UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്: ദിനകരന് ജയലളിതയെ വെല്ലുന്ന വിജയത്തിളക്കം

എഐഡിഎംകെയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ദിനകരന് എതിരാളികളായി എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ഇ മധുസൂദനന്‍, ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍ മരുതു ഗണേഷ് എന്നിവര്‍ ഉണ്ടായിരുന്നു

ആര്‍കെ നഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന് വിജയം. 89,013 വോട്ടുകള്‍ നേടിയ ദിനകരന്‍ 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ ജയലളിത മത്സരിച്ചപ്പോള്‍ 39,545 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. ജയലളിത മരിച്ച ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2016ല്‍ 97,218 വോട്ടാണ് ജയലളിത നേടിയത്.

നേടിയ വോട്ടിന്റെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ജയലളിതയേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് ദിനകരന്‍ ജയിച്ചത് എന്നത് ശ്രദ്ധേയമാണ്. ജയലളിത നേരിട്ടത് ഡിഎംകെ സ്ഥാനത്ഥി ഷിംല മുത്തുച്ചോഴനെ മാത്രമായിരുന്നു. എന്നാല്‍ എഐഡിഎംകെയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ദിനകരന് എതിരാളികളായി എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ഇ മധുസൂദനന്‍, ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍ മരുതു ഗണേഷ് എന്നിവര്‍ ഉണ്ടായിരുന്നുവെന്നുകൂടി കണക്കാക്കുമ്പോള്‍ ദിനകരന്റെ വിജയത്തിന് തിളക്കം വര്‍ദ്ധിക്കുന്നു.

കേവലം 48,306 വോട്ടുകള്‍ മാത്രമാണ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി മധുസൂദനന് നേടാന്‍ സാധിച്ചത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഡിഎംകെ സ്ഥാനാര്‍ത്ഥിയ്ക്കാകട്ടെ ഇതിന്റെ പകുതിയോളം(24,651) വോട്ടുകള്‍ മാത്രവും. ബിജെപി സ്ഥാനാര്‍ത്ഥി കരു നാഗരാജന് കിട്ടിയ വോട്ടുകള്‍ നോട്ടയേക്കാള്‍ കുറവാണെന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രത്യേകത.

വോട്ടെടുപ്പ് നടന്നതിന്റെ തലേദവസം പുറത്തുവന്ന ജയലളിത ആശുപത്രിയില്‍ കിടക്കുന്നതിന്റെ വീഡിയോ ആണ് ദിനകരനെ സഹായിച്ചതെന്നാണ് വിലയിരുത്തല്‍. ജയലളിതയെ ജീവനോടെയല്ല ആശുപത്രിയിലെത്തിച്ചതെന്നും അമ്മയുടെ മരണത്തിന് പിന്നില്‍ അവരുടെ സഹായിയായിരുന്ന വികെ ശശികലയ്ക്കും ദിനകരനും പങ്കുണ്ടെന്നുമൊക്കെയുള്ള പ്രചരണങ്ങള്‍ക്കാണ് ഇതോടെ അവസാനമായത്. ജയലളിതയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റിയതിന് ശേഷമുള്ള വീഡിയോ ആയിരുന്നു ഇത്.

ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമി താനാണെന്ന് വിജയം പ്രഖ്യാപനത്തിന് ശേഷം ദിനകരന്‍ അവകാശപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍