UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൃദയത്തിന് തകരാറുള്ള നവജാത ശിശുവിന്റെ ആദ്യഘട്ട ചികിത്സ വിജയം: അടുത്ത 48 മണിക്കൂര്‍ നിര്‍ണായകം

48 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാകും ശസ്ത്രക്രിയ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ തീരുമാനിക്കുക

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്ന് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ച നവജാതശിശുവിന്റെ ചികിത്സയുടെ ആദ്യഘട്ടം വിജയകരമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യ മന്ത്രി കെ.കെ. ഷൈലജയുടെ ഇടപെടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ ഇന്നലെ പുലര്‍ച്ചെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചത്.

മലപ്പുറം എടക്കര സ്വദേശികളായ ഷാജഹാന്റെയും ജംഷീലയുടെയും രണ്ടു ദിവസം പ്രായമായ കുഞ്ഞിനെയാണ് വിദഗ്ദ്ധ ചികിത്സക്കായി പെരിന്തല്‍മണ്ണയില്‍ നിന്ന് കൊച്ചിയിലെത്തിച്ചത്. ഹൃദയത്തിനും ശ്വാസകോശത്തിനും തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം.

മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്ന് കുഞ്ഞിനെ പുലര്‍ച്ചെ തന്നെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചു. ത്രീവ്രപരിചരണവിഭാഗത്തില്‍ കുട്ടിയ്ക്ക് അടിയന്തര ചികിത്സയും ലഭ്യമാക്കി. ഹൃദയത്തില്‍ നിന്ന് ശ്വാസകോശത്തിലേക്കുള്ള കുഴല്‍ സ്റ്റെന്റ് മുഖേന വികസിപ്പിച്ചു. ഹൃദയത്തില്‍ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തുന്ന കുഴല്‍ ഇല്ലാത്തതതായിരുന്നു കുട്ടിയുടെ പ്രധാന പ്രശ്‌നം. ഇതോടെ ചികിത്സയുടെ ആദ്യഘട്ടം വിജയകരമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 48 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാകും ശസ്ത്രക്രിയ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ തീരുമാനിക്കുക. സഹായം അഭ്യര്‍ത്ഥിച്ച് കുഞ്ഞിന്റെ അമ്മാവന്‍ ഇട്ട ഫേസ്ബുക്ക് കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മന്ത്രി ഇടപെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍