UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്മ മക്കള്‍ മുന്നേറ്റ കഴകം; പുതിയ പാര്‍ട്ടിയുമായി ദിനകരനും

മധുരയില്‍ നടന്ന ചടങ്ങിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം

തമിഴ്‌നാട്ടില്‍ വീണ്ടുമൊരു രാഷ്ട്രീയ പാര്‍ട്ടി കൂടി. എ ഐ എഡി എം കെയുടെ മുന്‍ നേതാവും ആര്‍ കെ നഗറിലെ സ്വതന്ത്ര എംഎല്‍എയുമായ ടിടിവി ദിനകരന്‍ ആണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. മധുരയില്‍ നടന്ന ചടങ്ങില്‍ ജയലളിതയുടെ ചിത്രം ആലേഖനം ചെയ്ത പാര്‍ട്ടി പതാകയും ദിനകരന്‍ പുറത്തിറക്കി. ദിനകരന്‍ അനുകൂലികളായ ആയിരത്തോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ എംജിആര്‍, ജയലളിത, വി കെ ശശികല എന്നിവരുടെ കൂറ്റന്‍ കട്ടൗട്ടുകളും സ്ഥാപിച്ചിരുന്നു.

കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ജയലളിതയുടെ തോഴി ശശികലയുടെ അനന്തരവനായ ദിനകരനും പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് എ ഐ എഡിഎംകെയില്‍ ഉണ്ടായ ആഭ്യന്തരകലാപത്തിലാണ് ദിനകരനും ശശികലയും പുറത്താകുന്നത്. ശശികലയും ദിനകരനും പാര്‍ട്ടി പിടിക്കുന്നത് പിടിക്കുന്നത് തടയാന്‍ ആദ്യം രംഗത്തിറങ്ങിയ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിനു പിന്നാലെ ഇപ്പോഴത്തെ മുഖ്യമന്ത്രി ഇ പളനിസാമിയും ചേര്‍ന്നതോടെ ശശികലയ്ക്കും ദിനകരനും നിലനില്‍പ്പില്ലാതായി. ഇതിനു പിന്നാലെ സ്വത്ത്‌സമ്പാദന കേസില്‍ ശശികല ജയിലിലുമായി. ഒപിഎസ്-ഇപിഎസ് വിഭാഗങ്ങളുടെ ഒന്നിക്കലിന്റെ ഭാഗമായി ദിനകരനെയും ശശികലയേയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ചെയ്ത്. എന്നാല്‍ ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍ കെ നഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉജ്ജ്വലവിജയം നേടി ദിനകരന്‍ ജയിച്ചതോടെ ദ്രാവിഡ രാഷ്ട്രീയത്തില്‍ തനിക്കും റോള്‍ ഉണ്ടെന്ന് എതിരാളികള്‍ക്ക് ബോധ്യപ്പെടുത്താന്‍ സാധിച്ചു. ഈ ആത്മവിശ്വാസത്തോടെയാണ് ഇപ്പോള്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടിയും രൂപീകരിച്ചത്. ജയലളിത എന്ന വികാരം പൂര്‍ണമായി മുതലെടുത്തു കൊണ്ടുള്ള രാഷ്ട്രീയപ്രവര്‍ത്തനമായിരിക്കും ദിനകരന്‍ നടത്തുകയെന്ന് പുതിയ പാര്‍ട്ടിയുടെ പേരും പതാകയും വ്യക്തമാക്കുന്നു.

ഇനി തമിഴ് ലോകം കാത്തിരിക്കുന്നത് രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനായാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍