UPDATES

ടി പി വധക്കേസ് പ്രതിയില്‍ നിന്നും രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുത്തു

റെയ്ഡില്‍ കഞ്ചാവും മദ്യക്കുപ്പികളും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം

ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ നടത്തിയ റെയ്ഡില്‍ ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പുലര്‍ച്ചെ നാല് മുതല്‍ തുടങ്ങിയ റെയ്ഡിലാണ് ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തത്. കണ്ണൂരില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗും വിയ്യൂരില്‍ യതീഷ് ചന്ദ്രയുമാണ് റെയ്ഡ് നടത്തിയത്. റെയ്ഞ്ച് ഐജി അശോക് യാദവ്, എസ്പി പ്രതീഷ് കുമാര്‍ എന്നിവരും ഋഷിരാജ് സിംഗിനൊപ്പമുണ്ടായിരുന്നു. 150 പോലീസുകാരാണ് റെയ്ഡില്‍ പങ്കെടുത്തത്.

മൂന്ന് കത്തി, നാല് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ് എന്നിവയാണ് പിടിച്ചെടുത്തത്. വിയ്യൂരിലെ റെയ്ഡില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ഷാഫിയുടെ കയ്യില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. രണ്ട് സ്മാര്‍ട്ട് ഫോണുകളാണ് പിടിച്ചെടുത്തത്. ഷാഫിയില്‍ നിന്നും നേരത്തെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. 2017ല്‍ വിയ്യൂരിലും 2014ല്‍ കോഴിക്കോടും നടന്ന റെയ്ഡുകളിലാണ് ഷാഫിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് എന്ന ആരോപണത്തെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.

റെയ്ഡില്‍ കഞ്ചാവും മദ്യക്കുപ്പികളും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. ജയിലില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടക്കുന്നതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇവിടെ തടവുകാര്‍ പിരിവിട്ട് ടെലിവിഷന്‍ വാങ്ങിയത് വിവാദമായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി ജയിലില്‍ റെയ്ഡ് നടത്തിയത്. ജയില്‍ സൂപ്രണ്ടിനെതിരെ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.

റെയ്ഡിനിടെ കണ്ടെത്തിയ സിംകാര്‍ഡ് ഉപയോഗിച്ച് തടവുകാര്‍ ആരെയൊക്കെ വിളിച്ചുവെന്നറിയാന്‍ പോലീസിന് കൈമാറി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ശുദ്ധീകരിക്കാനുള്ള നടപടിയാണ് താന്‍ തുടങ്ങിയതെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.

read more:കാട്ടാനയെ ഓടിക്കാന്‍ ആദിവാസി വാച്ചര്‍മാര്‍ക്ക് മുളവടി മതിയോ?; വയനാട്ടിലെ കെഞ്ചന്‍റെ ദാരുണമരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍