UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെവിന്റെ കൊലപാതകം: ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ഇരുവരെയും അല്‍പസമയത്തിന് ശേഷം പുനലൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിക്കുമെന്നാണ് അറിയുന്നത്

പ്രണയ വിവാഹത്തിന്റെ പേരില്‍ കോട്ടയം സ്വദേശി കെവിന്‍ പി ജോസഫിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. കെവിനെ തട്ടിക്കൊണ്ട് പോകുകയും കൊലപ്പെടുത്തുകയും ചെയ്ത സംഘത്തിലെ ഡിവൈഎഫ്‌ഐ നേതാവ് ഇടമണ്‍ നിഷാന മന്‍സിലില്‍ നിയാസ്(23), റിയാസ് മന്‍സിലില്‍ റിയാസ്(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ ഇടമണ്‍ 34-ാം യൂണിറ്റ് സെക്രട്ടറിയാണ് നിയാസ്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്ന് ആയി. കെവിനെ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കാറുകളിലൊന്ന് ഓടിച്ചത് നിയാസ് ആയിരുന്നു. എന്നാല്‍ സംഭവത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഇയാളെ ഇന്ന് രാവിലെ പുറത്താക്കി. ഇരുവരെയും അല്‍പസമയത്തിന് ശേഷം പുനലൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിക്കുമെന്നാണ് അറിയുന്നത്. കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ഉള്‍പ്പെടെ 10 പ്രതികളാണുള്ളത്. ഇഷാന്‍ എന്നയാളാണ് നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ളത്.

കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ നാളെ യുഡിഎഫും ബിജെപിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മും ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ചൊവ്വാഴ്ച നടത്താനിരുന്ന എംജി സര്‍വകലാശാല പരീക്ഷകള്‍ക്കൊന്നും മാറ്റമില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് കെവിനെ പത്തംഗം സംഘം കോട്ടയം മാന്നാനത്തെ ബന്ധുവീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയത്. ഇന്ന് രാവിലെ ഒമ്പതരയോടെ തെന്മലയ്ക്ക് സമീപത്തു നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ ബന്ധുക്കളാണ് കെവിനെ തട്ടിക്കൊണ്ട് പോയതും കൊലപ്പെടുത്തിയതുമെന്നാണ് പോലീസിന്റെ നിഗമനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍