറിച്ചുനോക്കുക തന്നെയാണ്. പശ്ചിമബംഗാളിലെ പോലെ, വേരോടെ പിഴുതുമാറ്റാന്‍ തക്കവണ്ണമുള്ള ജനരോഷം അവിടെ സിപിഎമ്മിനെതിരെ രൂപപ്പെട്ടിരുന്നു എന്നും പറയാനാകില്ല. എന്നാല്‍ ഇവര്‍ കുറേ കാലമായില്ലേ ഒരു മാറ്റമൊക്കെ വേണ്ട. മറ്റവര്‍ വന്നാല്‍ വലിയ വികസനവും വലിയ പദ്ധതികളും വന്നാലോ എന്നൊരു തോന്നല്‍ ത്രിപുരയില്‍ ജനങ്ങള്‍ക്കിടയില്‍ ഫലപ്രദമായി സ്ഥാപിക്കുന്നതില്‍ ബിജെപി വിജയിച്ചിരിക്കുന്നു. റോസ് വാലി ചിട്ടി തട്ടിപ്പ് പോലുള്ള ആരോപണങ്ങള്‍ സിപിഎം നേതാക്കള്‍ക്കെതിരെ ഉയര്‍ന്നുവന്നിരുന്നു. 50 സീറ്റില്‍ നിന്ന് 17 സീറ്റുകളിലേക്ക് ഇടതുമുന്നണിയെ പറഞ്ഞുവിടുന്ന തരത്തിലുള്ള ഭരണവിരുദ്ധ വികാരമുണ്ടാക്കാന്‍ ഇത്തരം ആരോപണങ്ങളും ഭരണത്തിലെ പൊതുവായ അതൃപ്തികളും ബിജെപിയെ എങ്ങനെയൊക്കെ സഹായിച്ചു തുടങ്ങിയ വിഷയങ്ങളുണ്ട്.

2011ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തില്‍ ഒരു ബാര്‍ബര്‍ ഷോപ്പില്‍ നടന്ന സംഭാഷണത്തെ പറ്റി ഒരു സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു. ഇവര്‍ അഞ്ച് കൊല്ലം ഭരിച്ചില്ലേ, ഇനി മറ്റവര്‍ ഭരിക്കട്ടെ എന്നായിരുന്നു ബാര്‍ബറുടെ പക്ഷം. ഒരു മാറ്റമൊക്കെ വേണ്ടേ എന്നാണ് ചോദ്യം. എന്തിനാണ് മാറ്റം, ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് ഏത് തരത്തിലുള്ള മാറ്റമാണ് അവര്‍ അധികാരത്തില്‍ വന്നാല്‍ ഉണ്ടാക്കുക – തുടങ്ങിയ വസ്തുതാന്വേഷണവും പരിശോധനയും ഒന്നും നടത്തിയല്ല ബഹുഭൂരിപക്ഷം പേരും വോട്ട് കുത്തുന്നത് എന്നാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഞാന്‍ നാളെ മുതല്‍ ഇവിടെ വരാതെ മറ്റേ ബാര്‍ബര്‍ ഷോപ്പില്‍ പോയാലോ എന്ന് ചിരിച്ചുകൊണ്ടുള്ള ചോദ്യത്തിന് ചിരി മാത്രമായിരുന്നു ഉത്തരം. ത്രിപുരയില്‍ ഇടതുമുന്നണിയെ പരാജയപ്പെടുത്തി വര്‍ഗീയ ഫാഷിസ്റ്റ് പ്രവണതകള്‍ കാണിക്കുന്ന ബിജെപിയെ ജയിപ്പിച്ച ജനങ്ങള്‍ മോശക്കാരാണ് എന്നോ കാര്യവിവരമില്ലാത്തവരാണ് എന്നോ പൊതുപ്രശ്‌നങ്ങളെ കുറിച്ച് ധാരണയില്ലാത്തവരാണ് എന്നോ കരുതാനാവില്ല. ബിജെപിയുടെ ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിന് ത്രിപുരയിലെ ജനങ്ങള്‍ നല്‍കുന്ന അംഗീകാരമായും ഇതിനെ കാണാനാവില്ല. എന്നാല്‍ കാല്‍ നൂറ്റാണ്ട് കാലത്തെ അധികാരം സംഘടനയെ തണുപ്പിച്ച് നിര്‍ത്തുന്നു എന്നത് ബംഗാളിലെ പോലെ ത്രിപുരയിലും സത്യമാണ് എന്ന് കാണാതിരിക്കാനാവില്ല. അടിയൊഴുക്കുകളും താഴേതട്ടിലുള്ള പള്‍സും മനസിലാക്കാന്‍, അതിനനുസരിച്ച് ബിജെപിയുടെ പ്രചാരണത്തിന് തക്കതായ മറുപടി കൊടുക്കാനും ത്രിപുരയിലെ സിപിഎമ്മിന് കഴിഞ്ഞില്ല, അല്ലെങ്കില്‍ വൈകിപ്പോയി എന്നത് വസ്തുതയാണ്.

ഗുജറാത്തില്‍ അതിശക്തമായ ഭരണവിരുദ്ധവികാരത്തില്‍ കാര്യമായ നഷ്ടമുണ്ടായെങ്കിലും അധികാരം നിലനിര്‍ത്താന്‍ ബിജെപിയെ സഹായിച്ചത് സംഘടന സംവിധാനത്തിന്റെ ഫലപ്രദമായ ഉപയോഗം തന്നെയാണ്. തീര്‍ച്ചയായും അധികാര ദുര്‍വിനിയോഗവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിക്കൊടുത്ത സൗകര്യവുമെല്ലാം ഇതിന് കാരണമായിട്ടുണ്ട് എങ്കിലും. ഒരര്‍ത്ഥത്തില്‍ എല്‍ഡിഎഫ് അഞ്ചു വര്‍ഷം ഭരിച്ചുകഴിയുമ്പോള്‍ എല്‍ഡിഎഫിനേക്കാള്‍ പ്രത്യേകിച്ച് ഒരു മെച്ചവും പറയാനില്ലാത്ത, ഒരു താരതമ്യം നടത്തിയാന്‍ കൂടുതല്‍ ജനവിരുദ്ധ നയങ്ങളും പരിപാടികളുമുള്ള, അഴിമതിയും അധികാര ദുര്‍വിനിയോഗത്തിലും ഒരു പടി മുന്നില്‍ നില്‍ക്കുന്ന യുഡിഎഫിനെ ജയിപ്പിച്ച് വിടുകയും അതിന് പ്രത്യേകിച്ച് ന്യായീകരണമൊന്നും പറയാനില്ലാതെ ഒരു ചിരി മാത്രം ചിരിക്കുകയും ചെയ്യുന്ന മലയാളിയുടെ പൊതുബോധം ഇവിടത്തെ ഇടതുപക്ഷ പാര്‍ട്ടികളെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരു അനുഗ്രഹമാണ്. അധികാര മത്തില്‍ സംഘടനയും അതിന്റെ ജനകീയാടിത്തറയും ഇല്ലാതാകുന്നില്ല എന്ന കാരണത്താല്‍.

ഇന്നേവരെ സംസ്ഥാനത്ത് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ലാതിരുന്ന ബിജെപി ഇത്തവണ ഐ പി എഫ് ടിയുമായി സഖ്യമുണ്ടാക്കി 40ലധികം സീറ്റ് നേടി അധികാരം പിടിച്ചിരിക്കുന്നു. വിവിധ മേഖലകളിലെ വിവിധ ജനവിഭാഗങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് ബിജെപിയുടെ നേട്ടം. ഗോത്രവര്‍ഗ വിഭാഗങ്ങളുടേയും ബംഗാളികളായ ന്യൂനപക്ഷ വിഭാഗങ്ങളുടേയും പിന്തുണ, നഗര മധ്യവര്‍ഗത്തിന്റേയും ഗ്രാമീണ ജനതയുടേയും പിന്തുണ – എല്ലാം ബിജെപിക്ക് നേടാന്‍ കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ നേടി, കോണ്‍ഗ്രസിന്റെ സ്ഥാനം ബിജെപി കയ്യടക്കി എന്നൊക്കെയാണ് ഇടതുപക്ഷം നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ സിപിഎമ്മിന്റെ ഉരുക്ക്കോട്ട തന്നെ തകര്‍ത്താണ് ബിജെപി മുന്നേറിയിരിക്കുന്നത്. ആയാറാം ഗയാറാം രാഷ്ട്രീയത്തിന്‍റെ ഉപജ്ഞാതാക്കളും സ്പോണ്‍സര്‍മാരുമായ കോണ്‍ഗ്രസിനെ പഴി ചാരി ഇക്കാര്യത്തില്‍ രക്ഷപ്പെടാനാകില്ല. ചാക്കിട്ട് പിടിത്തത്തിലൂടെ ഒന്നുമില്ലായ്മയില്‍ നിന്ന് ഏഴ് എംഎല്‍എമാരെ സമ്പാദിച്ച ബിജെപി ഇപ്പോള്‍ ജനങ്ങളോട് വോട്ട് ചോദിച്ച് അധികാരം പിടിച്ചിരിക്കുന്നു.

വോട്ട് വിഹിതത്തില്‍ നാല് ശതമാനത്തിനടുത്ത് നഷ്ടമേ ഉണ്ടായിട്ടുള്ളൂ എന്നും കോണ്‍ഗ്രസ് വോട്ട് വലിയ തോതില്‍ ചോര്‍ന്നതാണ് ബിജെപി വിജയിക്കാന്‍ കാരണമെന്നും പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 36.5 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസിന്റെ വോട്ട് 1.9 ശതമാനത്തിലേയ്ക്ക് ചുരുങ്ങുകയും ആ വോട്ട് കഴിഞ്ഞ തവണ 1.5 ശതമാനം വോട്ട് മാത്രമുണ്ടായിരുന്ന ബിജെപിക്ക് കിട്ടുകയും ചെയ്തതാണ് ഇത്തവണ 41.5 ശതമാനം വോട്ടുമായി അധികാരം നേടാന്‍ അവരെ സഹായിച്ചത് എന്നുമുള്ള വാദമുണ്ട്. ഇതില്‍ കാര്യമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് നഷ്ടമായ ഒരു ശതമാനം വോട്ട് പോലും സിപിഎമ്മിനോ ഇടതുമുന്നണിക്കോ കിട്ടിയില്ലെന്നതും കഴിഞ്ഞ തവണ ലഭിച്ച വോട്ടില്‍ ഇടിവുണ്ടാവുകയാണ് ചെയ്തതെന്നതും വസ്തുതയാണ്. 50 സീറ്റില്‍ നിന്നാണ് ഇടതുമുന്നണി വെറും 15 സീറ്റിലേയ്ക്ക് ചുരുങ്ങിയത്. പൂജ്യം സീറ്റുണ്ടായിരുന്ന ബിജെപി സഖ്യമായി മത്സരിച്ച് 44 സീറ്റുമായി അധികാരത്തിലേയ്ക്കും. 36.5 ശതമാനം വോട്ടുള്ളപ്പോളും 10 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്.  ഇടതുപക്ഷം എവിടെയൊക്കെ അധികാര ശക്തിയാണോ അവിടെയൊന്നും ബിജെപി ശക്തിപ്പെടില്ലെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്ന പ്രദേശങ്ങളില്‍ മാത്രമാണ് ബിജെപി അധികാരം പിടിക്കുകയെന്നും ഉള്ള വാദവും അപ്രസക്തമായിരിക്കുന്നു.

പണമൊഴുക്കിയുള്ള പ്രചാരണം, പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും എല്ലാം ചേര്‍ന്ന് ഇളക്കിമറിച്ചുള്ള പ്രചാരണ പരിപാടികള്‍, വാഗ്ദാന പെരുമഴകള്‍ – ഒപ്പം വിവിധ ജനവിഭാഗങ്ങളെ വിഭജിച്ചുകൊണ്ടുള്ള തന്ത്രങ്ങളും – ഇതെല്ലാം വിജയം കണ്ടിരിക്കുന്നു. ത്രിപുരയില്‍ സിപിഎമ്മുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത്ര തന്നെ ശക്തമായ കേഡര്‍ സംവിധാനം ബിജെപിക്കില്ല. എന്നാല്‍ അധികാരം അവരുടെ സംഘടനാ ശേഷിയില്‍ മാറ്റം വരുത്തും എന്നത് ഉറപ്പാണ്. ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്ത് ഇതാദ്യമായാണ് സിപിഎം പ്രതിപക്ഷത്ത് വരുന്നത്. ബിജെപിയുടെ സംഘടനാ ശേഷി വര്‍ദ്ധിക്കുന്നതോടെ സംസ്ഥാനം രാഷ്ട്രീയ കലുഷിതമായ അവസ്ഥയിലേക്ക് നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇന്നേവരെ തീവ്ര ദേശീയ വികാരമോ വര്‍ഗീയ മുന്‍വിധികളോ സ്വാധീനം ചെലുത്താത്ത ത്രിപുര ഇനി ഈ പ്രശ്നങ്ങളെയെല്ലാം അഭിമുഖീകരിക്കാന്‍ പോവുകയാണ്.

വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ സംസ്ഥാനമായ ആസാമില്‍ ബിജെപി ആധിപത്യം സ്ഥാപിച്ചത് വലിയ തോതിലുള്ള വര്‍ഗീയ ധ്രുവീകരണവും സാമുദായിക സംഘര്‍ഷവും ഇളക്കിവിട്ടാണ്. അതിജീവനത്തിനായി ഇന്ത്യയിലേക്ക് കുടിയേറുന്ന ബംഗ്ലാദേശി മുസ്ലീങ്ങള്‍ക്കെതിരെ വെറുപ്പും വിദ്വേഷവും ഇളക്കി വിട്ടും ബോഡോ വിഭാഗക്കാരെ മുന്നില്‍ നിര്‍ത്തിയും മറ്റും അവര്‍ വിതച്ച വിഭജന രാഷ്ട്രീയത്തില്‍ നിന്നാണ് നേട്ടം കൊയ്തെടുത്തത്. എന്നാല്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മറ്റൊരു സംസ്ഥാനമായ ത്രിപുരയിലെ അതിര്‍ത്തി പൊതുവെ സമാധാനപരമാണ്.

ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്ന തീവ്രവാദ ഗ്രൂപ്പുകള്‍ നിരന്തരം സംഘര്‍ഷം സൃഷ്ടിച്ചിരുന്ന സംസ്ഥാനത്ത് 98ല്‍ മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സ്ഥിതിഗതികള്‍ ഏറെക്കുറെ ശാന്തമായിരുന്നു. അഫ്‌സ്പ നിലവിലുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ ഈ അടുത്ത കാലത്ത് അത് പിന്‍വലിച്ച ഒരേയൊരു സംസ്ഥാനമാണിത്. മണിപ്പൂരിലേയും ജമ്മു കാശ്മീരിലെയോ പോലെ സൈനിക, അര്‍ദ്ധ സൈനിക, പൊലീസ് വിഭാഗങ്ങളില്‍ നിന്ന് വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങളോ അതിക്രമങ്ങളോ സിവിലയന്മാര്‍ക്ക് നേരിടേണ്ടി വരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ത്രിപുരയില്‍ നിന്ന് കാണാറില്ല. വിഭവ പരിമിതമായ ഒരു ചെറു സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങളിലെ പോരായ്മയേയും വ്യാവസായിക വികസനത്തിലെ പിന്നോക്കാവസ്ഥയും ഒരു ഫെഡറല്‍ ഘടനയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അവഗണനാപരമായ സമീപനത്തെ അതിജീവിച്ചും അത് ജനങ്ങളുടെ ജീവിത നിലവാരത്തിലും വിദ്യാഭ്യാസത്തിലും നേട്ടങ്ങളുണ്ടാക്കി എന്നത് ചെറിയ കാര്യമല്ല. എന്നിട്ടും അഹമ്മദാബാദ് ആണ് അഗര്‍ത്തലയെ മോഹിപ്പിച്ചതെങ്കില്‍ അത് വ്യാമോഹമാകും എന്ന് കാലം തെളിയിക്കും.

ഈയടുത്ത് നൃപന്‍ ചക്രബര്‍ത്തിയെ അദ്ദേഹത്തിന്‍റെ ചരമ ദിനത്തില്‍ അനുസ്മരിച്ച് പോലും ത്രിപുര ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിരുന്നു. നൃപനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സിപിഎം, അദ്ദേഹം മരിക്കുന്നതിന്‍റെ തലേ ദിവസമാണ് അംഗത്വം തിരിച്ചുനല്‍കിയത്. നൃപനെ സിപിഎം അവഗണിച്ചു എന്നായിരുന്നു ബിജെപിയുടെ പരാതി. നൃപന്‍ ചക്രബര്‍ത്തിയുടെ രാഷ്ട്രീയത്തില്‍ ഒരു താല്‍പര്യവുമില്ലാത്ത ബിജെപി എന്തിനാണ് നൃപന്റെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കിയത്. നൃപന്‍ ചക്രബര്‍ത്തിയുടെ സംഭാവനകള്‍ മാതൃകയാക്കണം എന്നാണ് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടത്. നൃപന്‍ ചക്രബര്‍ത്തിയുടെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമോ മൂല്യങ്ങളോ പൊതുജീവിതമോ ഒരു കാലത്തും ബിജെപിക്കോ സംഘപരിവാറിനോ മാതൃകയാക്കാന്‍ കഴിയുന്ന ഒന്നല്ല. എന്നാലും ബിജെപി നൃപന്‍റെ പേര് പോലും ഉപയോഗിക്കുന്നു എന്നതാണ് വിഷയം. നൃപന്‍ ചക്രവര്‍ത്തിയെ പുറത്താക്കിയ സിപിഎം നടപടി ശരി ആയതും ആകാം. പക്ഷെ പ്രചാരണങ്ങള്‍ എങ്ങനെ നടത്തുന്നു, കാര്യങ്ങള്‍ എങ്ങനെ ജനങ്ങളില്‍ എത്തിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഫാഷിസ്റ്റ്‌ പ്രോപ്പഗാന്‍ഡയെ നേരിടുക എന്നത് വലിയ വെല്ലുവിളിയാണ്.

ഓരോ സംസ്ഥാനങ്ങളിലും അവിടത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിയും സംഘപരിവാറും നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ധേയമാണ്. എല്ലായിടത്തും പൊതുവായുള്ളത് ജനങ്ങളെ വിഭജിക്കുന്ന രാഷ്ട്രീയമാണ്. എന്നാല്‍ ധ്രുവീകരണ അജണ്ടകള്‍ പോലും തീവ്രത കൂട്ടിയും കുറച്ചും അവര്‍ ഉപയോഗിക്കുന്നു. നാഗാലാന്‍ഡിലെത്തിയാല്‍ ബീഫോ പട്ടിയിറച്ചിയോ അവര്‍ തിന്നും. തീര്‍ച്ചയായും ഒരു ഹിന്ദുത്വ ഫാഷിസ്റ്റ്‌ സംഘടന പ്രവര്‍ത്തിക്കുന്നത് പോലെ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനോ പ്രചാരണം നടത്താനോ കഴിയില്ല. പക്ഷെ ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസ്യത എങ്ങനെ ചോര്‍ന്നുപോകുന്നു. അത് പരിഹരിക്കാന്‍ എന്ത് ചെയ്യാം എന്നതാണ് ചോദ്യം. കോണ്‍ഗ്രസ്, ബിജെപി പോലുള്ള പാര്‍ട്ടികളെ പോലെ സിപിഎമ്മിന് അതിനു ശക്തമായ പ്രചാരണ തന്ത്രങ്ങള്‍ മാത്രം പോര.

പൊതുജനാആരോഗ്യ, വിദ്യാഭ്യാസ, ജീവിത നിലവാര, സാക്ഷരത, ഭൂമി ലഭ്യത വിഷയങ്ങളില്‍ തുടര്‍ച്ചയായ 25 വര്‍ഷമടക്കം 35 വര്‍ഷം സംസ്ഥാനത്തുണ്ടായ ഇടതുഭരണം നേട്ടമുണ്ടാക്കിയിട്ടുണ്ട് എന്നത് വസ്തുതയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും ജനകീയനായ നേതാവുമാണ് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. ബുദ്ധദേബ് ഭട്ടാചാര്യയെ പോലെ ജനരോഷത്തിന് ഇരയായി പരാജയമേറ്റുവാങ്ങേണ്ടി വരുകയും പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കുന്ന നയങ്ങള്‍ക്ക് ഉത്തരവാദി എന്ന ചീത്തപ്പേരും മണിക് സര്‍ക്കാരിനില്ല. പക്ഷെ മണിക് സര്‍ക്കാരിന്റെ ജനകീയതയോ ലളിത ജീവിതമോ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളോ, വ്യക്തിപരമായ സവിശേഷതകളോ ഒന്നുമല്ല തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പ്രശ്‌നങ്ങള്‍. മുഖ്യമന്ത്രിയായിരുന്ന നൃപന്‍ ചക്രബര്‍ത്തിയുടെ ജനകീയതയോ ലാളിത്യമോ 1988ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനേയും ഇടതുമുന്നണിയേയും രക്ഷിച്ചിരുന്നില്ല. അന്ന് ലക്ഷണമൊത്ത തീവ്രവാദ സംഘടനയായി പ്രവര്‍ത്തിച്ചിരുന്ന ടിയുഎസുമായി (ത്രിപുര ഉപജാതി ജുബ സമിതി) ചേര്‍ന്നാണ് 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പൂര്‍ണമായും പിടിച്ചടക്കുക അല്ലെങ്കില്‍ അധികാര പങ്കാളിത്തം നേടുക എന്ന ബിജെപിയുടെ ടാര്‍ഗറ്റിന് ഇനി മിസോറാമും മേഘാലയയും കൂടിയേ ബാക്കിയുള്ളൂ. ഇതില്‍ മേഘാലയയിലെ തിരെഞ്ഞെടുപ്പ് ഫലം ബിജെപിക്ക് ആശ്വാസം നല്‍കുന്നതല്ല. രണ്ട് സീറ്റ് മാത്രമാണ് ബിജെപിക്ക് കിട്ടിയിരിക്കുന്നത്. എന്നാല്‍ ചാക്കിട്ടു പിടുത്തത്തില്‍ മിടുക്കരായ അവരെ സംബന്ധിച്ച എന്‍പിപിക്ക് കിട്ടിയ 18 സീറ്റും മറ്റുള്ളവര്‍ക്ക് കിട്ടിയ 17 സീറ്റും, ഏറ്റവും വലിയ ഒറ്റ കക്ഷിയായ എന്നാല്‍ അധികാരത്തിന് കേവല ഭൂരിപക്ഷമില്ലാത്ത കോണ്‍ഗ്രസിനെ ഒഴിപ്പിക്കുന്നതിനുള്ള സാധ്യത തേടാന്‍ പ്രേരിപ്പിക്കും എന്നത് ഉറപ്പാണ്. അവിടെ ഭരണകക്ഷിയായ കോണ്‍ഗ്രസ് ഇത്തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കാര്യം പരുങ്ങലിലാണ്. നിറയ്ക്കാനുള്ള ചാക്കുകള്‍ അമിത് ഷാ തയ്യാറാക്കി വച്ചിട്ടുണ്ടാകും. ബംഗാളിലും ത്രിപുരയിലും കേരളത്തിലും മാത്രമുള്ള പാര്‍ട്ടി എന്ന പരിഹാസം 2011 മേയില്‍ ത്രിപുരയില്‍ മാത്രമുള്ളത് എന്നായി ചുരുങ്ങി. 2016 കേരളം അതിന്റെ സ്വഭാവം കാണിച്ച് വീണ്ടും ഇടത്തേയ്ക്ക് ചാഞ്ഞപ്പോള്‍. കേരളവും ത്രിപുരയും മാത്രമായി. ഇപ്പോള്‍ കേരളം മാത്രമാണ്. ഇത് വലിയ അപായസൂചനയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് നല്‍കുന്നത്. ബഹുവര്‍ണങ്ങളും ബഹുമുഖങ്ങളും ബഹുസ്വരങ്ങളും ഇല്ലാതാകുന്ന ഒരു ഇന്ത്യ രൂപപ്പെടുന്നു.

ബിജെപി അതിന്റെ അമിതാധികാര പ്രവണതയും ചാക്കിട്ടുപിടിക്കല്‍ തന്ത്രങ്ങളും സമ്മര്‍ദ്ദവുമായി ഏറ്റവും വലിയ ഒറ്റ കക്ഷി ആവാഞ്ഞിട്ടുപോലും നമ്പര്‍ തികച്ച് അധികാരം പിടിക്കുന്നത് ഇന്ത്യ കണ്ടു. ത്രിപുരയില്‍ അങ്ങനെയൊരു ശ്രമം പോലും അവര്‍ക്ക് നടത്തേണ്ടി വന്നില്ല. അവര്‍ ആ ലക്ഷ്യം നേടിയിരുന്നു. ചെങ്കോട്ട വരെ ചെങ്കൊടി നാട്ടാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് സ്വന്തമായുള്ള ചെറിയ കോട്ടകള്‍ പോലും നഷ്ടമാകുന്ന തരത്തിലുള്ള കടന്നുകയറ്റമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യവും അതിനെ നിലനിര്‍ത്തുന്ന സ്ഥാപനങ്ങളും മൂല്യങ്ങളും ഭരണഘടനയും അപകടത്തിലാകുന്ന കാലത്ത് ഫാഷിസത്തിന്റെ വരവ് വിളിച്ചറിയിക്കുന്ന കാലാവസ്ഥാ പ്രവചന യന്ത്രങ്ങളോ നിരീക്ഷണ സാമഗ്രികളോ തേടിപ്പോകേണ്ട കാര്യമില്ല. കാരണം അത് നമ്മളെ ചുറ്റിവരിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒന്നുകില്‍ ഈ യുദ്ധത്തില്‍ ബിജെപി – സംഘപരിവാര്‍ ഫാഷിസ്റ്റ് രാഷ്ട്രീയം ജയിക്കും. അല്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം അതിജീവിക്കും. രക്ഷപ്പെടാനുള്ള വഴി കണ്ടെത്തേണ്ടത് നമ്മള്‍ ഓരോരുത്തരുമാണ്. എല്ലാവരും ചേര്‍ന്നുമാണ്.

ഗോത്രവര്‍ഗക്കാരനായ മുഖ്യമന്ത്രി വേണമെന്ന് ഐ പി എഫ് ടി; ത്രിപുര ബിജെപി സഖ്യത്തില്‍ അടി തുടങ്ങി

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍