ഭരണം മറിക്കാനുള്ള ബിജെപിയുടെ തന്ത്രം പാളിയതോടെയാണ് ഇരുവരും നിലപാട് മാറ്റി സഖ്യസര്‍ക്കാരിലേക്ക് തിരികെ എത്തിയത്
കര്‍ണാടകയിലെ കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാരില്‍ രണ്ട് മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി. കോലാര്‍ മുളബാഗിലുവില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷ്, ഹാവേരി റാണിബെന്നൂരില്‍ നിന്നുള്ള കെപിജെപി എംഎല്‍എ ആര്‍ ശങ്കര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. 34 അംഗ മന്ത്രിസഭയില്‍ ഇനി ഒരു സ്ഥാനം കൂടിയാണ് ബാക്കിയുള്ളത്. ഇത് ദളിന്റെ സീറ്റാണ്. കോണ്‍ഗ്രസില്‍ ചേരുമെന്ന് കെപിജെപി എംഎല്‍എ ആര്‍ ശങ്കര്‍ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് 22ഉം ജെഡിഎസിന് 12 മന്ത്രിമാരുമാണ് ഉള്ളത്. സഖ്യസര്‍ക്കാര്‍ മന്ത്രിസഭയില്‍ തുടക്കത്തില്‍ ആര്‍ ശങ്കര്‍ അംഗമായിരുന്നു. പിന്നീട് നാഗേഷും ശങ്കറും ബിജെപിയുടെ ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി അറിയിച്ചു.
ഭരണം മറിക്കാനുള്ള ബിജെപിയുടെ തന്ത്രം പാളിയതോടെയാണ് ഇരുവരും നിലപാട് മാറ്റി സഖ്യസര്‍ക്കാരിലേക്ക് തിരികെ എത്തിയത്. ഇതോടെ കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ മറിച്ചിടാനുള്ള ബിജെപി നീക്കം പാളുകയാണ്. അതേസമയം ഇവരെ ക്യാബിനറ്റ് മന്ത്രിമാരാക്കിയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഇരുവരുടെയും വിശ്വാസ്യതയില്‍ പാര്‍ട്ടി അംഗങ്ങള്‍ സംശയമുന്നയിക്കുന്നുണ്ട്.