UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ത്രിപുര യൂണിവേഴ്‌സിറ്റി വി സി എബിവിപി പതാകയുയര്‍ത്തി; അതൊരു രാഷ്ട്രീയ സംഘടനയല്ലെന്ന് ന്യായീകരണം

എസ്എഫ്‌ഐയുടെ പതാകയും ഉയര്‍ത്തുമോയെന്ന ചോദ്യത്തിന് താന്‍ എല്ലാ വിദ്യാര്‍ത്ഥി യൂണിയനുകളെയും അനുകൂലിക്കുന്ന ആളാണെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്

ത്രിപുര യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ വിജയ്കുമാര്‍ ലക്ഷ്മികാന്ത്‌റാവു ധരൂക്കര്‍ ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ പതാകയുയര്‍ത്തി. ജൂലൈ 10ന് സര്‍വകലാശാല ക്യാമ്പസില്‍ നടന്ന ചടങ്ങിനിടെയാണ് സംഭവം. സംഭവം വിവാദമായതോടെ എബിവിപി ഒരു സാമൂഹിക സാംസ്‌കാരിക സംഘടനയാണെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നുമുള്ള ന്യായീകരണമാണ് ഇദ്ദേഹം ഉന്നയിക്കുന്നത്.

2018 ജൂലൈയിലാണ് ധരൂക്കര്‍ സര്‍വകലാശാല വിസിയായി നിയമിക്കപ്പെട്ടത്. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു എബിവിപി ചടങ്ങ് സംഘടിപ്പിച്ചത്. ക്ഷണിച്ചതിനാലാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും എന്തുകൊണ്ട് തനിക്ക് പങ്കെടുത്ത് കൂടെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. അതൊരു ദേശവിരുദ്ധമോ തീവ്രവാദ സംഘടനയോ അല്ല. ജനസംഘത്തിന് മുമ്പ് രൂപീകരിക്കപ്പെട്ട ഒരു സാമൂഹിക സാംസ്‌കാരിക സംഘടനയാണ്. അതിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല- ധരൂക്കര്‍ പറയുന്നു.

അവിടെ പതാകയുയര്‍ത്തല്‍ കൂടാതെ പ്രസംഗങ്ങളും മരം നടുന്ന ചടങ്ങുമുണ്ടായിരുന്നു. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ താന്‍ നൂറ് കണക്കിന് സംഘടനകളുമായി ബന്ധപ്പെട്ടിരുന്നു. വി സിയെന്ന നിലയില്‍ എബിവിപിയുടെ ചടങ്ങില്‍ പങ്കെടുത്തതില്‍ യാതൊരു തെറ്റുമില്ലെന്നും ധരൂക്കര്‍ പറയുന്നു.

അതേസമയം എസ്എഫ്‌ഐയുടെ പതാകയും ഉയര്‍ത്തുമോയെന്ന ചോദ്യത്തിന് താന്‍ എല്ലാ വിദ്യാര്‍ത്ഥി യൂണിയനുകളെയും അനുകൂലിക്കുന്ന ആളാണെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ചൈനയെയും റഷ്യയെയും കുറിച്ച് ഗവേഷണം നടത്തിയയാളാണ് താന്‍. കാള്‍ മാര്‍ക്‌സിനെയും മാവോ സേ തുംഗിനെയും കുറിച്ച് വ്യക്തമായ ധാരണയും തനിക്കുണ്ടെന്നും അദ്ദേഹം പറയുന്നു.

ത്രിപുര സര്‍വകലാശാല ഒരു കേന്ദ്ര സര്‍വകലാശാലയാണ്. ഔറംഗബാദിലെ ഡോ. ബാബാസാഹേബ് അംബേദ്കര്‍ മറാത്‌വാഡ സര്‍വകലാശാലയിലെ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായിരുന്നു ധരൂക്കര്‍.

read more:സോന്‍ഭദ്ര കൂട്ടക്കൊല: രക്ഷപെടാന്‍ പൈപ്പിനുള്ളില്‍ കയറിയവരെ കുത്തി പുറത്തു ചാടിച്ച് വെടിവച്ചു, ആക്രമണം ഉണ്ടാകുമെന്ന് പോലീസിന് അറിയാമായിരുന്നു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍