UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘എല്ലാം ശരിയാക്കാം’ എന്ന നടക്കാത്ത വാഗ്ദാനങ്ങളില്ല: ടി.വി അനുപമ തൃശൂര്‍ കളക്ടറായി ചുമതലയേറ്റു

സമരം അവസാനിപ്പിക്കുകയാണെന്നറിയിച്ച് തീരദേശവാസികള്‍ ഉപരോധം അവസാനിപ്പിച്ചതോടെ കലക്ടര്‍ അനുപമയുടെ അരങ്ങേറ്റം ഗംഭീരമായി

തൃശൂര്‍ ജില്ലയില്‍ ആദ്യ ദിവസം തന്നെ താരമായി കലക്ടര്‍ ടി.വി അനുപമ. തൃശൂര്‍ കളക്ടറായിരുന്ന ഡോ. എ. കൗശിഗന്‍ ജല അതോറിറ്റി എം.ഡി ആയി നിയമതിനായ ഒഴിവിലാണ് ആലപ്പുഴ കളക്ടറായിരുന്ന ടി.വി അനുപമയെ തൃശൂരിലേക്ക് മാറ്റിയത്.

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ആദ്യ ദിവസത്തില്‍ തന്നെ നേരിടേണ്ടി വന്ന പ്രതിസന്ധിയെ തന്‍മയത്വത്തോടെയാണ് ജില്ലാ കലക്ടര്‍ ടി.വി. അനുപ നേരിട്ടത്. തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടു കൊടുങ്ങല്ലൂരില്‍ നടന്ന ഉപരോധം ആണ് അനുപമയെ തൃശൂരില്‍ വരവേറ്റത്. സമരക്കാര്‍ക്ക് മുന്നില്‍ അവരെ കേള്‍ക്കാനും, അവരോട് പറയാനും ക്ഷമയും സമയവും നീക്കിവെച്ച തൃശൂരിന്റെ പുതിയ കലക്ടര്‍ ടി.വി. അനുപമ പ്രകടിപ്പിച്ചത് അസാമാന്യമായ പക്വതയും നയവും.

സമരക്കാരെ അനുനയിപ്പിക്കാന്‍ പോലീസും റവന്യു ഉദ്യോഗസ്ഥരും പരാജയപ്പെട്ടിടത്താണ് അനുപമ വെന്നിക്കൊടി പാറിച്ചത്. കാറില്‍ നിന്നിറങ്ങിയ കലക്ടറെ കൈയടിയോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. സമരക്കാര്‍ക്ക് പറയാനുള്ളത് ക്ഷമാപൂര്‍വ്വം കേട്ടു നിന്ന കലക്ടര്‍, എല്ലാം ഉടനടി പരിഹരിക്കുമെന്ന നടക്കാത്ത വാഗ്ദാനങ്ങളൊന്നും തന്നെ നല്‍കുന്നില്ലെന്നും, പരമാവധി ശ്രമിക്കുമെന്നും പറഞ്ഞു. കടല്‍ക്ഷോഭ ബാധിത പ്രദേശം സന്ദര്‍ശിക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിച്ച കലക്ടര്‍ എറിയാട് ചന്തക്കടപ്പുറത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
കലക്ട്രേറ്റില്‍ വിളിച്ചു ചേര്‍ത്ത ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും, താത്ക്കാലിക തടയണ, കടല്‍ഭിത്തി പുനര്‍നിര്‍മ്മാണം തുടങ്ങിയ ആവശ്യങ്ങള്‍ പരമാവധി വേഗത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും ഉറപ്പു നല്‍കി.

സമരം അവസാനിപ്പിക്കുകയാണെന്നറിയിച്ച് തീരദേശവാസികള്‍ ഉപരോധം അവസാനിപ്പിച്ചതോടെ കലക്ടര്‍ അനുപമയുടെ അരങ്ങേറ്റം ഗംഭീരമായി എന്ന് പറയാം. കൊടുങ്ങല്ലൂരില്‍ നിന്ന് മടങ്ങിയ കലക്ടറെ അഭിവാദ്യങ്ങളര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ചാണ് സമരക്കാര്‍ യാത്രയാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍